നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 6G Technology | 6ജി സാങ്കേതികവിദ്യ സൃഷ്ടിച്ചെന്ന അവകാശവാദവുമായി ചൈന; വേഗത 5ജിയേക്കാള്‍ 100 മടങ്ങ് കൂടുതൽ

  6G Technology | 6ജി സാങ്കേതികവിദ്യ സൃഷ്ടിച്ചെന്ന അവകാശവാദവുമായി ചൈന; വേഗത 5ജിയേക്കാള്‍ 100 മടങ്ങ് കൂടുതൽ

  ഇത് പ്രകാരം 59.5 മണിക്കൂര്‍ ആകെ ദൈര്‍ഘ്യമുള്ള, മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് സിനിമകൾ മുഴുവനായി 4കെ വീഡിയോ ക്വാളിറ്റിയിൽ ഡൗൺലോഡ് ചെയ്യാൻ 16 സെക്കന്‍ഡുകൾ മാത്രം മതിയാകും.

  • Share this:
   6ജി മൊബൈല്‍ സാങ്കേതികവിദ്യയിൽ (6G Mobile Technology) നിർണായകനേട്ടം കൈവരിച്ചെന്ന അവകാശവാദവുമായി ചൈന (China). വയർലെസ് ട്രാൻസ്മിഷനിൽ സെക്കന്‍ഡില്‍ 206.25 ജിഗാബൈറ്റ് എന്ന റെക്കോര്‍ഡ് വേഗത കൈവരിക്കാൻ രാജ്യത്തെ ഗവേഷകർക്ക് കഴിഞ്ഞതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 6ജി സാങ്കേതികവിദ്യ 5ജിയേക്കാള്‍ 100 മടങ്ങ് വേഗതയേറിയതായിരിക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതുവരെ 5ജി നെറ്റ്‌വർക്ക് ലഭ്യമായിട്ടില്ല.

   സെക്കൻഡിൽ 206.25 ജിഗാബൈറ്റ് വളരെ ഉയര്‍ന്ന വേഗതയാണ്. ഇത് പ്രകാരം 59.5 മണിക്കൂര്‍ ആകെ ദൈര്‍ഘ്യമുള്ള, മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് സിനിമകൾ മുഴുവനായി 4കെ വീഡിയോ ക്വാളിറ്റിയിൽ ഡൗൺലോഡ് ചെയ്യാൻ 16 സെക്കന്‍ഡുകൾ മാത്രം മതിയാകും. 2030ന്റെ തുടക്കത്തോടെ 6ജി സാങ്കേതികവിദ്യ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളെ ഉദ്ധരിച്ച് ഒരു ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കില്‍, 5ജി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ചുരുങ്ങിയ കാലയളവിലേക്കുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യയായി മാറും.

   ലോകത്ത് 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിൽ ഇപ്പോഴും കാലതാമസം നേരിടുകയാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇനിയും 5ജി സാങ്കേതികവിദ്യ എത്തിയിട്ടില്ല. കോവിഡ് മഹാമാരി, നിലവിലുള്ള വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍, 5ജി ഉപകരണങ്ങളുടെ ഉയര്‍ന്ന വില തുടങ്ങിയവയാണ് 5ജിയുടെ കാലതാമസത്തിന് കാരണം.

   ഇന്ത്യയില്‍, 5ജി സ്പെക്ട്രത്തിന്റെ ലേലനടപടികൾ കൂടുതല്‍ വൈകുന്നതിനാല്‍ 5ജി ലഭ്യമാകാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. 5ജി സ്പെക്ട്രം ലേലം ജൂലൈയിലേക്ക് നീട്ടിയാൽ നെറ്റ്‌വർക്ക് ലഭ്യത 2023ലേക്ക് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്പെക്ട്രം അലോട്ട്മെന്റിന് ശേഷം 5ജി സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ കുറഞ്ഞത് ആറ് മാസമെങ്കിലും സമയം വേണമെന്നാണ് ടെലികോം സേവന ദാതാക്കൾ അറിയിക്കുന്നത്.

   2009 ല്‍ പുറത്തിറങ്ങിയ 4ജിയെ അപേക്ഷിച്ച് ഡാറ്റ കൈമാറ്റത്തില്‍ പത്ത് ഇരട്ടിയെങ്കിലും വേഗത കൂടുതലാണ് 5ജിയ്ക്ക്. 5ജിയേക്കാള്‍ പത്തിരട്ടി വേഗം കൂടുതലായിരിക്കും ആറാം തലമുറയില്‍പ്പെട്ട ടെലി കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയ്ക്കെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ നവംബറിലാണ് ചൈനയില്‍ 5ജി ഔദ്യോഗികമായി എത്തിയത്.

   ചൈനയിലെ ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 6ജിക്കായുള്ള ഊര്‍ജ്ജിത ഗവേഷണങ്ങള്‍ 2019 നവംബര്‍ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായാണ് ഗവേഷണം നടത്തിയിരുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് ആദ്യ സംഘം. രണ്ടാമത്തെ സംഘത്തില്‍ വിവിധ സര്‍വ്വകലാശാലകളിലേയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലേയും 37 വിദഗ്ധരായിരുന്നു അംഗങ്ങള്‍.

   ചൈന മാത്രമാണ് 6ജി സാങ്കേതികവിദ്യയില്‍ ഗവേഷണം നടത്തുന്ന രാജ്യമെന്ന് കരുതരുത്. 2019 ഫെബ്രുവരിയില്‍ അമേരിക്ക 6ജിക്കായി ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന വിശേഷണമുള്ള ജപ്പാനും 6ജിക്ക് വേണ്ടിയുള്ള ഗവേഷണങ്ങള്‍ ജനുവരി മുതല്‍ ആരംഭിച്ചിട്ടുണ്ട്.
   Published by:Sarath Mohanan
   First published: