• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

അസ്തമിച്ചത് സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ശാസ്ത്രതാരം

news18
Updated: April 2, 2018, 9:27 PM IST
അസ്തമിച്ചത് സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ശാസ്ത്രതാരം
news18
Updated: April 2, 2018, 9:27 PM IST
ആധുനിക ശാസ്ത്രമേഖലയിലെ തിളക്കമാര്‍ന്ന താരമായ പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിംഗ് കേംബ്രിഡ്ജില്‍ എഴുപത്തിയാറാമത്തെ വയസിലാണ് നിര്യാതനായത്. ഇരുപത്തിയൊന്നാം വയസില്‍ രണ്ടുവര്‍ഷത്തെ ആയുസ് മാത്രം ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍, വിധി മറ്റൊന്നായിരുന്നു ഹോക്കിംഗിനായി കരുതിവെച്ചത്. വൈദ്യശാസ്ത്രത്തിലെ അത്ഭുതമായ ഹോക്കിംഗിന്‍റെ ശാസ്ത്രപഠനങ്ങളും ജീവിതവും വരും കാലങ്ങളില്‍ കാലദേശങ്ങള്‍ക്ക് അതീതമായ കോടാനുകോടി ഹൃദയങ്ങളില്‍ വഴികാട്ടിയായി നിലനില്‍ക്കും. പ്രപഞ്ചത്തെ സംബന്ധിക്കുന്ന അടിസ്ഥാന നിയമങ്ങള്‍ ഉരുത്തിരിയിച്ച ഈ മനസിന്റെ ഉള്‍ക്കാഴ്ച ഭാവിയിലും നിരവധി മനുഷ്യര്‍ക്ക് ഉത്തേജനം പകരുമെന്നതിലും സംശയമില്ല.

ശരീരത്തെ തളര്‍ത്തിയ മാറാരോഗത്തിന്റെ കൈപ്പിടിയിലായിട്ടും സ്വതസിദ്ധമായ നര്‍മ്മചാതുര്യവും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചിരുന്ന ഹോക്കിംഗ് തന്‍റെ കംപ്യൂട്ടര്‍ അധിഷ്ടിത ശബ്ദത്തിലൂടെയാണ് ബാഹ്യലോകവുമായി സംവദിച്ചിരുന്നതെന്ന യാഥാര്‍ഥ്യം മനുഷ്യമനസിന്‍റെ നിസീമമായ സാധ്യതകള്‍ക്ക് മികച്ച ഉദാഹരണമാണ്.

1963ല്‍ തന്റെ 21ാമത്തെ വയസില്‍ പ്രത്യക്ഷമായ എഎല്‍എസ് (amytorophic lateral sclerosis) എന്ന രോഗത്തെ ധൈര്യപൂര്‍വം നേരിട്ട ഹോക്കിംഗ് പറയുകയുണ്ടായി ''ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല. എന്നാല്‍ മരിക്കാന്‍ ധൃതിയുമില്ല. കാരണം നിരവധി കാര്യങ്ങള്‍ എനിക്ക് ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട്''. ഇപ്രകാരം സ്വന്തം മനസിനെ ബോധ്യപ്പെടുത്തിക്കൊണ്ട് ജീവിച്ച ഹോക്കിംഗിന്റെ കഥ അത്ഭുതം ജനിപ്പിക്കുന്നതാണ്.
Loading...
എന്താണ് എഎല്‍എസ് എന്ന രോഗത്തിന്റെ പ്രത്യേകത! ഇത് സുഷുമ്‌നാ നാഡിയിലേക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് ഇല്ലാതാക്കുന്നു. ഇതേത്തുടര്‍ന്ന് സുഷുമ്‌നാനാഡിയില്‍ നിന്ന് പേശികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സന്ദേശങ്ങളും പേശികളെ നിയന്ത്രിക്കാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവും അപ്രത്യക്ഷമാകുന്നു. ഒരു ലക്ഷത്തില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രം കാണാറുള്ള ഈ രോഗത്തിന് ഇപ്പോഴും ചികിത്സ കണ്ടെത്തിയിട്ടില്ല.

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ 1942 ജനുവരി എട്ടിന് രണ്ടാം ലോകമഹായുദ്ധം കൊടുംപിരി കൊള്ളുന്നതിനിടെയാണ് ഹോക്കിംഗ് ജനിച്ചത്. ആധുനിക ശാസ്ത്രത്തിന്റെ ജനയിതാവും പ്രപഞ്ചശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ഒരു രീതിശാസ്ത്രം സൃഷ്ടിക്കുകയും ചെയ്ത ഗലീലിയോ മരണമടഞ്ഞ് (ജനുവരി 8, 1642) കൃത്യം 300 വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച ഹോക്കിംഗിന്റെ ഭാവി പ്രപഞ്ചശാസ്ത്രത്തിന്റെ സങ്കീര്‍ണതയുമായി കെട്ടുപിണഞ്ഞതില്‍ അത്ഭുതമില്ല.

സ്വന്തം കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവും മുന്നില്‍ കണ്ട് മാതാപിതാക്കള്‍ ഹോക്കിംഗിന് എട്ടു വയസുള്ളപ്പോള്‍ ലണ്ടനടുത്ത് സെന്റ് ആല്‍ബേന്‍ എന്ന സ്ഥലത്തേക്ക് താമസം മാറി. പതിനൊന്നാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹോക്കിംഗ് ഓക്‌സ്‌ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി.

പിന്നീട് 1962ല്‍ കേംബ്രിഡ്ജിലെ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സില്‍ (ഡിഎഎംടിപി) പ്രപഞ്ചശാസ്ത്ര മേഖലയില്‍ ഗവേഷണം തുടങ്ങി. 1965ല്‍ പ്രപഞ്ച വികാസത്തിന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീശിയ പഠനത്തിന് ഗവേഷണബിരുദം ലഭിച്ചു. 1962ല്‍ ഗവേഷണം തുടങ്ങിയ കാലത്താണ് ഹോക്കിംഗില്‍ എഎല്‍എസ് അസുഖം തലപൊക്കിയത്. അധ്യാപകരുടെയും സതീര്‍ത്ഥ്യരുടെയും കലവറയില്ലാത്ത സ്‌നേഹവും ഉപദേശങ്ങളും ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള ഗവേഷണപഠനങ്ങള്‍ക്ക് ത്വരകങ്ങളായി ഭവിച്ചു.

1973ല്‍ ഡിഎഎംടിപിയില്‍ ഗവേഷകനായി സ്ഥാനമേറ്റ സ്റ്റീഫന്‍ 1974ല്‍ 32-ാം വയസില്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ ഡിഎഎംടിപിയില്‍ പ്രൊഫസറായി സ്ഥാനമേറ്റ ഹോക്കിംഗ് പിന്നീട് 1979 മുതല്‍ 2009 വരെ കേംബ്രിഡ്ജിലെ ലുക്കേഷിയന്‍ പ്രൊഫസറായി മാറിയ കഥ അസാധാരണമായിരുന്നു. 1669ല്‍ ന്യൂട്ടണ്‍ വഹിച്ചിരുന്ന ഈ സ്ഥാനം പില്‍ക്കാലത്ത് ഹോക്കിംഗിന് മുന്‍പ് 11 പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. 2009ന് ശേഷം ഇദ്ദേഹം ഡിഎഎംടിപിയില്‍ റിസര്‍ച്ച് ഡയറക്ടറായി തുടര്‍ന്നു.

പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സ്റ്റീഫന്‍, ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്നും സ്ഥലകാലത്തിന്റെ തുടക്കം ഒരു മഹാസ്‌ഫോടനം മൂലമാണെന്നും പിന്നീട് അത് ഒരു തമോഗര്‍ത്തമായി അവസാനിക്കുമെന്നും 1970ല്‍ കണ്ടെത്തി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പോലെ ജനസമ്മതനായ ശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗ് മാറിയത് 'a brief history of time' എന്ന ഗ്രന്ഥം പുറത്തു വന്നതോടെയാണ്. കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ ഗ്രന്ഥത്തിന് 49 ഭാഷകളില്‍ വിവര്‍ത്തനവുമുണ്ടായിട്ടുണ്ട്.

''എന്റെ ലക്ഷ്യം വളരെ ലളിതമാണ്. ഈ പ്രപഞ്ചം ഇപ്പോഴത്തെ നിലയിലെത്തിയത് എങ്ങിനെ? പ്രപഞ്ചം നിലനില്‍ക്കുന്നത് എന്തുകൊണ്ട്? '' ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സ്റ്റീഫന്‍ ഹോക്കിംഗ് നിരവധി കണ്ടുപിടുത്തങ്ങളാണ് നടത്തിയത്.

1965ല്‍ കോളേജ് സുഹൃത്തായ ജയ്ന്‍ വൈല്‍ഡിനെ വിവാഹം ചെയ്ത സ്റ്റീഫന്‍ തന്റെ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും കൈത്താങ്ങ് നേടിയത് ഭാര്യയില്‍ നിന്നായിരുന്നു. ഒരു കണക്കിന് സ്റ്റീഫന്റെ ജീവിതം കരുപ്പിടിപ്പിച്ചതില്‍ ആമൂല്യമായ ഭാഗമാണ് ജയ്ന്‍ വഹിച്ചത്. പില്‍ക്കാലത്ത് അവര്‍ തമ്മിലുള്ള അസ്വാരസ്യം വിവാഹ മോചനത്തില്‍ കലാശിച്ചു. ഈ ബന്ധത്തില്‍ പിറന്ന മൂന്ന് കുട്ടികളും (റോബര്‍ട്ട്, ലൂസി, ടിമോത്തി) മൂന്ന് പേരക്കുട്ടികളും അടങ്ങിയതായിരുന്നു ഹോക്കിംഗിന്റെ കുടുംബം. 1999ല്‍ എലീന മേസണ്‍ എന്ന നഴ്‌സിനെ വിവാഹം ചെയ്തു. ഈ ബന്ധം 11 വര്‍ഷക്കാലം നീണ്ടുനിന്നു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ നിര്യാണം ശാസ്ത്രലോകത്തിന് പ്രത്യേകിച്ച് പ്രപഞ്ച ശാസ്ത്രത്തിന് ഒരു തീരാനഷ്ടമാണെന്നതില്‍ സംശയമില്ല.

പ്രൊഫസര്‍ വിപിഎന്‍ നമ്പൂതിരി
എമറിറ്റസ് പ്രൊഫസര്‍
കൊച്ചിന്‍ സര്‍വകലാശാല
First published: March 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...