ഒരു വാട്‌സ് ആപ്പ് തീരുവ മതി, രാജ്യം കത്താന്‍

സാമ്പത്തിക പ്രതിസന്ധി പൊട്ടിത്തെറിയിലേക്കു നീങ്ങുന്നത് അരിയില്ലാതാകുമ്പോള്‍ മാത്രമല്ലെന്നു പഠിപ്പിക്കുകയാണ് ലബനന്‍. മാസങ്ങളായി പെന്‍ഷനും ശമ്പളവും മുടങ്ങിയ ലബനനില്‍ വാട്‌സ് ആപ്പിന് തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് കലാപം ആരംഭിച്ചത്.

news18-malayalam
Updated: October 18, 2019, 11:53 AM IST
ഒരു വാട്‌സ് ആപ്പ് തീരുവ മതി, രാജ്യം കത്താന്‍
Lebanon-Protests
  • Share this:
സാമ്പത്തിക പ്രതിസന്ധി പൊട്ടിത്തെറിയിലേക്കു നീങ്ങുന്നതു ചിലപ്പോള്‍ വാട്‌സ് ആപ്പിന് ഏര്‍പ്പെടുത്തുന്ന തീരുവയുടെ പേരിലായിരിക്കും. ഇങ്ങനെയൊരു മുന്നറിയിപ്പുനല്‍കുകയാണ് ലബനന്‍. പെന്‍ഷന്‍ മുടങ്ങിയിട്ട് ഒന്‍പതു മാസമായി. ആറുമാസമായി പലര്‍ക്കും ശമ്പളം കിട്ടുന്നതു പൊട്ടും പൊടിയുമായിട്ടാണ്. റൊട്ടിക്കും അരിക്കും ഒരുവര്‍ഷത്തിനിടെ വില മൂന്നുമടങ്ങായി. കൂലിപ്പണിക്കാര്‍ക്കുള്ള വേതനം 35 ശതമാനം വരെയായി കുറഞ്ഞു.

എന്നിട്ടൊന്നും പൊട്ടിത്തെറിക്കാതിരുന്ന ലബനന്‍ കഴിഞ്ഞ 48 മണിക്കൂറായി കത്തിയെരിയുകയാണ്. 15 വര്‍ഷം നീണ്ട ആഭ്യന്തരം യുദ്ധം 1990ല്‍ അവസാനിച്ച ശേഷം ആദ്യ സംഭവം. നൂറുകണക്കിനു ചെറുപ്പക്കാര്‍ ലബനന്‍ തെരുവുകളിലിറങ്ങി കണ്ണില്‍കണ്ടതിനെല്ലാം തീയിട്ടുകൊണ്ടിരിക്കുന്നു. പൊതുസ്ഥാപനങ്ങള്‍ കത്തിക്കുന്നു. ഓടുന്ന സര്‍ക്കാര്‍ വാഹനങ്ങല്‍ക്കു നേരെ പെട്രോള്‍ ബോംബ് എറിയുന്നു. പെട്ടെന്നുണ്ടായ കാരണം വാട്‌സ് ആപ്പ് തീരുവയാണ്.

ദിവസത്തെ ആദ്യ വാട്‌സ് ആപ് വിളിക്ക് 20 അമേരിക്കന്‍ സെന്റ് ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുവ. ലാന്‍ഡ് ഫോണുകളും മൊബൈല്‍ വിളികളും താങ്ങാന്‍ വയ്യാതെ ജനം വാട്‌സ് ആപ് കോളുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന രാജ്യമാണ്. രായ്ക്കുരാമാനം കലാപം തുടങ്ങി. തീരുവ പിന്‍വലിച്ചിട്ടും ലബനന്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറായിട്ടും നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

എന്തുകൊണ്ട് വാട്‌സ് ആപ് കലാപം?

