ഇനി മത്സരം കടുക്കും; ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ആമസോണും

ഊബർ ഈറ്റ്സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്

news18
Updated: July 29, 2019, 7:23 PM IST
ഇനി മത്സരം കടുക്കും; ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ആമസോണും
ആമസോൺ ലോഗോ
  • News18
  • Last Updated: July 29, 2019, 7:23 PM IST
  • Share this:
ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണവിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ആമസോൺ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഐടി വ്യവസായി നാരായണ മൂർത്തി സ്ഥാപിച്ച കാറ്റമാരൻ കമ്പനിയുമായി ചേർന്നാണ് ആമസോൺ പ്രവർത്തിക്കുക. ഭക്ഷണവിതരണ സംവിധാനത്തിലേക്ക് ജീവനക്കാരുടെ നിയമന നടപടികൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സെപ്തംബറിൽ തുടങ്ങുന്ന ഉത്സവ സീസണ് മുന്നോടിയായി പുതിയ സംവിധാനം ആരംഭിക്കാനാണ് ആമസോൺ തയാറെടുക്കുന്നത്. ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണവിതരണരംഗത്ത് വലിയതോതിലുള്ള കുതിച്ചുചാട്ടം ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. 2018ൽ മാത്രം ഓൺലൈൻ ഓർഡറുകളുടെ എണ്ണത്തിൽ 176 ശതമാനം വർധനയാണുണ്ടായെന്ന് റെഡ്സീർ കൺസൾട്ടിംഗ് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. സ്വിഗ്ഗിയും സൊമാറ്റോയും ഉൾപ്പെടെയുള്ള കമ്പനികളാണ് വിപണിയിൽ ആധിപത്യം തുടരുന്നത്.

2017ലാണ് ഇന്ത്യയിൽ ഊബർ ടെക്നോളജീസ് ഓൺലൈൻ ഭക്ഷണവിതരണം ആരംഭിച്ചത്. ഊബർ ഈറ്റ്സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആമസോൺ അധികൃതർ ചർച്ചകൾ നടത്തിവരികയാണെന്ന് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കാറ്റമാരൻ കമ്പനി അധികൃ‍തർ ഇതിനോട് പ്രതികരിക്കാൻ തയാറായിട്ടില്ല. ഊബറിന്റെ എതിരാളി 'ഒല'യും ഫുഡ്പാണ്ടയിലൂടെ ഭക്ഷണ വിതരണ രംഗത്തേക്ക് വന്നിരുന്നു.

മത്സരം കടുത്തതോടെ ആമസോൺ അമേരിക്കയിലെ ഭക്ഷണ വിതരണം കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ പുതിയ സംവിധാനം ആരംഭിക്കുന്നത് ആമസോണിന് ഗുണം ചെയ്യുമെന്നാണ് നിഗമനം. 2016ലാണ് ആമസോൺ ഇന്ത്യയിൽ പ്രൈം സർവീസ് ആരംഭിച്ചത്. വീഡിയോകളും സിനിമകളും കൂടാതെ വിവിധ ഉൽപന്നങ്ങളുടെ ഓൺലൈൻ വിൽപനയും രാജ്യത്തെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. വാൾമാർട്ടിന്റെ ഫ്ളിപ്പ് കാർട്ടുമായി ഇന്ത്യൻ വിപണി വിഹിതം പിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ആമസോൺ. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഇരു കമ്പനികളും വ്യത്യസ്ത ഓഫറുകളുമായി രംഗത്തുണ്ട്.

First published: July 29, 2019, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading