മെഷീൻ ലേണിംഗ് (machine learning) സിസ്റ്റങ്ങളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'AI സൂപ്പർകമ്പ്യൂട്ടർ'എന്ന ഹൈ-സ്പീഡ് കമ്പ്യൂട്ടറിന്റെ നിർമ്മാണത്തിലാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ (Meta). തങ്ങളുടെ ഏറ്റവും പുതിയ AI റിസർച്ച് സൂപ്പർക്ലസ്റ്റർ അഥവാ ആർഎസ്സി (RSC) ഇത്തരത്തിലുള്ള ഏറ്റവും വേഗതയേറിയ മെഷീനുകളിൽ ഒന്നാണെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 2022 പകുതിയോടെ കംമ്പ്യൂട്ടറിന്റെ നിർമ്മാണം പൂർത്തിയാകുമെന്നും ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ആയിരിക്കുമെന്നും കമ്പനി പറയുന്നു.
"ലോകത്തിലെ ഏറ്റവും വേഗതയേറിയ എ.ഐ. സൂപ്പർ കമ്പ്യൂട്ടർ എന്ന് ഞങ്ങൾ വിശ്വസിക്കുന്ന സാങ്കേതികവിദ്യ മെറ്റ വികസിപ്പിച്ചെടുത്തുവെന്ന്," മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പ്രസ്താവനയിൽ പറഞ്ഞു. "ഞങ്ങൾ ഇതിനെ എഐ റിസർച്ച് സൂപ്പർക്ലസ്റ്റർ എന്നാണ് വിളിക്കുന്നത്, ഇതിന്റെ നിർമ്മാണം ഈ വർഷാവസാനം പൂർത്തിയാകുമെന്നും" അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റും എൻവിഡിയയും പോലുള്ള മെറ്റയുടെ എതിരാളികൾ അവരുടെ സ്വന്തം "AI സൂപ്പർ കമ്പ്യൂട്ടറുകൾ" ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മെറ്റയുടെ സൂപ്പർകമ്പ്യൂട്ടർ സാധാരണ സൂപ്പർ കമ്പ്യൂട്ടറുകളിൽ നിന്ന് അല്പം വ്യത്യസ്തമാണെന്നും കമ്പനി വ്യക്തമാക്കുന്നു. മെറ്റയുടെ ബിസിനസ്സുകളിൽ ഉടനീളം ആർഎസ്സി ഉപയോഗിക്കുമെന്നാണ് വിവരം. ഫേസ്ബുക്ക് (Facebook) ഇൻസ്റ്റഗ്രാം (Instagram) എന്നിവയിലെ വിദ്വേഷകരമായ സംഭാഷണങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന കണ്ടന്റ് മോഡറേഷൻ അൽഗോരിതത്തിൽ മുതൽ കമ്പനിയുടെ ഭാവി എആർ ഹാർഡ്‌വെയറിലെ ഓഗ്‌മെന്റഡ് റിയാലിറ്റി ഫീച്ചറുകളിൽ വരെ ഇവ ഉപയോഗിക്കും. കൂടാതെ, മെറ്റാവേർസ് രൂപകൽപ്പന ചെയ്യാനും ആർഎസ്സി ഉപയോഗിക്കുമെന്നും മെറ്റാ പറയുന്നു.
“ട്രില്യൺ കണക്കിന് ഉദാഹരണങ്ങളിൽ നിന്ന് പഠിക്കാൻ കഴിയുന്ന പുതിയതും മികച്ചതുമായ AI മോഡലുകൾ നിർമ്മിക്കാൻ മെറ്റയുടെ AI ഗവേഷകരെ ആർഎസ്‌സി സഹായിക്കും. നൂറുകണക്കിന് വ്യത്യസ്ത ഭാഷകളിൽ പ്രവർത്തിക്കുക, വാചകം, ചിത്രങ്ങൾ, വീഡിയോ എന്നിവ ഒരുമിച്ച് വിശകലനം ചെയ്യുക, പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ടൂളുകൾ വികസിപ്പിക്കുക” തുടങ്ങിയവയൊക്കെ ആർഎസ്സി വഴി സാധിക്കുമെന്നും മെറ്റാ എഞ്ചിനീയർമാരായ കെവിൻ ലീയും ശുഭോ സെൻഗുപ്തയും ഒരു ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
"ഉദാഹരണത്തിന്, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വലിയൊരു കൂട്ടം ആളുകളുടെ തത്സമയ വോയ്‌സ് വിവർത്തനം ചെയ്യാൻ കഴിയുന്ന AI സിസ്റ്റങ്ങൾ നിർമ്മിക്കാൻ RSC സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും" അവർ കൂട്ടിച്ചേർത്തു.
ഒന്നര വർഷം മുമ്പാണ് മെറ്റയുടെ എഞ്ചിനീയർമാർ ആർഎസ്‌സിയുടെ നിർമ്മാണം ആരംഭിച്ചത്. ആർഎസ്‌സിയുടെ ഒന്നാം ഘട്ട നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. 2022 അവസാനത്തോടെ, ആർഎസ്‌സിയുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകും.
മെഷീൻ ലേണിങ്ങിന് പരമ്പരാഗത സൂപ്പർ കംപ്യൂട്ടറുകൾക്ക് നൽകുന്ന ജോലികളേക്കാൾ ഹ്രസ്വമായ വിശദീകരണം മാത്രം നൽകിയാൽ മതി. "AI സൂപ്പർ കമ്പ്യൂട്ടറുകൾക്ക്" ഒരേ ഹാർഡ്‌വെയർ ഉപയോഗിക്കുന്ന സാധാരണ സൂപ്പർ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് സെക്കൻഡിൽ കൂടുതൽ കണക്കുകൂട്ടലുകൾ നടത്താൻ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.