12,000 തൊഴിലസവരങ്ങളുമായി ഗൂഗിൾ (Google) എത്തുന്നു. അമേരിക്കയിൽ ഉടനീളമുള്ള കമ്പനിയുടെ ഡാറ്റാ സെന്ററുകളിലേക്കും ഓഫീസുകളിലേക്കുമായി ഈ വർഷം ഏകദേശം 9.5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പ്രഖ്യാപിച്ചു. സുന്ദർ പിച്ചെയുടെ (Sundar Pichai) നേതൃത്വത്തിലുള്ള ടെക് ഭീമൻ കഴിഞ്ഞ വർഷം നിക്ഷേപിച്ചതിൽ നിന്ന് 2 ബില്യൺ ഡോളർ കൂടുതലാണിത്. പുതിയ നിക്ഷേപത്തിലൂടെ ഈ വർഷം കുറഞ്ഞത് 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നെവാഡ, നെബ്രാസ്ക, വിർജീനിയ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ഡാറ്റാ സെന്ററുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.
''കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, 26 സംസ്ഥാനങ്ങളിലെ ഞങ്ങളുടെ ഓഫീസുകളിലും ഡാറ്റാ സെന്ററുകളിലും ഞങ്ങൾ 37 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചു, ഇത് 40,000-ലധികം മുഴുവൻ സമയ ജോലികളാണ് സൃഷ്ടിച്ചത്'', കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
“ഇന്ന് ഞങ്ങൾ ഞങ്ങളുടെ യു.എസ് ഓഫീസുകളിലും ഡാറ്റാ സെന്ററുകളിലും ഏകദേശം 9.5 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയാണ്. ഈ നിക്ഷേപങ്ങൾക്കൊപ്പം, വർഷാവസാനത്തോടെ കുറഞ്ഞത് 12,000 പുതിയ മുഴുവൻ സമയ ജോലികളും ആയിരക്കണക്കിന് മറ്റ് ജോലികളും സൃഷ്ടിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു”, കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഈ വർഷം അറ്റ്ലാന്റയിൽ ഒരു പുതിയ ഓഫീസ് തുറക്കുകയും നെവാഡയിലെ സ്റ്റോറി കൗണ്ടിയിൽ ഡാറ്റാ സെന്റർ വികസിപ്പിക്കുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു. കാലിഫോർണിയയിലെ ഓഫീസുകളിൽ നിക്ഷേപം തുടരുകയും തങ്ങളുടെ 1 ബില്യൺ ഡോളർ ഭവന പദ്ധതിയുടെ ഭാഗമായി ബേ ഏരിയയിലെ ഭവന സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ദശലക്ഷക്കണക്കിന് അമേരിക്കൻ വ്യവസായങ്ങളെ തങ്ങൾ ലാഭേച്ഛയില്ലാതെ സഹായിച്ചെന്നും ആൻഡ്രോയിഡ് ആപ്പ് എക്കണോമി വഴി കഴിഞ്ഞ വർഷം ഏകദേശം രണ്ട് ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചുവെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് കേസുകൾ കുറഞ്ഞതോടെ അമേരിക്ക, യുകെ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ ചില ഓഫീസുകളിലേക്ക് ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നതും നിർബന്ധമാക്കി.
2030-ഓടെ കാർബൺ രഹിത ഊർജ സ്രോതസുകളുടെ സഹായത്തോടെ തങ്ങളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്നും ഗൂഗിൾ അറിച്ചു.
Also Read-
5G Advanced | എന്താണ് 5G അഡ്വാൻസ‍്‍ഡ്? 5Gയിൽ നിന്നുള്ള മാറ്റമെന്ത്? അറിയേണ്ടതെല്ലാംഅമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ഗൂഗിളിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇ-കൊമേഴ്‌സ്, കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവയിലെല്ലാം പ്രവർത്തനങ്ങളുണ്ട്. സുന്ദർ പിച്ചെ ആണ് കമ്പനിയുടെ സിഇഒ.
2015 ഓഗസ്റ്റ് 10ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചപ്പോൾ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ മാറി. മുൻ സിഇഒ ലാറി പേജ് ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ സുന്ദർ പിച്ചെ രണ്ടിലും സിഇഒ സ്ഥാനം വഹിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.