• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ദയവു ചെയ്ത് ഈ ഫബ്ബിങ് ഒന്ന് നിർത്തുമോ ?

news18india
Updated: July 22, 2018, 4:49 PM IST
ദയവു ചെയ്ത് ഈ ഫബ്ബിങ് ഒന്ന് നിർത്തുമോ ?
news18india
Updated: July 22, 2018, 4:49 PM IST
#റോബിൻ മാത്യു

കേരളത്തിലെ അതിപ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നിൽ ഞാൻ ഒരു സെമിനാർ അവതരിപ്പിക്കുവാൻ പോയി. സെമിനാർ വിഷയം സൈബർ സൈക്കോളജി. എന്‍റെ ക്ലാസ് തുടങ്ങി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു അധ്യാപകൻ സെമിനാർ ഹാളിലേക്ക് കയറിവന്നു. ഫോണിൽ നോക്കി കൊണ്ടാണ് അദ്ദേഹം കയറിവന്നത് തന്നെ. ഒത്തനടുക്ക് ഒരു കസേര വലിച്ചിട്ട് അടുത്ത ഒരു മണിക്കൂർ ഫോണിൽ നിന്ന് മുഖമുയർത്താതെ അദ്ദേഹം ബാക്കിയുള്ളവർക്ക് മാതൃകയായി. ഫോണുകൾ ഉണ്ടാക്കുന്ന മാനസിക, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് ഡിജിറ്റൽ ലോകത്തിന്‍റെ മാസ്മരികതയിൽ നീന്തിതുടിച്ചു കൊണ്ടിരുന്ന അദ്ദേഹം കേട്ടിട്ടുണ്ടാകില്ല.

സെൽ ഫോൺ/ ഫേസ്‌ബുക്ക് അഡിക്ഷൻ തന്നെയാണ് കുട്ടികളുടെ മുൻപിൽ ക്ഷണിക്കപ്പെട്ട ഒരു പ്രസംഗകനോട് ഇത്രയും അപമര്യാദയായി പെരുമാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നുവേണം കരുതാൻ. ഫബ്ബിങ്(Phubbing) എന്നൊരു വാക്ക് വളരെയടുത്താണ് ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ചേർത്തത്. ഓസ്‌ട്രേലിയയിലെ മാക്ക്യുർ ഡിക്ഷണറി ആണ് ഈ വാക്കിന്‍റെ ഉപജ്ഞാതാക്കൾ. വളരെ അടുത്തുള്ള ആളുകളെ, അതും സുഹൃത്തുക്കളെ പാടെ അവഗണിച്ചു ആയിരകണക്കിന് അകലെയുള്ള സൈബർ സ്പേസിലുള്ള തന്‍റെ ഡിജിറ്റൽ സുഹൃത്തിനോട് സംവദിക്കുന്നതിനെയാണ് ഫബ്ബിങ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

മദ്യം, മയക്കുമരുന്ന് തുടങ്ങിയവുടെ പ്രഭാവത്തിൽ സ്വയം മറന്ന് ചെയ്യാൻ പാടില്ലാത്ത പലതും ആളുകൾ ചെയ്യും. സെൽഫോൺ അടിമത്തം മൂലം നമ്മൾ എന്തൊക്കെ അരുതായ്കകൾ ചെയ്യുന്നുവെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല. മനുഷ്യബന്ധങ്ങളിൽ സാങ്കേതികവിദ്യയുടെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ അവ സാമൂഹികബന്ധങ്ങളിൽ മാത്രമല്ല മാനസികാരോഗ്യത്തിലും മുറിവുകൾ സൃഷ്ടിക്കും. കുടുംബപ്രശ്നങ്ങളിലെ മൂന്ന് പ്രധാന കാരണങ്ങളിൽ ലൈംഗികത, കുട്ടികൾ, പണം എന്നിവയായിരുന്നുവെങ്കിൽ ഇപ്പോൾ സെൽഫോൺ ആണ് പ്രധാനകാരണം.

കുടുംബബന്ധങ്ങളിലെ ചെറിയ സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലായ്മകളും തമാശകളും ഒന്നും ആസ്വദിക്കാനോ അവയെ വിലമതിക്കുവാനോ തയ്യാറാകാതെ, എപ്പോഴും ഓൺലൈനായി നിന്ന്, സാമൂഹ്യമാധ്യമങ്ങളിലെ, തങ്ങളുടെ ചിത്രങ്ങൾക്ക് കിട്ടുന്ന കമന്‍റുകൾ പരിശോധിക്കുവാനും ലൈക്കുകൾഎണ്ണുവാനുമാണ് ഇപ്പോൾ ഭാര്യാഭർത്താക്കന്മാർ വെമ്പുന്നത്. തങ്ങളുടെ ഡിജിറ്റൽ വ്യക്തിത്വം പരിപോഷിപ്പിക്കുവാൻ അവർ കാണിക്കുന്ന ജാഗ്രത അവരുടെ കുടുംബഭദ്രതയെ തകർക്കുന്നത് അവർ അറിയുമ്പോഴേക്കും വളരെ താമസിച്ചു പോയിരിക്കും.

