അമേരിക്കൻ തെരഞ്ഞെടുപ്പിനെ തുർന്ന് ഏർപ്പെടുത്തിയ രാഷ്ട്രീയ പരസ്യങ്ങൾക്ക് ഉള്ള വിലക്ക് നീക്കിയെന്ന് ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. 2020ൽ ഏർപ്പെടുത്തിയ വിലക്ക് സാമൂഹ്യ വിഷയങ്ങൾ സംബന്ധിച്ച പരസ്യങ്ങൾക്കും ബാധകമായിരുന്നു.
സ്ഥാനാർത്ഥികൾ, രാഷ്ട്രീയ സംഘടനകൾ തുടങ്ങിയവർക്ക് വ്യാഴാഴ്ച മുതൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങൾ നൽകാം. കഴിഞ്ഞ വർഷം നവംബറിൽ തെരഞ്ഞെടുപ്പിന് ശേഷം സമാനമായ ഒരുപാട് നിയന്ത്രണങ്ങൾ ഫേസ്ബുക്ക് നടപ്പിൽ വരുത്തിയിരുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പാക്കാനും കുഴപ്പങ്ങൾ വിതക്കാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് അത്തരം നടപടികൾ സ്വീകരിച്ചതെന്ന് ഫേസ്ബുക്ക് വിശദീകരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് അവസാനിച്ച നവംബർ മൂന്നിനാണ് ഫേസ്ബുക്ക് അമേരിക്കയിൽ രാഷ്ട്രീയ പരസ്യങ്ങൾ നിർത്തി വെച്ചത്. തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പത്തെ ആഴ്ച പരസ്യ നിയന്ത്രണം ഫേസ്ബുക്ക് വീണ്ടും നീട്ടി വെക്കുകയായിരുന്നു. നിയന്ത്രണങ്ങൾ താൽക്കാലികമാണെന്ന് പറഞ്ഞ കമ്പനി എത്ര സമയമെന്ന് കൃത്യമായി പ്രതിപാദിച്ചിരുന്നില്ല.
'തെരഞ്ഞെടുപ്പ് കാലത്ത് പരസ്യ നിരോധനം സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്. ഈ വിഷയത്തിൽ വേണ്ടത്ര പഠനങ്ങൾ നടത്താനും ഈ സമയം സഹായകമായി' - ഫേസ്ബുക്ക് ബുധനാഴ്ച്ച പുറത്തു വിട്ട ബ്ലോഗ് പോസ്റ്റിൽ പറയുന്നു. വരും മാസങ്ങളിൽ പരസ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വേണമെങ്കിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. എന്നാൽ, ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.