• HOME
  • »
  • NEWS
  • »
  • money
  • »
  • Twitter | പരാ​ഗ് അ​ഗർവാളിനു പകരം പുതിയ സിഇഒ? മസ്ക് ഒരാളെ കണ്ടുവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

Twitter | പരാ​ഗ് അ​ഗർവാളിനു പകരം പുതിയ സിഇഒ? മസ്ക് ഒരാളെ കണ്ടുവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

പരാ​ഗ് അ​ഗർവാൾ ഉൾപ്പെടെ ഉള്ളവർ അടങ്ങിയ ട്വിറ്ററിൽ നിലവിലുള്ള മാനേജ്മെന്റ് ടീമിൽ ഇലോൺ മസ്ക് സംതൃപ്തനല്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു

Photo: Reuters

Photo: Reuters

  • Share this:
    ഇലോൺ മസ്ക് (Elon Musk) ട്വിറ്റർ (Twitter) വാങ്ങുമെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഏറ്റെടുക്കലിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. മുൻപ് പലതവണ പറ‍ഞ്ഞിട്ടുള്ള മാറ്റങ്ങൾ മസ്ക് പ്രാവർത്തികമാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ട്വിറ്റർ സിഇഒ പരാ​ഗ് അ​ഗർവാളിനെ (Parag Agrawal) ആ സ്ഥാനത്തു നിന്നും മാറ്റി പകരം മറ്റൊരാളെ കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സിഇഒ സ്ഥാനത്തേക്ക് ഇലോൺ മസ്ക് മറ്റൊരാളെ കണ്ടുവെച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

    പരാ​ഗ് അ​ഗർവാൾ ഉൾപ്പെടെ ഉള്ളവർ അടങ്ങിയ ട്വിറ്ററിൽ നിലവിലുള്ള മാനേജ്മെന്റ് ടീമിൽ ഇലോൺ മസ്ക് സംതൃപ്തനല്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ ട്വിറ്റർ വാങ്ങുകയാണെന്ന മസ്കിന്റെ പ്രഖ്യാപനം വാക്കിൽ ഒതുങ്ങുകയാണെങ്കിൽ പരാ​ഗ് അ​ഗർവാൾ തന്നെ തൽസ്ഥാനത്ത് തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. കമ്പനിയിലെ ചുമതലയിൽ മാറ്റം വരുത്തി ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തെ പിരിച്ചുവിട്ടാൽ പരാ​ഗിന് 42 ദശലക്ഷം ഡോളർ ലഭിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഇക്വിലാർ അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

    ഇതിനിടെ, ട്വിറ്റർ ജീവനക്കാരുടെ രോഷാകുലമായ ചോദ്യങ്ങളെയും പരാഗ് അ​ഗർവാൾ നേരിട്ടിരുന്നു. മസ്‌ക് എപ്പോൾ വരുമെന്നും ട്വിറ്ററിന്റെ പോക്ക് എങ്ങോട്ടാണെന്നും ഒരു മീറ്റിങ്ങിനിടെ ജീവനക്കാർ ചോദിച്ചിരുന്നു. ട്വിറ്ററിൽ ഒരു പതിറ്റാണ്ടിലേറെ ചെലവഴിച്ച അഗർവാളിന് ആ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല.

    ട്വിറ്റർ വാങ്ങാനുള്ള ഇലോൺ മസ്‌കിന്റെ ഓഫർ കമ്പനി അംഗീകരിച്ച് മണിക്കൂറുകൾക്ക് ശേഷം, ട്വിറ്റർ ജീവനക്കാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ, കരാർ അവസാനിക്കുന്നതുവരെ താൻ സിഇഒ ആയി തുടരുമെന്ന് അഗർവാൾ അറിയിച്ചിരുന്നു. ഇടപാട് അവസാനിച്ചതിന് ശേഷം എന്തു സംഭവിക്കും എന്ന കാര്യത്തിൽ തീർച്ചയായും അനിശ്ചിതത്വമുണ്ട് എന്നായിരുന്നു അന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞിരുന്നത്.

    കഴിഞ്ഞ വർഷം നവംബറിൽ ആണ് ബോംബെ ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ പരാഗ് അഗർവാൾ സഹസ്ഥാപകനായ ജാക്ക് ഡോർസിയിൽ നിന്നും ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അഗർവാൾ ട്വിറ്ററിലെ ഈ പ്രധാന റോളിൽ ഉണ്ട് . 2011ൽ കമ്പനിയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം സിഇഒ ചുമതല ഏറ്റെടുക്കുന്നതിനു മുൻപ് ട്വിറ്ററിലെ ചീഫ് ടെക്നോളജി ഓഫീസറായും (സിടിഒ) സേവനമനുഷ്ഠിച്ചിരുന്നു.

    Also Read- Twitter | ഇലോണ്‍ മസ്‌ക് ചോദിച്ചു ട്വിറ്ററിന് എന്താ വില?3.35 കോടി ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു

    കമ്പനിയുടെ സാങ്കേതിക തന്ത്രം കൈകാര്യം ചെയ്യുന്നത് മുതൽ മെഷീൻ ലേണിങ്, എഐ എന്നിവയുടെ മേൽനോട്ടം, ഉപയോക്താക്കളുടെ വളർച്ച ത്വരിതപ്പെടുത്തൽ , പരസ്യ സംവിധാനവും വരുമാനവും മെച്ചപ്പെടുത്തൽ വരെയുള്ള കാര്യങ്ങളിൽ ഇടപെട്ടിരുന്ന പരാ​ഗ് അ​ഗർവാൾ ട്വിറ്ററിനെ ഇന്നത്തെ നിലയിലാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന സുപ്രധാന വ്യക്തികളിൽ ഒരാളാണ്.

    അതേസമയം, ഇലോൺ മസ്കിന്റെ കയ്യിലേക്ക് ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്റർ എത്തിച്ചേർന്നാൽ, പല മാറ്റങ്ങളും സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിറ്ററിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഇലോൺ മസ്ക് മുൻപ് പല തവണ തുറന്നു പറഞ്ഞിട്ടുമുണ്ട്.
    Published by:Anuraj GR
    First published: