ലോകത്തെ അതിസമ്പന്നൻമാരിൽ ഒരാളായ ഇലോൺ മസ‍്‍ക് (Elon Musk) മൈക്രോ ബ്ലോഗിങ് പ്ലാറ്റ‍്‍ഫോം ആയ ട്വിറ്റർ (Twitter) 44 ബില്യൺ ഡോളറിനാണ് ഈയടുത്ത് സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയുടെ (Social Media) ഗതി തന്നെ മാറ്റിക്കുറിക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് മസ‍്‍ക് ട്വിറ്ററിനെ ഏറ്റെടുത്തിട്ടുള്ളത്. ട്വിറ്ററിനെ അടിമുടി മാറ്റിമറിക്കാനുള്ള പദ്ധതികൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. എഡിറ്റ് ഓപ്ഷൻ കൊണ്ടു വരുമെന്നതും സ്പാം പരമാവധി ഇല്ലാതാക്കുമെന്നതും അവയിൽ ചിലത് മാത്രമാണ്. വമ്പൻ മാറ്റങ്ങളുണ്ടാവുമെന്ന സൂചനയാണ് അദ്ദേഹം ഇപ്പോൾ നൽകുന്നത്.
ട്വിറ്റർ ഉപയോഗിക്കുന്നവരിൽ നിന്ന് ചെറിയ തുക ഈടാക്കാൻ മസ‍്‍കിന് പദ്ധതിയുണ്ട്. എന്നാലത് വളരെ പെട്ടെന്ന് ചെയ്യില്ല. ഭാവിയിലേക്കാണ് ഇത്തരമൊരു പദ്ധതി മനസ്സിലുള്ളത്. സാധാരണ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ പദ്ധതിയില്ല. എന്നാൽ ഗവൺമെൻറ്, കൊമേഴ്സ്യൽ അക്കൗണ്ടുകളിൽ നിന്ന് ഭാവിയിൽ ചെറിയ തുക ഈടാക്കിയേക്കും. തന്റെ തന്നെ പഴയൊരു ട്വീറ്റിന് മറുപടി നൽകുമ്പോഴാണ് ടെസ‍്‍ല സിഇഒ കൂടിയായ ഇലോൺ മസ‍്‍ക് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read-
മൂന്നു മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുള്ള പ്ലാനുകൾ ജിയോ അവതരിപ്പിച്ചു"ട്വിറ്റർ എക്കാലത്തും സാധാരണ ഉപഭോക്താക്കൾക്ക് സൗജന്യമായി തന്നെ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഗവൺമെൻറ്, കൊമേഴ്സ്യൽ ഉപഭോക്താക്കൾ ചിലപ്പോൾ ഭാവിയിൽ ചെറിയ തുക നൽകേണ്ടി വരും," മസ‍്‍ക് ട്വീറ്റിന് മറുപടിയായി പറഞ്ഞു. ട്വിറ്ററിന് പണം ഈടാക്കുകയെന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന സൂചന തന്നെയാണ് പുതിയ ഉടമ നൽകുന്നത്. നിരവധി മാറ്റങ്ങൾ ട്വിറ്ററിൽ വരുത്തുമെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. ട്വിറ്ററിൽ എഡിറ്റ് ബട്ടൺ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
Also Read-
പരാഗ് അഗർവാളിനു പകരം പുതിയ സിഇഒ? മസ്ക് ഒരാളെ കണ്ടുവെച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്ട്വിറ്ററിലെ സ്പാം ബോട്ടുകൾ അവസാനിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വാഗ്ദാനം. വെരിഫിക്കേഷൻ ഇനി വളരെ എളുപ്പത്തിലാക്കുമെന്നും മസ‍്‍ക് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ട്വിറ്ററിൽ യാതൊരു തരത്തിലുള്ള വിലക്കും ഉണ്ടാവില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചകൾ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷമാണ് മസ‍്‍ക് ട്വിറ്റർ സ്വന്തമാക്കിയത്. നേരത്തെ തന്നെ അദ്ദേഹത്തിന് കമ്പനിയിൽ 9.2 ശതമാനം ഓഹരികൾ ഉണ്ടായിരുന്നു. എന്നാൽ അത് കൊണ്ട് ഡയറക്ടർ ബോർഡിൽ അംഗമാവാൻ സാധിച്ചിരുന്നില്ല.
അവിടെ അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. 43 ബില്യൺ ഡോളറുമായാണ് അദ്ദേഹം രണ്ടാം ഘട്ടത്തിൽ ഇറങ്ങിത്തിരിച്ചത്. എന്നാൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് ആ തുക ആദ്യം നിരസിച്ചു. അങ്ങനെ കൂടുതൽ ഓഹരികൾ വാങ്ങാമെന്ന മസ‍്‍കിൻെറ പദ്ധതി പാളി. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്നെ വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്. 44 ബില്യൺ ഡോളറിനാണ് ഒടുവിൽ ഇലോൺ മസ‍്‍ക് ട്വിറ്റർ സ്വന്തമാക്കുന്നത്. ട്വിറ്ററിൽ പ്രധാനമായും അഞ്ച് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഏറ്റെടുക്കൽ വാർത്ത പ്രഖ്യാപിച്ചതിനു ശേഷം ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. ലോകത്തെ അതിസമ്പന്നൻ ഇനി ട്വിറ്ററിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുമെന്ന് കാത്തിരുന്ന് കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.