HOME » NEWS » Money »

കാഴ്ച പരിമിതിയുള്ളവർക്ക് സ്മാർട്ട് ഫോണുകളുമായി സംസ്ഥാന സർക്കാർ

പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ആൻഡ്രോയ്ഡ് ഫോണുകളാണ് വാങ്ങുന്നത്. 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാൻ 1.19 കോടി രൂപ സർക്കാർ അനുമതി നൽകി. ഒരു ഫോണിന്‍റെ വില. 11935 രൂപ.

News18 Malayalam | news18
Updated: November 6, 2019, 9:42 PM IST
കാഴ്ച പരിമിതിയുള്ളവർക്ക് സ്മാർട്ട് ഫോണുകളുമായി സംസ്ഥാന സർക്കാർ
News 18
  • News18
  • Last Updated: November 6, 2019, 9:42 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന്‍റെ കാഴ്ചപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് ഫോണുകൾ വാങ്ങുന്നത്. 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപയുടെ അനുമതി നൽകി. കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍ തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്. ഗുണനിലവാരം, സര്‍വീസ്, വാറണ്ടി എന്നിവയും ഉറപ്പുവരുത്തിയാണ് ഫോൺ വാങ്ങുന്നത്. എത്രയും വേഗം ഫോണുകള്‍ സജ്ജമാക്കി അര്‍ഹരായവരിലേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

റെഡ്മിയുടെ ഫോണാണ് നൽകുന്നത്. ഫോണിനൊപ്പം പ്രത്യേകം തുക നൽകിയാണ് കാഴ്ച ഇല്ലാത്തവർക്ക് സഹായകമാകുന്ന ആപ്ലിക്കേഷനുകൾ വാങ്ങുന്നത്. ഫോണിന് രണ്ട് വർഷത്തെ ഇൻഷുറൻസും നൽകും. ഫോൺ മോഷണം പോയാലും ഇൻഷുറൻസ് ഉള്ളതിനാൽ പുതിയ ഫോൺ ലഭിക്കും. കാഴ്ച ഇല്ലാത്തവരിൽ നിന്നും ഫോണുകൾ മോഷണം പോകാൻ സാധ്യത കൂടുതലായതിനാലാണ് ഫോണുകൾക്കൊപ്പം ഇൻഷുറസും നൽകുന്നത്. സർക്കാർ ഒരു ഫോണിന് 11935 രൂപയാണ് ചെലവാക്കുന്നത്. 1000 പേർക്കും സൗജന്യമായി ഫോണുകൾ നൽകും.

ഫോണുകളിൽ പ്രത്യേകം ആപ്ലിക്കേഷനുകൾ

കാഴ്ചപരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനം ഫോണിൽ ഉണ്ടാകും. പത്രവായന, പുസ്തകവായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പർച്ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റ് വെയറിലൂടെ സാധ്യമാകും.സ്ഥലമറിയാൻ സംസാരിക്കുന്ന റൂട്ട് മാപ്പും പണമറിയാൻ മണി റീഡറും

കാഴ്ച വെല്ലുവിളി അനുഭവിക്കുന്നവർ നേരിടുന്ന വലിയ പ്രശ്‌നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍, മൊബൈലിലെ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ഡയറക്ഷന്‍ തിരിച്ചറിയാനും സാധിക്കുന്നു. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നതാണ്.

പ്രത്യേകം പരിശീലന പരിപാടി

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയുടെയും ചെവിയുടെയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്ന വിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്. ഈ ഫോണുകള്‍ സുഗമമായി ഉപയോഗിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലവും നല്‍കും. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം നേരത്തെ തിരുവനന്തപുരത്ത് നടത്തിയിരുന്നു. ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഈ പരിശീലനം പൂര്‍ത്തിയാക്കിയ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഗുണഭോക്താക്കള്‍ക്ക് അന്നു തന്നെ ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കുന്നതാണ്.

ഫോണുകൾ നൽകുന്നത് കാഴ്ചപദ്ധതിയിൽ ഉൾപ്പെടുത്തി

കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഈ പദ്ധതിയിലൂടെ കാഴ്ചപരിമിതിയുള്ള യുവതി യുവാക്കള്‍ക്ക് പ്രത്യേക സോഫ്റ്റ് വെയറോടു കൂടിയ ലാപ്‌ടോപും സ്മാര്‍ട്ട് ഫോണുകളുമാണ് ലഭ്യമാക്കുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പാക്കുന്ന പദ്ധതിക്ക് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.
First published: November 6, 2019, 9:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories