ബംഗളൂരു: ചന്ദ്രയാൻ 2 ന്റെ സോഫ്റ്റ് ലാൻഡിംഗ് ദൗത്യം വിജയകരമായില്ലെങ്കിലും ഇതിനായുള്ള തുടർ ശ്രമങ്ങൾ ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. ചന്ദ്രോപരിതലത്തിലേക്ക് അടുത്ത വർഷം അവസാനത്തോടെ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നാണ് ഇസ്രോയെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ വരുന്നത്.നിർദ്ദിഷ്ട ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട് വിശദമായി റിപ്പോർട്ട് തയ്യാറാക്കാൻ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്.സോമനാഥന്റെ അധ്യക്ഷതയിൽ ഒരു ഉന്നതതല കമ്മിറ്റിക്കും ഇന്‍ഡ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ രൂപം നൽകിയിട്ടുണ്ട്.
' പാനലിന്റെ റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും അടുത്ത വർഷം അവസാനത്തോടെ ദൗത്യം തയ്യാറാകണമെന്ന മാർഗനിർദേശവും നൽകിയിട്ടുണ്ടെ'ന്നാണ് ഇസ്രോയിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്. ' റോവർ, ലാൻഡർ, ലാൻഡിംഗ് ഓപ്പറേഷൻ എന്നിവയിലാകും ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.. ചന്ദ്രയാന്‍ 2 ലുണ്ടായിരുന്ന എല്ലാ പോരായ്മകളും അടുത്ത ദൗത്യത്തിൽ പരിഹരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 അന്തിമ ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കവെ ലാൻഡറുമായുള്ള കമ്മ്യൂണിക്കേഷൻ നഷ്ടപ്പെടുകയായിരുന്നു. അന്തിമ ഘട്ടത്തിലെത്തും വരെ വിജയകരമായി മുന്നേറിയ ദൗത്യത്തിലെ പോരായ്മകൾ കണ്ടെത്തി വീണ്ടും ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 2020 നവംബറോടെ ചന്ദ്രനിൽ വീണ്ടും സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ദൗത്യത്തിലാണ് ഇസ്രോ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chandrayaan-2, Chandrayaan-2 Mission, Isro