• HOME
  • »
  • NEWS
  • »
  • money
  • »
  • Battery Life | സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കണോ? ആറ് വഴികൾ ഇതാ

Battery Life | സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കണോ? ആറ് വഴികൾ ഇതാ

ഫോണിന്റെ ബാറ്ററി കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്ന ചില ലളിതമായ വഴികള്‍ നോക്കാം.

  • Share this:
    മികച്ച ബാറ്ററി ലൈഫുള്ള (Battery Life) സ്മാര്‍ട്ട്ഫോണുകള്‍ (Smartphones) കണ്ടെത്തുക പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം ഫോണുകൾ ചെലവേറിയതാതാകാനും സാധ്യതയുണ്ട്. ഉയര്‍ന്ന mAh റേറ്റിങോടുകൂടിയ ബാറ്ററികളുള്ള ഫോണുകൾക്കാണ് പലരും മുൻഗണന നൽകാറുള്ളത്. നല്ല ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഫോണ്‍ വാങ്ങുന്നത് നല്ലതാണെങ്കിലും ബാറ്ററിയുടെ പ്രകടനം നിങ്ങള്‍ അത് ഉപയോഗിക്കുന്ന രീതിയെക്കൂടി ആശ്രയിച്ചിരിക്കുന്നു. ഫോണിന്റെ ബാറ്ററി കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്ന ചില ലളിതമായ വഴികള്‍ നോക്കാം.

    1. ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കുക: ലൈവ് വാള്‍പേപ്പറുകള്‍ കസ്റ്റമൈസ്ഡ് ആപ്പുകളാണ്. ഈ വാള്‍പേപ്പറുകള്‍ ആകർഷണീയമാണെങ്കിലും അത് വളരെയധികം ബാറ്ററി പവര്‍ ഉപയോഗിക്കുന്നുണ്ട്. ലൈവ് വാള്‍പേപ്പറുകളോ ആനിമേറ്റഡ് ചിത്രങ്ങളോ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. പകരം നിശ്ചലദൃശ്യങ്ങൾ വാള്‍പേപ്പറുകളായി തിരഞ്ഞെടുക്കുക.

    2. സ്‌ക്രീനിന്റെ വെളിച്ചം കുറഞ്ഞ നിലയിൽ ക്രമീകരിക്കുക: മിക്കയാളുകളും അവരുടെ ഫോണിന്റെ സ്ക്രീനിലെ വെളിച്ചം പരമാവധിയാക്കി നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് കൂടുതല്‍ പവര്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകമാണ്. സാധാരണയായി സ്മാര്‍ട്ട്ഫോണുകളില്‍ സ്‌ക്രീന്‍ വെളിച്ചം ലൈറ്റിങ് ലെവലിലേക്ക് സ്വയം ക്രമീകരിക്കുന്ന ഓട്ടോ-ബ്രൈറ്റ്നെസ് സവിശേഷതയുണ്ടാകും. ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിച്ചേക്കാം.

    3. വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി എന്നിവ പ്രവര്‍ത്തനരഹിതമാക്കുക: വൈഫൈ, ബ്ലൂടൂത്ത് അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവ ഉപയോഗിക്കാത്ത സമയത്ത് ഓഫാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കാം. നിങ്ങളുടെ മൊബൈല്‍ ഡാറ്റ ഓണായിരിക്കുകയും എന്നാൽ നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് മോശം നെറ്റ്വര്‍ക്കുമാണെങ്കില്‍ അത് അടുത്തുള്ള നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യാന്‍ ശ്രമിക്കും. ഈ പ്രക്രിയ താരതമ്യേന കൂടുതല്‍ പവര്‍ ഉപയോഗിക്കുന്നു. അതിനാല്‍ വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്സി പോലുള്ള ഫീച്ചറുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഓഫാക്കുക.

    4. പുഷ് നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക: നോട്ടിഫിക്കേഷനുകള്‍ക്കും പവര്‍ ആവശ്യമാണ്. ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോൾ നിങ്ങളുടെ ഫോണ്‍ ബീപ്പ് ശബ്ദമുണ്ടാക്കുകയും പ്രകാശിക്കുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ ആളുകള്‍ ഫോണിന്റെ വൈബ്രേഷനും ഓൺ ആക്കിയിടുന്നു. ഇതെല്ലാം കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കുന്ന കാര്യങ്ങളാണ്. ഇതിനെല്ലാം ബാറ്ററി പവര്‍ ആവശ്യമാണ്. അനാവശ്യമായി ധാരാളം നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നുണ്ടെങ്കിൽ ആവശ്യമില്ലാത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഫോണിന്റെ വൈബ്രേറ്റ് മോഡ് ഓഫ് ചെയ്യാം.

    5. ആപ്പുകളുടെ പ്രവർത്തനം: നിങ്ങള്‍ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അത് എത്രത്തോളം ബാറ്ററി ഉപയോഗിക്കും എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഒരു പ്രത്യേക ആപ്പ് കൂടുതല്‍ ബാറ്ററി ഉപയോഗിക്കുകയാണെങ്കില്‍ ഒരു ബദല്‍ ആപ്പ് തിരഞ്ഞെടുക്കാം. കൂടാതെ, ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു കഴിഞ്ഞ ശേഷം ശരിയായി ക്ലോസ് ചെയ്തില്ലെങ്കിൽ അവ പശ്ചാത്തലത്തില്‍ പ്രവർത്തനം തുടരും. ആപ്പുകള്‍ അമിതമായി പവര്‍ ഉപയോഗിക്കുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ ഫോണ്‍ ഓണാക്കുമ്പോഴെല്ലാം പശ്ചാത്തലത്തില്‍ തുറന്നിരിക്കുന്ന ആപ്പുകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

    6. ഒരു ബാറ്ററി പാക്ക് വാങ്ങുക: മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം പിന്തുടര്‍ന്നിട്ടും ഫോണിന്റെ ബാറ്ററി ലൈഫില്‍ ഒരു പുരോഗതിയും ഇല്ലെങ്കില്‍ ഒരു പവര്‍ ബാങ്ക് വാങ്ങിക്കുക. ഇത് പോര്‍ട്ടബിള്‍ ആണ്. അത് നിങ്ങളുടെ ബാഗിലോ പോക്കറ്റിലോ വെയ്ക്കുകയും ചെയ്യാം.
    Published by:Sarath Mohanan
    First published: