• HOME
  • »
  • NEWS
  • »
  • money
  • »
  • Database Developers | ഡാറ്റാബേസുകൾ കൈകാര്യം ചെയ്യുന്നതാര്? ഡാറ്റാബേസ് ഡെവലപ്പർമാരുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാം?

Database Developers | ഡാറ്റാബേസുകൾ കൈകാര്യം ചെയ്യുന്നതാര്? ഡാറ്റാബേസ് ഡെവലപ്പർമാരുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാം?

ഡാറ്റകൾ സംഭരിക്കുകയും ഡാറ്റാ മൈനിംഗ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ഏതൊരു സ്ഥാപനത്തിന്റെയും ഹൃദയമാണ് ഡേറ്റാബേസ് ഡെവലപ്പർമാർ.

reporterlive image

reporterlive image

  • Share this:
    ഡാറ്റാബേസ് ഡെവലപ്പർമാരെക്കുറിച്ച് (Database Developers) പറയുന്നതിന് മുമ്പ് നാം ഡാറ്റകൾ (Data) സംബന്ധിച്ച് അടിസ്ഥാനപരമായ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ചിട്ടയോടെ വിവരങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇടമാണ് ഡാറ്റാബേസ് (Database). ഒരു ആപ്ലിക്കേഷൻ പ്രവർത്തിക്കുമ്പോഴെല്ലാം നാം നൽകുന്ന വിവരങ്ങൾ സംഭരിക്കുകയോ അല്ലെങ്കിൽ വിവരങ്ങൾ പങ്കിടുകയോ ചെയ്യുന്നുണ്ട്. അതിനാൽ, UI ഒരു ആപ്ലിക്കേഷന്റെ രൂപമാണെങ്കിൽ, ബാക്ക് എൻഡ് എന്നത് അത്തരം പ്രവർത്തനങ്ങളുടെ തലച്ചോറാണ്. ഡാറ്റാബേസ് എന്നാൽ മുഴുവൻ ആപ്ലിക്കേഷനിലേയ്ക്കും രക്തം പമ്പ് ചെയ്യുന്ന ഹൃദയമാണ് എന്നു തന്നെ പറയാം.

    സാങ്കേതികവിദ്യ ദിനം തോറും വളരരുന്ന ഇന്നത്തെ കാലത്ത്, ഓരോ ബിസിനസ്സും തങ്ങളുടെ ഉപഭോക്താക്കളും ദൈനംദിന ബിസിനസ്സ് പ്രവർത്തനങ്ങളും സൃഷ്ടിക്കുന്ന വലിയ അളവിലുള്ള ഡാറ്റകളെ ആശ്രയിക്കുന്നുണ്ട്. അതിനാൽ, ഡാറ്റ സൃഷ്ടിക്കലും ശേഖരണവും എല്ലാം ബിസിനസിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിലും കമ്പ്യൂട്ടർ പ്രോഗ്രാമുകളിലുമുള്ള പുരോഗതി, ഇന്നത്തെ കാലത്ത് ഡാറ്റ എങ്ങനെ ശേഖരിക്കുന്നു, പരിപാലിക്കുന്നു, സംഭരിക്കുന്നു എന്നതിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ഡാറ്റാബേസുകൾ ഇനി കോളങ്ങളിലും വരികളിലും മാത്രമല്ല വിവരങ്ങൾ സംഭരിക്കുന്നത്. പല തരത്തിലുമുള്ള വിവരങ്ങൾ, വീഡിയോ ആയും ചിത്രങ്ങളായും ഓഡിയോ ആയും ഉയർന്ന വേഗതയിലും വലിയ അളവിലും സംഭരിക്കപ്പെടുന്നുണ്ട്. അതിനാൽ, ഡാറ്റാ ജനറേഷൻ മേഖലയിലെ ഈ മുന്നേറ്റം ഡാറ്റാബേസ് ഡെവലപ്പർമാർക്കും കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. ഡാറ്റകൾ സംഭരിക്കുകയും ഡാറ്റാ മൈനിംഗ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ഏതൊരു സ്ഥാപനത്തിന്റെയും ഹൃദയമാണ് ഡേറ്റാബേസ് ഡെവലപ്പർമാർ.

    ഏതൊരു സ്ഥാപനത്തിന്റെയും ഡാറ്റാ മാനേജ്മെന്റിൽ രണ്ട് പ്രധാന റോളുകളാണുള്ളത്. ഡാറ്റാബേസ് ഡെവലപ്പർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ. എന്നാൽ ചിലപ്പോൾ, ചെറിയ ബഡ്ജറ്റുകളും കുറഞ്ഞ ഡാറ്റാബേസുകളുമുള്ള സ്ഥാപനങ്ങൾ ഈ രണ്ട് റോളുകളും ഒന്നായി ചുരുക്കാറുണ്ട്. ഡാറ്റാബേസ് ഡെവലപ്പർ എന്ന റോളിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും. കൂടാതെ ഈ മേഖലയിൽ കരിയർ ആരംഭിക്കാൻ ഒരുങ്ങുന്നവർക്കും ഇത് സഹായകമാകും. ഒരു ഡേറ്റാ ബേസ് ഡെവലപ്പറുടെ ഉത്തരവാദിത്തങ്ങൾ, വിദ്യാഭ്യാസ പശ്ചാത്തലം, ഡിബി ഡെവലപ്പർ കരിയർ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക.

    ഡാറ്റാബേസ് ഡെവലപ്പർമാരുടെ പ്രധാന ഉത്തരവാദിത്തങ്ങൾ?

    ഡാറ്റാബേസ് ഡെവലപ്പർമാർ ഡാറ്റാബേസ് ഡിസൈനർമാർ അല്ലെങ്കിൽ ഡാറ്റാബേസ് പ്രോഗ്രാമർമാർ എന്നും അറിയപ്പെടുന്നു. പുതിയ ഡാറ്റാബേസുകൾ രൂപകൽപ്പന ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും പ്രോഗ്രാം ചെയ്യുന്നതിനും പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകൾക്കായി നിലവിലുള്ളവ പരിഷ്‌ക്കരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഇവർക്കാണ്. കൂടാതെ, ഓർഗനൈസേഷനും ക്ലയന്റിനുമുള്ള മികച്ച ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റങ്ങൾ കൈകാര്യം ചെയ്യുന്നതും ഡാറ്റാബേസ് പ്രോഗ്രാമുകളുടെ കാര്യക്ഷമതയും പ്രകടനവും പരിശോധിക്കുന്നതും പ്രശ്നങ്ങൾ അല്ലെങ്കിൽ ബഗുകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതും ഇവരുടെ ജോലിയാണ്.

    ഒരു ഡിബി ഡെവലപ്പർ എല്ലായ്പ്പോഴും ഒരു ഐടി പ്രൊഫഷണലായിരിക്കും. അവർ ഡാറ്റാബേസ് സാങ്കേതികവിദ്യകൾ പല തരത്തിൽ ദിവസവും കൈകാര്യം ചെയ്യുന്നവരാണ്. തങ്ങളുടെ സ്ഥാപനത്തിന്റെ ഡാറ്റാബേസ് ശ്രേണിയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലുമായിരിക്കും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുക.

    ഒരു ഡാറ്റാബേസ് ഡെവലപ്പറുടെ പ്രധാന ഉത്തരവാദിത്തങ്ങൾ-

    • ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുക
    • ഡാറ്റാബേസ് ഡോക്യുമെന്റേഷൻ സൃഷ്ടിക്കുക. അവ അപ്ഡേറ്റ് ചെയ്യുക.
    • പ്രോജക്റ്റ് സ്പെസിഫിക്കേഷനുകൾ വിശകലനം ചെയ്യുകയും പുതിയ സവിശേഷതകൾ വികസിപ്പിക്കുകയും ചെയ്യുക.
    • കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറും ഹാർഡ്‌വെയറും ഉപയോഗിച്ച് പ്രോഗ്രാമിംഗ് കോഡ് തയ്യാറാക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുക
    • പോരായ്മകൾ തിരുത്തുന്നതിനായി പ്രോഗ്രാം കോഡുകൾ പരിഷ്ക്കരിക്കുകയും ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്യുക.
    • കോഡിലെ ബഗുകൾ തിരിച്ചറിയുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക.
    • അനലിറ്റിക്കൽ, ടെസ്റ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക.
    • ടെസ്റ്റിംഗ് മൊഡ്യൂളുകളും മൂല്യനിർണ്ണയ പ്രക്രിയകളും വികസിപ്പിക്കുക.

