രാജ്യത്ത് അടുത്ത സാമ്പത്തിക വർഷത്തിൽ 5ജി ടെലികോം സേവനങ്ങൾ (5G Telecom Services) സർക്കാർ അവതരിപ്പിക്കുമെന്ന് 2022 ലെ ബജറ്റ് (Budget 2022) പ്രസംഗ വേളയിൽ ധനമന്ത്രി നിർമല സീതാരാമൻ (Nirmala Seetharaman) പ്രഖ്യാപിച്ചു. ഇതിന് വേണ്ടിയുള്ള സ്പെക്‌ട്രം ലേലം 2022-2023 സാമ്പത്തിക വർഷത്തിൽ നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളം മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ഇന്റർനെറ്റ് സമ്പദ്‌വ്യവസ്ഥയെ ഫലപ്രദമായി വികസിപ്പിക്കുന്നതിനുമായി 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞു.
2022-ൽ ഇന്ത്യയിൽ 5ജി ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് വന്ന റിപ്പോർട്ടകൾ പ്രകാരം, രാജ്യത്തുടനീളമുള്ള 13 നഗരങ്ങളിൽ ആയിരിക്കും തുടക്കത്തിൽ 5ജി സേവനങ്ങൾ ലഭ്യമാവുക.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നീ 13 നഗരങ്ങളിലായിരിക്കും ആദ്യം 5ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാവുക. ജിയോ, എയർടെൽ, വിഐ (വോഡഫോൺ ഐഡിയ) തുടങ്ങിയ മൂന്ന് മുൻനിര ടെലികോം സേവനദാതാക്കളും ഈ നഗരങ്ങളിൽ ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
Also Read- Union Budget 2022 | 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍'; ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും
തദ്ദേശീയമായുള്ള 5ജിയുടെ (/Topic/5g) കാര്യക്ഷമതയും പ്രവർത്തനക്ഷമതയും പരിശോധിക്കാനുള്ള ( ടെസ്റ്റ് ബെഡ്) പദ്ധതിയിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) എട്ട് ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. 2018ൽ ആരംഭിച്ച പദ്ധതി 2021 ഡിസംബർ 31 ഓടെ ഏകദേശം പൂർത്തിയായി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ബോംബെ, ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബാംഗ്ലൂർ, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ആൻഡ് റിസർച്ച് (SAMEER), സെന്റർ ഓഫ് എക്‌സലൻസ് ഇൻ വയർലെസ് ടെക്‌നോളജി (CEWiT) എന്നിവയാണ് പദ്ധതിയുടെ ഭാഗമായ 8 ഏജൻസികൾ.
“224 കോടി രൂപ ചെലവ് വരുന്ന ഈ പ്രോജക്റ്റ് 2021 ഡിസംബർ 31നകം പൂർത്തിയാകാൻ സാധ്യതയുണ്ട്. ഇത് 5ജി ഉപകരണങ്ങളുടെയും നെറ്റ്‌വർക്ക് ഉപകരണങ്ങളുടെയും എൻഡ്-ടു-എൻഡ് ടെസ്റ്റിംഗിന് വഴിയൊരുക്കും. തദ്ദേശീയ സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, അക്കാദമിക്, വ്യവസായം എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് ഇത് ഗുണം ചെയ്യുമെന്നും" ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2021 സെപ്റ്റംബറിൽ, 5ജിയ്ക്കായി സ്പെക്‌ട്രം ലേലം ചെയ്യുന്നതിനുള്ള ശുപാർശകൾ തേടി ട്രായിക്ക് ഒരു റഫറൻസ് അയച്ചിരുന്നതായും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചിരുന്നു. റിസർവ് വില, ബാൻഡ് പ്ലാൻ, ബ്ലോക്ക് സൈസ്, സ്പെക്‌ട്രത്തിന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ശുപാർശ തേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Budget 2022, FM Nirmala Sitharaman, FM Nirmala sitharaman speech, Union Budget 2022