ട്വിറ്റർ (Twitter) ഏറ്റെടുത്താൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന നൽകി ഇലോൺ മസ്ക് (Elon Musk). ട്വിറ്ററിന് സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടതുണ്ടെന്നും ഇപ്പോളത്തെ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉത്തരം നൽകിക്കൊണ്ട് മസ്ക് പറഞ്ഞു. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയില്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന് അത് സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കും എന്നായിരുന്നു മസ്കിന്റെ ഉത്തരം. വര്‍ക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നിവയെക്കുറിച്ചും മീറ്റിംഗില്‍ മസ്‌ക് സംസാരിച്ചു.
നിലവിൽ പിരിച്ചുവിടലിനെക്കുറിച്ച് ആലോചിച്ചിട്ടെല്ലെന്ന് സിഇഒ പരാഗ് അഗര്‍വാള്‍ (Parag Agrawal) മുൻപ് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമോ എന്ന് മസ്‌ക് വ്യക്തമായി പറഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത് ഇക്കാര്യത്തിലേക്കാണ് എന്നാണ് വിലയിരുത്തൽ.
അതേസമയം, മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരാമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ, ഓഫീസിലിരുന്നു ചെയ്യുന്നതിനോടാണ് വ്യക്തിപരമായി താൻ താത്പര്യപ്പെടുന്നതെന്നും മസ്ക് കൂട്ടിച്ചേർത്തു.
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്റെ പ്രഖ്യാപനം കരാറിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനിടെയാണ് ട്വിറ്റർ ജീവനക്കാരുമായി അദ്ദേഹം മീറ്റിംഗ് നടത്തിയത്.
ഇതിനിടെ, ട്വിറ്ററുമായുള്ള ഇടപാട് വേണ്ടെന്ന് വെക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. സ്പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള ഡാറ്റകൾ നൽകുന്നതിൽ വീഴ്ച്ച വരുത്തിയാൽ 44 ബില്യൻ ഡോളറിന്റെ കരാർ വേണ്ടെന്നു വെയ്ക്കും എന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഈ വർഷം ഏപ്രിലിൽ, 44 ബില്യൺ ഡോളറിന് കമ്പനി വാങ്ങാൻ മസ്‌ക് ട്വിറ്ററുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഈ കരാറിന്റെ കാലാവധി അവസാനിച്ചിട്ടില്ല. ഇതിനിടെ, പറഞ്ഞതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള ചർച്ച നടത്താനോ അല്ലെങ്കിൽ പൂർണമായും കരാർ ഉപേക്ഷിക്കാനോ മസ്ക് ആലോചിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ട്വിറ്ററിൽ പ്രധാനമായും അഞ്ച് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഏറ്റെടുക്കൽ വാർത്ത പ്രഖ്യാപിച്ചതിനു ശേഷം ഇലോൺ മസ്ക് അറിയിച്ചത്. ട്വിറ്ററിന്റെ അൽഗോരിതം ഒരു ഓപ്പൺ സോഴ്സ് ആക്കും എന്നതാണ്, ഏറ്റെടുത്താൽ മസ്ക് വരുത്താൻ പോകുന്ന മാറ്റങ്ങളിൽ ഒന്ന്. ട്വിറ്ററിൽ നിന്നും സ്കാം ബോട്ടുകൾ ഇല്ലാതാക്കുന്നതാണ് (scam bots) മറ്റൊരു മാറ്റം. ട്വിറ്റർ ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന എഡിറ്റ് ബട്ടൺ അവതരിപ്പിക്കുന്നതാണ് ആകർഷകമായ മറ്റൊരു കാര്യം. ഉപയോക്താക്കൾക്ക് അവരുടെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്യാനുള്ള സൗകര്യം നൽകുന്നതായിരിക്കും പുതിയ ഫീച്ചർ. സ്വതന്ത്രമായ അഭിപ്രായ പ്രകടനം അനുവദിക്കുന്നതായിരിക്കും ട്വിറ്ററിൽ ഇലോൺ മസ്ക് അവതരിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ മാറ്റം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.