ഡാറ്റ ചോർച്ച ആരോപണത്തിൽ നട്ടംതിരിഞ്ഞ് വാട്സാപ്പ്. ലോകത്തെ ഏറ്റവും പോപ്പുലറായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സാപ്പിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 26 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ വാട്സാപ്പ് ഡൌൺലോഡിങ് അതിനുമുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് 80 ശതമാനമാണ് ഇടിഞ്ഞത്. വാട്സാപ്പിന്റെ തകർച്ച നേട്ടമായത് റഷ്യൻ ഉടമസ്ഥതയിലുള്ള ടെലഗ്രാമിനും അമേരിക്കയിലെ സിഗ്നൽ എന്ന അപ്പിനുമാണ്.
ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്ഒയാണ് വാട്സാപ്പിലെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട് വന്നത്. ഒരു മിസ്ഡ് കോളിലൂടെ പ്രമുഖരുടെ ഉൾപ്പടെ ഡാറ്റ ചോർത്തിയതായാണ് വിവരം. ഈ വാർത്ത കാട്ടുതീ പോലെ പടർന്നതോടെ വാട്സാപ്പ് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 400 മില്യൺ ഉപയോക്താക്കളുള്ള ഇന്ത്യൻ വിപണിയിലാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് തകർന്നടിഞ്ഞത്.
ബോറടിച്ചു.. പബ്ജി ഉപേക്ഷിച്ച് യുവാക്കൾഒക്ടോബർ 26 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിൽ 1.8 മില്യൺ ഡൌൺലോഡുകൾ മാത്രമാണ് ഇന്ത്യയിൽനിന്ന് വാട്സാപ്പിന് ലഭിച്ചത്. ഒക്ടോബർ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 8.9 മില്യൺ ഡൌൺലോഡുകൾ ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ തകർച്ച വാട്സാപ്പ് നേരിട്ടത്. അതേസമയം ഒക്ടോബർ 26 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിൽ ടെലഗ്രാം 10 ശതമാനവും സിഗ്നൽ 63 ശതമാനവും വളർച്ചയാണ് കൈവരിച്ചത്.
വാട്സാപ്പിന്റെ വീഴ്ച ഏറെ സഹായകരമായി മാറിയത് ടെലഗ്രാമിനും സിഗ്നലിനുമാണ്. നവംബർ മൂന്ന് വരെയുള്ള ഒമ്പത് ദിവസങ്ങളിൽ ടെലഗ്രാമിന് 920000 ഡൌൺലോഡുകൾ ലഭിച്ചപ്പോൾ, സിഗ്നലിന് 63 ശതമാനം വർധനയോടെ 9600 ഡൌൺലോഡുകൾ ലഭിച്ചു. ഇന്ത്യയിൽ ഐഒഎസിലെ സോഷ്യൽ മീഡിയ ആപ്പുകളുടെ ഡൌൺലോഡ് റാങ്കിംഗിൽ ഒരാഴ്ച മുമ്പ് 105-ാം സ്ഥാനത്തായിരുന്ന സിഗ്നൽ ഇപ്പോൾ 39-ാമതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 255-ാം സ്ഥാനത്തുനിന്ന് ഒരൊറ്റ ആഴ്ചകൊണ്ട് 31-ാം സ്ഥാനത്ത് എത്താനും സിഗ്നലിന് സാധിച്ചു.
കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൌൺലോഡ് ചെയ്യപ്പെടുന്നതിൽ ഒന്നാമതായിരുന്ന വാട്സാപ്പ് ഒരാഴ്ചകൊണ്ട് നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. പ്രമുഖ മൊബൈൽ ബ്രൌസറായ യുസി ബ്രൌസറാണ് ഒന്നാമത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസഞ്ചർ, ട്രൂകോളർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.