നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Facebook | പേര് മാറ്റാൻ ഒരുങ്ങി ഫേസ്ബുക്ക്; കമ്പനിയിൽ വൻ അഴിച്ചു പണികളെന്ന് റിപ്പോർട്ട്

    Facebook | പേര് മാറ്റാൻ ഒരുങ്ങി ഫേസ്ബുക്ക്; കമ്പനിയിൽ വൻ അഴിച്ചു പണികളെന്ന് റിപ്പോർട്ട്

    ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ഒക്കുലസ് എന്നിവ അടങ്ങുന്ന കമ്പനിയുടെ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഫേസ്ബുക്കിനെ മാത്രമാണ് റീബ്രാന്‍ഡിംഗ് ചെയ്യാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു

    • Share this:
      സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് അടുത്തയാഴ്ച കമ്പനിയെ പുതിയ പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ കൂടി ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിയ്ക്ക് പുതിയ പേര് കണ്ടെത്തിയതായാണ് വിവരം. ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു ഉറവിടം ഉദ്ധരിച്ച് ഒക്ടോബര്‍ 19ന് ദി വെര്‍ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിട്ടില്ല.

      ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സില്‍ പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ കാര്യം ഉടന്‍ തന്നെ ഫേസ്ബുക്ക് പരസ്യപ്പെടുത്തുമെന്നാണ് വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

      ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ഒക്കുലസ് എന്നിവ അടങ്ങുന്ന കമ്പനിയുടെ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഫേസ്ബുക്കിനെ മാത്രമാണ് റീബ്രാന്‍ഡിംഗ് ചെയ്യാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

      ഫെയ്‌സ്ബുക്കിന്റെ ഭാവി മെറ്റാവേഴ്‌സ് ആശയത്തിലാണെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമൊക്കെ സാധിക്കുന്ന 'ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ്' ആണ് മെറ്റാവേഴ്‌സ്. കമ്പനിയുടെ ഒക്കുലസ് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളും സേവനവും പ്രസ്തുത ആശയം സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായകമാണ്. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്‌സ് നിര്‍മിക്കുന്നതിനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. റീബ്രാന്‍ഡിംഗിലൂടെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ഒക്കുലസ് തുടങ്ങിയ ഗ്രൂപ്പുകളുടെ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

      നിലവില്‍ ആളുകളില്‍ നിന്ന് ഫേസ്ബുത്ത് കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി ഇത്തരത്തില്‍ റീബ്രാന്‍ഡിങ്ങ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ കണ്ടന്റുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ചും കമ്പനിയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ആപ്പ് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി അടുത്തിടെ തീരുമാനം എടുത്തിരുന്നു.

      ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കമ്പനിയുടെ മാത്രം പേരാണ് മാറ്റുക. ഫേസ്ബുക്ക് ആപ്പും സോഷ്യല്‍ മീഡിയയും അതേ പേരില്‍ തന്നെ തുടരും. ഇനി മുതല്‍ മെറ്റാവേഴ്‌സിന് പ്രാധാന്യം കൊടുത്ത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് ഫേസ്ബുക്ക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

      ഇതിനോടകം തന്നെ ഫേസ്ബുക്ക് വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഓഗ്മെന്റ്ഡ് റിയാലിറ്റി (ഒ.ആര്‍) എന്നീ നൂതനസാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മെറ്റാവേഴ്‌സിന് കൂടുതല്‍ ബലമേകാനായി യൂറോപ്യന്‍ യൂണിയനില്‍ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 തൊഴിലവസരം സൃഷ്ടിക്കാനാണ് പദ്ധതി. ജൂലൈ മുതലാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മെറ്റാവേഴ്‌സ് എന്ന പദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
      Published by:Jayashankar AV
      First published:
      )}