ശ്രീഹരിക്കോട്ട(ആന്ധ്രാ പ്രദേശ്): ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചത് അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്ന് .
ലോഞ്ച് വെഹിക്കിളായ ജി.എസ്.എല്‍വി മാര്‍ക്ക് 3 റോക്കറ്റിനുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയതെന്ന് ഐ.എസ്.ആര്.ഒ ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ ശേഷിക്കെയാണ് പിഴവ് കണ്ടെത്തിയത്. പുതിയ തീയതിപിന്നീട് പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രയോജനിക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ജി.എസ്.എല്‍വി മാര്‍ക്ക് 3 ലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസും റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റില്‍ നിറച്ചിരിക്കുന്ന ക്രയോജനിക് ഇന്ധനം പൂര്‍ണമായും മാറ്റിയ ശേഷമെ പിഴവ് പരിഹരിക്കാന്‍ സാധിക്കൂ. ഇതിന് പത്ത് ദിവസത്തോളം വേണ്ടി വരും. അതിനു ശേഷം വിക്ഷേപണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 2:51 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും 3,850 കിലോ ഭാരമുള്ള ബഹിരാകാശ പേടകം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് 56:24 മിനിട്ട് ശേഷിക്കെയാണ് സാങ്കേതിക പിഴവ് കണ്ടെത്തിയതും കൗണ്ട് ഡൗണ്‍ നിർത്തിവച്ചതും. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചെന്ന അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്.
2019 ജനുവരിയില്‍ ചന്ദ്രയാൻ 2 വിക്ഷേപിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദൗത്യം നീട്ടിവച്ചു. പിന്നീട് ഏപ്രിലില്‍ വിക്ഷേപണം തീരുമാനിച്ചെങ്കിലും ലാന്‍ഡറില്‍ തകരാര്‍ കണ്ടെത്തി. ഇതു പരിഹരിച്ച ശേഷമാണ് ജൂലൈയില്‍ വിക്ഷേപണ തീയതി തീരുമാനിച്ചത്. തിങ്കളാഴ്ചത്തെ വിക്ഷേപണം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാമെന്നായിരുന്നു ഐ.എസ്.ആര്.ഒയുടെ കണക്കുകൂട്ടല്‍.
Also Read
ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.