• HOME
  • »
  • NEWS
  • »
  • money
  • »
  • Flipkart Health+ | ഇനി മരുന്നുകളും ഓൺലൈനായി ഓർഡർ ചെയ്യാം; പുതിയ ആപ്പുമായി ഫ്ലിപ്കാർട്ട്

Flipkart Health+ | ഇനി മരുന്നുകളും ഓൺലൈനായി ഓർഡർ ചെയ്യാം; പുതിയ ആപ്പുമായി ഫ്ലിപ്കാർട്ട്

സ്വതന്ത്ര വില്‍പ്പനക്കാരില്‍ നിന്ന് ഗുണമേന്മയുള്ള മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുമെന്ന് ഫ്ലിപ്കാർട്ട് പറയുന്നു.

  • Share this:
ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ഫ്ലിപ്കാർട്ട് (Flipkart) ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇ കോമേഴ്സ് (E - Commerce) സേവന ദാതാക്കളിൽ ഒന്നാണ്. ഇനി ഫ്ലിപ്കാർട്ടിലൂടെ മരുന്നുകളും നിങ്ങളുടെ വീടുകളിലെത്തും. ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് (Flipkart Health+) എന്ന ആപ്പിലൂടെയാണ് പുതിയ സംരഭത്തിന് ഇ-കൊമേഴ്‌സ് ഭീമൻ തയ്യാറെടുക്കുന്നത്. പ്രധാനമായും മരുന്നുകളും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഫ്ലിപ്കാർട്ട് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ 20,000 പിന്‍ കോഡുകളിലുടനീളം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുമെന്നും സ്വതന്ത്ര വില്‍പ്പനക്കാരില്‍ നിന്ന് ഗുണമേന്മയുള്ള മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുമെന്ന് ഫ്ലിപ്കാർട്ട് പറയുന്നു. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന അപ്പോളോ 247, ടാറ്റ 1mg തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഓണ്‍ലൈന്‍ ആയി ജനങ്ങള്‍ക്ക് മരുന്നുകള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നതിനുമായി ഫ്ലിപ്കാർട്ട് SastaSundar.com എന്ന ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനി 2021 നവംബറില്‍ ഏറ്റെടുത്തിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ ആപ്പിന്റെ പ്രഖ്യാപനം.

എല്ലാത്തരം ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള ഒരു ഉപഭോക്ത്യ സൗഹൃദ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ആപ്പ് രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി വിശദീകരിക്കുന്നു. പ്ലാറ്റ്ഫോമില്‍ 500-ലധികം സ്വതന്ത്ര വില്‍പ്പനക്കാരുണ്ട്. അവര്‍ക്ക് മെഡിക്കല്‍ കുറിപ്പടികളുടെ പരിശോധനയ്ക്കും മരുന്നുകളുടെ കൃത്യമായ വിതരണത്തിനുമായി രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുമുണ്ട്.

മരുന്നുകളും ആരോഗ്യ സംരക്ഷണത്തിനുള്ള മറ്റ് ഉല്‍പ്പന്നങ്ങളും സ്വതന്ത്ര വില്‍പ്പനക്കാരില്‍ നിന്ന് ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന് ഗുണനിലവാര പരിശോധനകളും പ്രത്യേക പ്രോട്ടോക്കോളുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. വരും മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ടെലികണ്‍സള്‍ട്ടേഷനും ഇ-ഡയഗ്നോസ്റ്റിക്സും പോലുള്ള മറ്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹെൽത്ത് കെയർ സേവന ദാതാക്കളെക്കൂടി ഉള്‍പ്പെടുത്താനും ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പദ്ധതിയിടുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വൈകാതെ ഇത് ഐഒഎസിലും ലഭ്യമാക്കും. ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാം. "കോവിഡ്-19 മഹാമാരിയ്ക്ക് ശേഷം ഇന്ത്യക്കാര്‍ മുമ്പെങ്ങുമില്ലാത്ത വിധം ആരോഗ്യ കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്തുടനീളം, പ്രത്യേകിച്ച് ദൂരദേശങ്ങളിലെ ജനങ്ങൾക്ക് മരുന്നുകളും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കിക്കൊണ്ട് ഇത്തരം സൗകര്യങ്ങൾ നേടുന്നതിൽ അവര്‍ നേരിടുന്ന വിടവ് പരിഹരിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്'', ഫ്ലിപ്കാർട്ട് ഹെല്‍ത്ത് പ്ലസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് ജവേരി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ ഇ-കോമേഴ്സ് രംഗത്ത് കൃത്യമായ മേല്‍ക്കൈ നേടാനാണ് ഫ്ലിപ്കാർട്ട് പുതിയ സംരംഭവുമായി എത്തിയിരിക്കുന്നത്.
Published by:Sarath Mohanan
First published: