ശ്രീഹരിക്കോട്ട: കാത്തിരിപ്പിനൊടുവിൽ ആ അഭിമാനനിമിഷം വീണ്ടും അടുത്തെത്തിയിരിക്കുകയാണ്. ചരിത്ര യാത്രക്കുള്ള ഒരാഴ്ചത്തെ കൂടി കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രനിലേക്ക് കുതിക്കും. ഇന്ന് ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യയുടെ അഭിമാന പേടകം കുതിച്ചുയരും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ തുടരുകയാണ്.
ലോഞ്ച് റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ കൗണ്ട് ഡൗൺ തുടരുകയാണ്. കഴിഞ്ഞ് 15ന് നടക്കേണ്ടിയിരുന്ന ദൗത്യം അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വിക്ഷേപണം ഒരാഴ്ച വൈകിയെങ്കിലും നിശ്ചയിച്ചതുപോലെ സെപ്റ്റംബർ ആറിനുതന്നെ ചന്ദ്രനിൽ ഇറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഐ.എസ്.ആര്.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ ദൗത്യമാണ് ചന്ദ്രയാൻ 2 . ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിൽ എത്തിക്കുന്നത് ബാഹുബലിയെന്നു ഇരട്ടപ്പേരുള്ള ജി.എസ്.എല്‍ വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. വിക്ഷേപിച്ചു പതിനാറാം മിനിറ്റിൽ പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലെത്തും. പിന്നീട് തുടർച്ചയായി ഭ്രമണപഥം ഉയർത്തിയാണ് പേടകത്തെ ചന്ദ്ര മണ്ഡലത്തിൽ എത്തിക്കുന്നത്. വിക്രം ലാൻഡർ പേടകത്തിൽ നിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്ത ചിത്രങ്ങൾ പകർത്തും.
ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ ഇറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചാരം നടത്തും. ഇന്നോളം മനുഷ്യൻ അറിഞ്ഞിട്ടില്ലാത്ത ചന്ദ്ര രഹസ്യങ്ങൾ പ്രഗ്യാൻ ഭൂമിയിലേക്ക് അയയ്ക്കും. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചന്ദ്രയാൻ ഒന്ന് പേടകമായിരുന്നു. 978 കോടി ചെലവ് വരുന്ന ചന്ദ്രയാൻ വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ . ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.