നിങ്ങൾ നിങ്ങളുടെ സ്മാർട്ട് ഫോണുമായി പ്രണയത്തിലാണോ? അമേരിക്കയിലെ പ്രശസ്തമായ രണ്ടു സർവ്വകലാശാലകൾ നടത്തിയ പഠനത്തിൽ 75% സ്ത്രീകളും തങ്ങളുടെ കുടുംബജീവിതത്തെ തെറ്റായ ദിശയിലേക്ക് സ്വാധീനിക്കുന്ന മൂന്നാംശക്തിയായി സെൽഫോണിനെ വിലയിരുത്തുന്നു. സ്മാർട്ട് ഫോൺ നൽകുന്ന സ്വകാര്യത, എപ്പോഴും ലഭിക്കുന്ന ഇന്‍റർനെറ്റ്‌ കണക്റ്റിവിറ്റി, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളോടുള്ള ആസക്തി, ചാറ്റുകൾ, ഏറ്റവും സുഗമമായ ആശയവിനിമയ സൗകര്യങ്ങൾ, വിനോദ - ലൈംഗിക ഉത്തേജന ഉപാധികൾ അങ്ങനെ അവസരങ്ങളുടെ വല്യ ഒരു സാഗരം തന്നെ സെൽഫോൺ ചെറുപ്പക്കാർക്ക് തുറന്നുകൊടുക്കുന്നു.

ഫ്രാൻസിൽ നടന്ന ഒരു സർവ്വേയിൽ 27% യുവതികൾ തങ്ങൾ സെൽഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതിനു വേണ്ടി സെക്സ് വരെ ഉപേക്ഷിക്കുവാൻ തയ്യാറാണെന്ന് പറയുന്നു. എന്നാൽ അതിലും രസകരവും അതേസമയം ഞെട്ടിക്കുന്നതുമായ വെളിപെടുത്തലുകൾ നടത്തിയത് ബ്രിട്ടണിലെ യുവതികളാണ്. സർവ്വേയിൽ പങ്കെടുത്ത 23% യുവതികളും സെക്സിന്‍റെ സമയത്ത് പോലും തങ്ങൾ ഫേസ്ബുക്ക് തിരയാറുണ്ടെന്ന് വെളിപ്പെടുത്തി. ഇതിൽനിന്നും ഒരുപാട് അകലെയൊന്നുമല്ല നമ്മുടെ നാട്ടിലെയും അവസ്ഥ. മുഖാമുഖാമുള്ള ഇടപെടലുകൾ തീർത്തും കുറഞ്ഞു വരുന്നു. പലപ്പോഴും വീടുകളിൽ ഭക്ഷണം കഴിക്കുന്നത്‌ പോലും സെൽഫോണിൽ നോക്കികൊണ്ടാണ്.
Loading...

പ്രേമസല്ലാപങ്ങൾക്കിടയിലും ഗൗരവമേറിയ ചർച്ചകൾക്കിടയിലും ഇടയ്ക്കിടയ്ക്ക് ഫോണിൽ പരതുന്നത് മറ്റുള്ളവർക്ക് അരോചകമാവുന്നു. തങ്ങളെ പൂർണമായി ഭർത്താവ്/ ഭാര്യ ശ്രദ്ധിക്കുന്നില്ല എന്നും തങ്ങൾ അവഗണിക്കപെടുന്നു എന്നുമുള്ള തോന്നലുകളും രൂപപ്പെടുന്നു. പങ്കാളികൾ പരസ്പരം സംശയിക്കുവാനും ബന്ധങ്ങൾ ശിഥിലമാകുവാനും ഇത് കാരണമാകുന്നു. ദിനംപ്രതി വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ പഠന വിധേയമാക്കുമ്പോൾ ഒരു കാര്യം വളരെ വ്യക്തമാകുന്നു, സെൽഫോണും ഫേസ്ബുക്കും തുറന്നു കൊടുക്കുന്ന അവസരങ്ങളുടെ വാതായാനങ്ങൾ യാഥാർഥ്യത്തിൽ നിന്നും വളരെയകലെ നിൽക്കുന്ന നിറം പിടിപ്പിച്ച പ്രൊഫൈൽ ചിത്രങ്ങളും പൊങ്ങച്ചങ്ങളും ലോപമില്ലാതെ വാഗ്ദാനം ചെയ്യപ്പെടുന്ന സ്നേഹങ്ങളും അലിവും സാന്ത്വനവുമെല്ലാം വിവാഹബന്ധങ്ങളുടെ കടയ്ക്കൽ തന്നെയാണ് കോടാലി വെച്ചിരിക്കുന്നത്.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കിടപ്പുമുറികളിലെ പരിഭവങ്ങൾ, നർമ്മസല്ലാപങ്ങൾ, ഫലിതങ്ങൾ, സ്നേഹലാളനങ്ങൾ എല്ലാം ഇപ്പോൾ സെൽഫോണും ഫേസ്ബുക്കും മൂലം അന്യംനിന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. ഇ മെയിലുകൾ, മെസേജുകൾ, ജോലിസംബന്ധമായ അറിയിപ്പുകൾ, ട്വീറ്റുകൾ, വാട്സ് ആപ്പ് മെസേജുകൾ, ഫേസ്ബുക്ക്, ലൈക്കുകൾ, കമന്‍റുകൾ, ചർച്ചകൾ, ഗ്രൂപ്പ് ചാറ്റുകൾ, ഫലിതങ്ങൾ, വിഡിയോകൾ അങ്ങനെ നൂറു കണക്കിന് കാര്യങ്ങളുമായി ഒരിക്കലും വിടുതൽ പ്രാപിക്കുവാൻ സാധിക്കാത്തവിധം സെൽഫോൺ നിങ്ങളെ വലിച്ചടുപ്പിക്കുന്നു. അടുത്തതവണ നിങ്ങളുടെ സുഹൃത്ത് നിങ്ങളോട് സംസാരിക്കാതെ ഫോണിൽ ചിക്കി ചികയുമ്പോൾ ധൈര്യപൂർവം പറയുക, ദയവു ചെയ്തു ഈ ഫബ്ബിങ് ഒന്ന് നിർത്തുമോ....
First published: July 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...