ലബനന്റെ വളര്‍ച്ചാ നിരക്ക് 0.3% മാത്രമാണ്. ഏറ്റവും കൂടുതല്‍ കടമുള്ള രാജ്യങ്ങളിലൊന്ന്. വ്യാപാരക്കമ്മി എന്ന സിഎഡി മൊത്തം ഉത്പാദനത്തിന്റെ 30 ശതമാനമുള്ള അപൂര്‍വ്വ രാജ്യങ്ങളില്‍ ഒന്ന്. പെന്‍ഷന്‍ വരെ നിഷേധിക്കപ്പെട്ടപ്പോഴും നിസംഗതയോടെ സഹിച്ച ജനതയാണ് വാട്‌സ് ആപ് തീരുവയില്‍ പൊട്ടിത്തെറിച്ചത്. അതു ചെറുപ്പക്കാരെ നേരിട്ടു ബാധിക്കുന്നതുകൊണ്ട് മാത്രം ഉണ്ടായതല്ല. ലോകമെങ്ങും കലാപങ്ങള്‍ തുടങ്ങിയിട്ടുള്ളത് ആശയവിനിമയം തടസപ്പെടുമ്പോഴാണ്. മുല്ലപ്പു വിപ്‌ളവം പോലുള്ള സമീപകാല പ്രതിഷേധങ്ങള്‍ മാത്രമല്ല, നൂറ്റാണ്ടു മുന്‍പത്തെ റഷ്യന്‍ വിപ്‌ളവം പോലും ജനതയുടെ ആശയ സ്വാതന്ത്ര്യം തടസ്സപ്പെട്ടപ്പോഴാണ് തുടങ്ങിയത് എന്നാണ് ചരിത്രം.

ഇന്ത്യ ഇതുവായിച്ചു പേടിക്കണോ?

സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും പെട്ടെന്നു കാര്യം വ്യക്തമാകുന്ന ഒരു കണക്ക് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം പുറത്തുവിട്ടു. രാജ്യത്തെ ബാങ്കുകള്‍ നല്‍കുന്ന ഭക്ഷ്യേതര മേഖലയ്ക്കുള്ള വാണിജ്യ വായ്പകളില്‍ 18,870 കോടി രൂപയുടെ കുറവ്. കഴിഞ്ഞവര്‍ഷം ഇതേ സമയം മൂന്നരലക്ഷം കോടിയുടെ വായ്പ അതിനു മുന്‍പുള്ള വര്‍ഷത്തേക്കാള്‍ കൂടുതല്‍ നല്‍കിയ സ്ഥാനത്താണ് ഇത്.

ഭക്ഷ്യേതര വ്യവസായങ്ങളൊന്നും വളരുന്നില്ല എന്നാല്‍ ആറുമാസം കഴിയുമ്പോള്‍ ഭക്ഷണവും മുട്ടും എന്നാണ് ആഗോള പാഠം. ലബനന്‍ മാത്രമല്ല ഗ്രീസും അതു പഠിപ്പിക്കുന്നുണ്ട്.

ബ്രൗണിങ് കവിതയും രവിശങ്കര്‍ പ്രസാദും

റോബര്‍ട്ട് ബ്രൗണിങ്ങിന്റെ കവിതയും രവിശങ്കര്‍ പ്രസാദിന്റെ വാക്കുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരു ബന്ധം കണ്ടെത്തുകയാണ് ഈ പ്രതിസന്ധികാലത്തെ ട്രോളര്‍മാര്‍. ഒറ്റദിവസംകൊണ്ട് മൂന്നു സിനിമകള്‍ ചേര്‍ന്ന് 120 കോടി രൂപ നേടിയ കഥ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞതു വലിയ ചര്‍ച്ചയ്ക്കു കാരണമായി. രവിശങ്കര്‍ പ്രസാദിന്റെ സിനിമാ പരാമര്‍ശം തന്നെയാണ് പ്രതിസന്ധിയുടെ ആഴമറിയിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

കഷ്ടകാലം വരുമ്പോള്‍ ജനം ചെലവുകുറഞ്ഞ വിനോദമാര്‍ഗങ്ങള്‍ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങും. വിദേശത്തേക്കുള്ള യാത്രകള്‍ പൂര്‍ണമായും റദ്ദാക്കും. ആഭ്യന്തര വിനോദയാത്രകളും ഒഴിവാക്കും. മാളുകളിലേക്കും വണ്ടര്‍ പാര്‍ക്കുകളിലേക്കുമുള്ള യാത്രകളും റദ്ദാക്കും. 150 രൂപയുടെ ഒരു സിനിമാ ടിക്കറ്റായി മാറും ഏറ്റവും വലിയ ആഡംബരം.

അപ്പോള്‍ ഇവിടെ എന്താണ് ബ്രൗണിങ് ബന്ധം. സ്ഫടികമാണെന്നു കരുതിയത് കാലംകഴിയുമ്പോള്‍ മഞ്ഞുതുള്ളിയായിരുന്നെന്നു നിങ്ങള്‍ തിരിച്ചറിയുമെന്നാണ് ബ്രൗണിങ് എഴുതിയത്. പ്രതിസന്ധി കാലത്തും ഏറെ കാല്‍പനികമായ ആ വരികള്‍ കൊണ്ടുവന്നവരുടെ ഭാവനയില്‍ മാത്രമാണ് ഇനി പ്രതീക്ഷയുടെ മഞ്ഞുകണം.
First published: October 18, 2019, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading