വിവാദ ഫേഷ്യല്‍ റെക്ക്ഗ്‌നിഷന്‍ കമ്പനിയായ (Facial Recognition Company) ക്ലിയര്‍വ്യൂ എഐ (Clearview AI) ലോകത്തെ ഏതാണ്ട് എല്ലാ മനുഷ്യരുടെയും 'മുഖം തിരിച്ചറിയല്‍' രേഖകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനായി കമ്പനി 100 ബില്യണ്‍ ഫോട്ടോകള്‍ ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് നിക്ഷേപകരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ മനുഷ്യരും തങ്ങളുടെ ഡാറ്റാബേസില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനിയ്ക്ക് ഇതിലൂടെ സാധിക്കും.
"ഒരു വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഫേഷ്യല്‍ ചിത്രങ്ങള്‍ തങ്ങളുടെ ഡാറ്റാബേസില്‍ ലഭിക്കുമെന്ന് നിക്ഷേപകർക്ക് ക്ലിയര്‍വ്യൂ എഐ ഉറപ്പു നൽകി. ഇതിലൂടെ ലോകത്തെ മിക്കവാറും മനുഷ്യരെയെല്ലാം തിരിച്ചറിയാന്‍ കഴിയും", ഡിസംബറിൽ കമ്പനി നടത്തിയ സാമ്പത്തിക അവതരണത്തെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിയിൽ ഏകദേശം 7.9 ബില്യണ്‍ മനുഷ്യർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
നിക്ഷേപകരില്‍ നിന്ന് പുതിയ ഫണ്ടിംഗ് നേടാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഡിസംബറിലെ അവതരണം. അതിനാല്‍ 100 ബില്യണ്‍ മുഖചിത്രങ്ങള്‍ നേടുക എന്നത് കമ്പനിയുടെ ഒരു ലക്ഷ്യം എന്ന നിലയ്ക്കാണ് അവതരിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും, ക്ലിയര്‍വ്യൂ ഇതിനകം 10 ബില്യണ്‍ ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഡാറ്റാബേസിലേക്ക് പ്രതിമാസം 1.5 ബില്യണ്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്നും വാഷിങ്‌ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. 100 ബില്യണ്‍ ഫോട്ടോകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപം കൂടി ആവശ്യമാണെന്ന് ക്ലിയര്‍വ്യൂ നിക്ഷേപകരോട് പറഞ്ഞതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ക്ലിയര്‍വ്യൂ ഇന്റര്‍നെറ്റില്‍ നിന്ന് ഫോട്ടോകള്‍ ശേഖരിക്കുന്നു"വെബ്സൈറ്റുകളുടെയോ ഫോട്ടോകളുടെ ഉടമകളുടെയോ സമ്മതമില്ലാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും മറ്റ് ഓണ്‍ലൈന്‍ ഉറവിടങ്ങളില്‍ നിന്നും ചിത്രങ്ങള്‍ ശേഖരിച്ചാണ് ക്ലിയര്‍വ്യൂ തങ്ങളുടെ ഡാറ്റാബേസ് നിര്‍മ്മിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ സൈറ്റില്‍ നിന്ന് ഫോട്ടോകള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്നും മുമ്പ് ശേഖരിച്ചവ നീക്കം ചെയ്യണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ഡാറ്റാ ശേഖരണ രീതി നിയമാനുസൃതമാണെന്നാണ് ക്ലിയര്‍വ്യൂവിന്റെ വാദം", വാഷിംഗ്ടണ്‍ പോസ്റ്റ് സൂചിപ്പിക്കുന്നു.
"പോലീസ് വകുപ്പിന്റെ കൈവശമുള്ള മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയേക്കാൾ നൂതനവും ആധുനികവുമായ സങ്കേതങ്ങൾ വികസിപ്പിക്കാന്‍ ക്ലിയര്‍വ്യൂ ലക്ഷ്യമിടുന്നു. ഇതിലൂടെ 'ഗിഗ് എക്കണോമി'യുടെ ഭാഗമായ തൊഴിലാളികളെ നിരീക്ഷിക്കാന്‍ കഴിയുമെന്നും, നടക്കുന്ന രീതിയെ അടിസ്ഥാനമാക്കി ആളെ തിരിച്ചറിയാനും ദൂരെ നിന്നുകൊണ്ടുതന്നെ വിരലടയാളം സ്‌കാന്‍ ചെയ്യാനും ഫോട്ടോയില്‍ നിന്ന് ആളുകളുടെ സ്ഥാനം കണ്ടെത്താനും കഴിയുന്ന പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഗവേഷണം നടന്നുവരികയാണെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചു", വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതി
ഇത് സംബന്ധിച്ച വിവരങ്ങൾ അറിയാൻ ആർസ് ടെക്ക്‌നിക്ക (ars Technica) ക്ലിയര്‍വ്യൂവിനെ ബന്ധപ്പെട്ടിരുന്നു. ക്ലിയര്‍വ്യൂ സ്ഥാപകനും സിഇഒയുമായ ഹോയാന്‍ ടണ്‍-തറ്റ് ഒരു ഹ്രസ്വ പ്രസ്താവന നല്‍കുകയും ചെയ്തു: "ക്ലിയര്‍വ്യൂ എഐ ശേഖരിച്ച ചിത്രങ്ങളുടെ ഡാറ്റാബേസ് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മറ്റേതോരു സെര്‍ച്ച് എഞ്ചിന്റെയും കാര്യത്തിലെന്ന പോലെ നിയമാനുസൃതമായി ശേഖരിക്കപ്പെട്ടതാണ്. കുറ്റാന്വേഷണങ്ങളിൽ പ്രതികളെ തിരിച്ചറിയാന്‍ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് നിയമപാലകര്‍ ഇത് ഉപയോഗിക്കുന്നുണ്ട്", അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍നെറ്റിലെ ദശലക്ഷക്കണക്കിന് വ്യത്യസ്ത വെബ്‌സൈറ്റുകളില്‍ നിന്ന് കമ്പനി ഫോട്ടോകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ടണ്‍-തറ്റ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ വില്‍ക്കണമോ എന്ന കാര്യത്തിൽ കമ്പനി തീരുമാനമെടുത്തിട്ടില്ല എന്നും വാഷിംഗ്ടൺ പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
ആവശ്യാനുസരണം ക്ലിയർവ്യൂ പെരുമാറ്റചട്ടങ്ങള്‍ പരിഷ്കരിക്കുംക്ലിയര്വ്യൂവിന്റെ വെബ്‌സൈറ്റില്‍ തങ്ങളുടെ പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച ഒരു പ്രസ്താവന ലഭ്യമാണ്. "ക്ലിയര്‍വ്യൂ എഐ നിലവില്‍ ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമേ അതിന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. സര്‍ക്കാര്‍ ഏജന്‍സികളും അവരുടെ ഏജന്റുമാരും ആണവർ", എന്ന് ആ പ്രസ്താവനയില്‍ പറയുന്നു. നിയമാനുസൃതമായ കുറ്റാന്വേഷണ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഔദ്യോഗിക ഏജന്‍സികള്‍ക്ക് മാത്രമായി കമ്പനി അതിന്റെ സേവനങ്ങളെ പരിമിതപ്പെടുത്തിയിട്ടുണ്ട് എന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ പ്രസ്താവനയില്‍, "ഡാറ്റ സെറ്റിലെ ഓരോ ഫോട്ടോയും ഒരു ജീവന്‍ രക്ഷിക്കാനോ നിരപരാധിയായ ഇരയ്ക്ക് നീതി ലഭിക്കാനോ തെറ്റായ തിരിച്ചറിയല്‍ തടയാനോ അല്ലെങ്കില്‍ നിരപരാധിയായ ഒരാളെ കുറ്റവിമുക്തനാക്കാനോ സഹായിക്കുന്ന സാധ്യതയാണ് നല്‍കുന്നത്" എന്ന് ടോണ്‍-തറ്റ് വാദിച്ചു. എന്നിരുന്നാലും, ബിസിനസ്സ് മാതൃകയ്ക്ക് അനുസൃതമായി കമ്പനിയുടെ സമീപനവും മാറാം. "ഞങ്ങളുടെ തത്വങ്ങള്‍ ഈ സാങ്കേതികവിദ്യയുടെ നിലവിലെ ഉപയോഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ ഉപയോഗങ്ങള്‍ മാറുകയാണെങ്കില്‍ ആവശ്യാനുസരണം നയസമീപനങ്ങൾ മാറ്റങ്ങള്‍ക്ക് വിധേയമാക്കും", ടോണ്‍-തറ്റ് പറഞ്ഞു.
ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ 2020ന്റെ തുടക്കത്തില്‍ ക്ലിയര്‍വ്യൂ എഐയോട് അവരുടെ സൈറ്റുകള്‍ സ്‌ക്രാപ്പ് ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ആ വര്‍ഷാവസാനം ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധത്തിനിടെ അക്രമം നടത്തിയതായോ സ്വത്ത് നശിപ്പിച്ചതായോ ആരോപിക്കപ്പെട്ടവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പോലീസ് ക്ലിയര്‍വ്യൂ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം ടോണ്‍-തറ്റ് പറഞ്ഞത്, "നമ്മുടെ ജനാധിപത്യത്തിന്റെ മഹത്തായ പ്രതീകത്തെ ആക്രമിച്ച ക്യാപിറ്റല്‍ കലാപകാരികളെ തിരിച്ചറിയാന്‍ ക്ലിയര്‍വ്യൂ എഐ ഉപയോഗിച്ചതിൽ സന്തോഷമുണ്ട്" എന്നായിരുന്നു.
ക്ലിയര്‍വ്യൂവിന് കോടതിയില്‍ നിന്ന് തിരിച്ചടിആളുകളുടെ സമ്മതമില്ലാതെ മുഖചിത്രങ്ങള്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ കമ്പനി സ്വകാര്യതാ ലംഘനം നടത്തുകയാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് ക്ലിയര്‍വ്യൂ വിവിധ സ്വകാര്യതാ വ്യവഹാരങ്ങള്‍ നേരിടുന്നുണ്ട്. തിങ്കളാഴ്ച സുപ്രധാനമായ ഒരു വിധിയും ഇത് സംബന്ധിച്ച് കോടതിയിൽ നിന്നുണ്ടായി. ഫെഡറല്‍ ജഡ്ജി ക്ലിയര്‍വ്യൂവിന്റെ വാദം നിരസിക്കുകയും കേസുകള്‍ തള്ളാനുള്ള കമ്പനിയുടെ ആവശ്യം തള്ളുകയും ചെയ്തു.
എയര്‍ബിഎൻബി (Airbnb), ലൈഫ്റ്റ് (Lyff), ഊബര്‍ (Uber) എന്നി കമ്പനികള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കളുടെ സമ്മതം അടിസ്ഥാനമാക്കിയുള്ള ഐഡന്റിറ്റി വെരിഫിക്കേഷൻ ആവശ്യങ്ങള്‍ക്കായി ക്ലിയര്‍വ്യൂ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചതായി കമ്പനിയുടെ സിഇഒയെ ഉദ്ധരിച്ച് വൈസ് ഡോട്ട് കോം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, ആ കമ്പനികളുമായി പ്രവര്‍ത്തിക്കാന്‍ നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് ടണ്‍-തറ്റ് അറിയിച്ചു. അതേസമയം ക്ലിയര്‍വ്യൂ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് പറഞ്ഞ് മൂന്ന് കമ്പനികളും ടോണ്‍ തറ്റിന്റെ പ്രസ്താവനയെ നിഷേധിച്ചെന്നും വൈസ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.