ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ (UIDAI) അടുത്തിടെ പുറത്ത് വിപണികളിൽ നിർമ്മിച്ച് നൽകുന്ന ആധാർ പിവിസി കാർഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് പല സുരക്ഷാ പ്രശ്നങ്ങളുമുണ്ടാക്കുമെന്നാണ് യുഐഡിഎഐ മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇത് തടയുന്നതിനായി യുഐഡിഎഐ തന്നെ അടുത്തിടെ ആധാർ പിവിസി (Aadhaar PVC) കാർഡുകൾ പുറത്തിറക്കുകയും ചെയ്തു. ഇവ വളരെ സുരക്ഷിതമാണ്. കൂടാതെ സർക്കാർ പിന്തുണയുള്ള യുഐഡിഎഐ ആളുകൾ നൽകുന്ന ഓർഡർ അനുസരിച്ച് അവരുടെ വീടുകളിലേക്ക് നേരിട്ട് കാർഡ് അയയ്ക്കുകയും ചെയ്യുന്നു. യുഐഡിഎഐ അവതരിപ്പിച്ച ആധാറിന്റെ (Aadhaar) ഏറ്റവും പുതിയ രൂപമാണ് ആധാർ പിവിസി കാർഡ്. ഇത് കൂടാതെ, യുഐഡിഎഐ നേരത്തെ അവതരിപ്പിച്ചിട്ടുള്ള ആധാർ ലെറ്റർ, ഇ ആധാർ, എം ആധാർ എന്നിവയുടെ രൂപങ്ങളിലും ആധാർ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.
“വിപണിയിൽ നിന്നുള്ള പിവിസി ആധാർ കാർഡുകളുടെ ഉപയോഗം ഞങ്ങൾ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. കാരണം അവ ഒട്ടും സുരക്ഷിതമല്ല. 50 രൂപ (ജിഎസ്ടി, സ്പീഡ് പോസ്റ്റ് ചാർജുകൾ ഉൾപ്പെടെ) അടച്ചാൽ നിങ്ങൾക്കും ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യാം," യുഐഡിഎഐ അടുത്തിടെ ഒരു ട്വീറ്റിൽ പറഞ്ഞു.
ജനുവരി 20ലെ മറ്റൊരു ട്വീറ്റിൽ, യുഐഡിഎഐ പിവിസി ആധാർ കാർഡിന്റെ മറ്റ് ചില നേട്ടങ്ങളും വിവരിച്ചിരുന്നു. “ആധാർ പിവിസി കാർഡ് വെള്ളത്തിൽ വീണാലും നനയില്ല. മികച്ച നിലവാരമുള്ള പ്രിന്റിംഗും ലാമിനേഷനും ആയതിനാൽ മഴ നനഞ്ഞാൽ പോലും കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയില്ലാതെ നിങ്ങൾക്ക് എപ്പോഴും എല്ലായിടത്തും കൊണ്ടു നടക്കാം" യുഐഡിഎഐ ട്വീറ്റിൽ പറഞ്ഞു.
ഈ ആധാർ കാർഡ് കൊണ്ടുനടക്കാനും വളരെ എളുപ്പമാണ്. ഈ പിവിസി ആധാർ കാർഡിന് ഒന്നിലധികം സുരക്ഷാ ഫീച്ചറും ഫോട്ടോയും ഡെമോഗ്രാഫിക് വിശദാംശങ്ങളുമടക്കം ഡിജിറ്റൽ ഒപ്പിട്ട സുരക്ഷിത ക്യുആർ കോഡുമുണ്ട്.
യുഐഡിഎഐ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ആധാർ നമ്പർ, വെർച്വൽ ഐഡി അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി എന്നിവ ഉപയോഗിച്ച് uidai.gov.in അല്ലെങ്കിൽ Resident.uidai.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പിവിസി കാർഡ് ഓർഡർ ചെയ്യാവുന്നതാണ്.
ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾയുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, നിങ്ങൾക്ക് ആധാർ പിവിസി കാർഡ് എങ്ങനെ ഓർഡർ ചെയ്യാം എന്ന് നോക്കാം:
- https://uidai.gov.in അല്ലെങ്കിൽ https://resident.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- “ഓർഡർ ആധാർ കാർഡ്” (“Order Aadhaar Card") എന്ന സേവനത്തിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ 12 അക്ക ആധാർ നമ്പർ (UID) അല്ലെങ്കിൽ 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ നമ്പർ (VID) അല്ലെങ്കിൽ 28 അക്ക എൻറോൾമെന്റ് ഐഡി നൽകുക.
- സുരക്ഷാ കോഡ് നൽകുക.
- നിങ്ങൾക്ക് TOTP ഉണ്ടെങ്കിൽ, ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്ത് “I have TOTP" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- “Request OTP" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP/TOTP നൽകുക.
- “Terms and Conditions" എന്ന ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക.
- OTP/TOTP പരിശോധന പൂർത്തിയാക്കാൻ “Submit" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അടുത്ത സ്‌ക്രീനിൽ, റീപ്രിന്റിനായി ഓർഡർ നൽകുന്നതിന് മുമ്പ് സ്ഥിരീകരണത്തിനായി ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ ദൃശ്യമാകും.
- “Make payment" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ എന്നിവയിൽ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. തുടർന്ന് പേയ്‌മെന്റ് ഗേറ്റ്‌വേ പേജിലേക്ക് റീഡയറക്‌ട് ചെയ്യും. പേയ്‌മെന്റ് പൂർത്തിയാക്കിയതിന് ശേഷം പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീത് ജനറേറ്റ് ചെയ്യപ്പെടും. എസ്എംഎസ് വഴി സേവന അഭ്യർത്ഥന നമ്പറും (Service Request Number) ലഭിക്കും.
ആധാർ കാർഡ് അയയ്ക്കുന്നത് വരെ SRN വഴി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനാകും. ആധാർ പിവിസി അയച്ചു കഴിഞ്ഞാൽ AWB നമ്പർ അടങ്ങിയ ഒരു SMS കൂടി അയയ്‌ക്കും. തുടർന്ന് നിങ്ങൾക്ക് ഡെലിവറി സ്റ്റാറ്റസും ട്രാക്ക് ചെയ്യാനാകും.
ഓരോ ഇന്ത്യൻ പൗരനും തനതായ തിരിച്ചറിയൽ നമ്പർ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ആധാർ നടപ്പാക്കിയത്. നിരവധി സർക്കാർ, സ്വകാര്യ പദ്ധതികളുടെ പ്രയോജനങ്ങൾ ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിലെ 12 അക്ക തിരിച്ചറിയൽ നമ്പർ ആവശ്യമാണ്.
ആധാർ കാർഡിന്റെ ഇലക്ട്രോണിക് പകർപ്പാണ് ഇ-ആധാർ. ഇ-ആധാർ ഒരു പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിക്കാം. കൂടാതെ ഇത് ആധാർ കാർഡിന്റെ ഫിസിക്കൽ പകർപ്പ് പോലെയും ഉപയോഗിക്കാം. UIDAI- യുടെ ഔദ്യോഗിക പോർട്ടലായ uidai.gov.in അല്ലെങ്കിൽ eaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ ഇ-ആധാറിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും.
UIDAI പോർട്ടലിൽ നിന്ന് നിങ്ങളുടെ 28 അക്ക എന്റോൾമെന്റ് നമ്പറും നിങ്ങളുടെ മുഴുവൻ പേരും പിൻ കോഡും നൽകിയോ അല്ലെങ്കിൽ 14 അക്ക ആധാർ നമ്പർ നൽകിയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന ഇ-ആധാർ ഡൗൺലോഡ് ചെയ്യാം. ഈ രണ്ട് രീതികൾ പിന്തുടർന്നാലും ഒരു OTP നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സ്ഥിരീകരണത്തിനായി അയയ്ക്കും. കൂടാതെ, വെബ്‌സൈറ്റിൽ ഇ-ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു നിശ്ചിത സമയം അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ പാസ്വേർഡും (TOTP) സൃഷ്ടിക്കാൻ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.