ലോക്ക്ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇരട്ടി ഡാറ്റ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ലോക്ക്ഡൗൺ കാലത്ത് നിശ്ചിത സമയത്ത് റീചാർജ് ചെയ്യാൻ കഴിയാത്ത ഉപഭോക്താക്കൾ ഇനി വിഷമിക്കേണ്ട. ഏപ്രിൽ 17 വരെ 100 മിനിറ്റ് സൗജന്യഫോൺവിളിയും 100 എസ്എംഎസുമാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. വാലിഡിറ്റി കഴിഞ്ഞാലും ഉപഭോക്താക്കൾക്ക് ഇൻകമിംഗ് കോള്‍ സേവനം ലഭിക്കും.
രാജ്യത്താകെയുള്ള ജിയോ ഉപഭോക്താക്കൾക്ക് സൗജന്യ കോള്‍, എസ്എംഎസ് ആനുകൂല്യം ലഭിക്കും. ഓൺലൈൻ വഴി റീചാർജ് ചെയ്യുന്ന ഏറ്റവും കൂടുതൽ ഉപഭോക്താക്കളും ജിയോക്കാണുള്ളത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ റീട്ടെയിൽ ഷോപ്പുകളിലൂടെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾ പ്രയാസമനുഭവിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ എടിഎം വഴി റീചാർജ് ചെയ്യാനുള്ള സൗകര്യവും ജിയോ ഒരുക്കിയിട്ടുണ്ട്. യുപിഐ, എസ്എംഎസ്, ഫോൺ വിളി എന്നിവയിലൂടെ റീചാർജിംഗ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി ജിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം യഥാസമയം റീചാർജ് ചെയ്യാൻ സാധിക്കാത്തതിനാൽ ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെടാതിരിക്കാനാണ് ജിയോ ഏപ്രിൽ 17വരെ സൗജന്യ കോളും എസ്എംഎസും നൽകുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.