    ഒരു ഡാറ്റാബേസ് ഡെവലപ്പർക്ക് തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളെയും ട്രെൻഡുകളെയും നേരിടാൻ ആവശ്യമായ സ്കിൽസ് ഉണ്ടായിരിക്കണം. മാത്രമല്ല, കരിയറിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പറാകാൻ ഈ കഴിവുകൾ ആവശ്യമാണ്.

    ഒരു ഡാറ്റാബേസ് ഡെവലപ്പർ ആകാൻ ആവശ്യമായ യോഗ്യതകളും കഴിവുകളും?

    ഔപചാരിക യോഗ്യതകൾ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരു ഡാറ്റാബേസ് ഡെവലപ്പർ എന്ന നിലയിൽ വിജയകരമായ കരിയർ ഉണ്ടാക്കാം. എന്നിരുന്നാലും, പൊതുവെ, കമ്പ്യൂട്ടർ സയൻസിലോ മറ്റേതെങ്കിലും പ്രസക്തമായ മേഖലയിലോ ബിരുദമുള്ള ഉദ്യോഗാർത്ഥികളെയാണ് കമ്പനികൾ തിരഞ്ഞെടുക്കുക. എന്നാൽ വളരെ മികച്ച് ടെക്നിക്കൽ പരിജ്ഞാനം ഈ റോളിന് ആവശ്യമാണ്. ഒരു ഡാറ്റാബേസ് ഡെവലപ്പർക്ക് പ്രശ്‌നപരിഹാരം നടത്താനുള്ള കഴിവ്, അനലിറ്റിക്കൽ സ്കിൽസ് എന്നിവ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സാങ്കേതിക വൈദഗ്ധ്യത്തിന് പുറമേ, മറ്റേതൊരു പ്രൊഫൈലും പോലെ, ഒരു ഡിബി ഡെവലപ്പർക്ക് പ്രൊഫഷണൽ, വ്യക്തിഗത, പെരുമാറ്റ സവിശേഷതകളും ഉണ്ടായിരിക്കണം. ഒരു മികച്ച ടീം പ്ലെയറായിരിക്കണം. എന്നാൽ സ്വതന്ത്രമായി പ്രവർത്തിക്കാനും കഴിയണം.

    ഒരു ഡിബി ഡെവലപ്പർ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന സ്കിൽസ് ഇവയാണ്:

    • SQL സെർവറുകൾ & ഒറാക്കിൾ ഡാറ്റാബേസുകളെക്കുറിച്ചുള്ള അറിവ്.
    • SQL, T-SQL, PL/SQL എന്നിവയെ കുറിച്ചുള്ള അറിവ്.
    • ഡാറ്റാബേസ് രൂപകൽപ്പനയിലും വികസനത്തിലുമുള്ള അനുഭവപരിചയം.
    • NoSQL പോലുള്ള നോൺ റിലേഷണൽ ഡാറ്റാബേസുകളെക്കുറിച്ചുള്ള അറിവ്.
    • വിൻഡോസ്, ലിനക്സ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ കുറിച്ചുള്ള അടിസ്ഥാന ധാരണ.
    • സിസ്റ്റം അനലൈസ് ചെയ്യാനുള്ള കഴിവ്
    • C++, Java, C# തുടങ്ങിയ വിവിധ പ്രോഗ്രാമിംഗ് ഭാഷകൾ അറിഞ്ഞിരിക്കണം
    • പൈത്തൺ, ജാവാസ്ക്രിപ്റ്റ്, പിഎച്ച്പി തുടങ്ങിയ വ്യത്യസ്ത സ്ക്രിപ്റ്റിംഗ് ഭാഷകളെക്കുറിച്ചുള്ള അറിവ്.
    • വെബ് സെർവറുകൾ, ഇന്റർഫേസുകൾ, ഐടി മാനേജ്മെന്റ്, ഐടി ടൂളുകൾ എന്നിവയെ കുറിച്ചുള്ള അറിവ്.
    • പ്രോജക്ട് മാനേജ്മെന്റ്, സിസ്റ്റം ഇന്റഗ്രേഷൻ, ക്വാളിറ്റി ടെസ്റ്റിങ് എന്നിവയിൽ അനുഭവപരിചയം.

    ഡാറ്റാബേസ് ഡെവലപ്പർമാർക്ക് ഡിമാൻഡ് കൂടാനുള്ള കാരണങ്ങൾ

    ഐടി, മാനേജ്‌മെന്റ്, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിൽ ഡാറ്റാബേസ് ഡെവലപ്പർമാർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ഡാറ്റാ ഫയലുകൾ വളരെ വലുതാണ്. അതിനാൽ അവ സൂക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഡാറ്റാബേസുകൾ ഈ ഡാറ്റകളുടെ ശേഖരണങ്ങളാണ്. ഡാറ്റാബേസ് ഡെവലപ്പർമാരാണ് ഈ ഡാറ്റാബേസുകളുടെ സൂത്രധാരന്മാർ. അതിനാൽ, ഡിബി ഡെവലപ്പർമാർ കമ്പ്യൂട്ടർ ഡാറ്റാബേസുകൾ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ട്രബിൾഷൂട്ട് ചെയ്യുകയും വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുകയും വേണം.

    ഒരു ഡിബി ഡെവലപ്പറുടെ ശമ്പളവും ഭാവി അവസരങ്ങളും
    മിക്കവാറും എല്ലാ സ്ഥാപനങ്ങൾക്കും ഡാറ്റാബേസ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. ഒരു ഡിബി ഡെവലപ്പറുടെ ശമ്പളം സ്ഥാപനത്തിന്റെ വലിപ്പവും ഉത്തരവാദിത്തങ്ങളും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഗ്ലാസ്ഡോർ (Glassdoor) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഒരു ഡാറ്റാബേസ് ഡെവലപ്പറുടെ ശരാശരി ശമ്പളം പ്രതിവർഷം ആറ് ലക്ഷമാണ്. ഒരു ഡാറ്റാബേസ് ഡെവലപ്പർക്ക് സ്വയം സ്കിൽസ് വർദ്ധിപ്പിച്ച് ഡാറ്റാബേസ് എഞ്ചിനീയർ അല്ലെങ്കിൽ അനലിസ്റ്റ് പോലെയുള്ള സമാന തസ്തികകളിലേക്കും അപേക്ഷിക്കാം.
    ലോകം ഡിജിറ്റൽ പരിവർത്തന ഘട്ടത്തിലായതിനാൽ ഡാറ്റാബേസ് ഡെവലപ്പർമാരുടെ കരിയർ വളരെ പ്രതീക്ഷ നൽകുന്നതാണ്. ഓൺലൈൻ ടൂളുകൾ, ട്യൂട്ടോറിയലുകൾ, വിവിധ പഠന പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ സഹായത്തോടെ ആർക്കും ഒരു ഡാറ്റാബേസ് ഡെവലപ്പർ എന്ന നിലയിൽ കരിയർ കെട്ടിപ്പടുക്കാം. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ (BLS) റിപ്പോർട്ട് അനുസരിച്ച്, 2020-നും 2030-നും ഇടയിൽ ഡാറ്റാബേസ് ഡെവലപ്പർമാരുമായും അനുബന്ധ മേഖലകളുമായും ബന്ധപ്പെട്ട ജോലികൾ 8-10% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി സ്കിൽസ് വർദ്ധിപ്പിക്കുന്നവർക്ക് ഒരു മികച്ച തൊഴിൽ ഓപ്ഷനായിരിക്കും ഇത്.
    Published by:Naveen
    First published: