ആന്‍ഡ്രോയിഡ് 13 (Android 13) ഡെവലപ്പര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചറുകളാണ് (New Features) വാഗ്ദാനം ചെയ്യുന്നത്. ആൻഡ്രോയ്ഡിന്റെ വരാനിരിക്കുന്ന പതിപ്പിന്റെ ഇന്റര്‍ഫേസിലെ ചെറിയ മാറ്റങ്ങളെക്കുറിച്ചും വലിയ ഡിവൈസുകളിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇതിനകം നിരവധി ചര്‍ച്ചകൾ നടന്നുകഴിഞ്ഞു. ഇപ്പോഴിതാ, ആന്‍ഡ്രോയിഡ് 13 ശക്തമായ ബാറ്ററി മാനേജ്‌മെന്റ് (Battery Management) ടൂളുകള്‍ അവതരിപ്പിക്കാന്‍ പോകുന്നുവെന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമായ പുതിയ സോഫ്റ്റ്വെയര്‍ ലോഗുകള്‍ പ്രകാരം, പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ (Background Running Apps) നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ആന്‍ഡ്രോയിഡ് 13 അവതരിപ്പിക്കും.
സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ആന്‍ഡ്രോയിഡ് 13 അപ്ഗ്രേഡിൽ ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം സുപ്രധാന ഫീച്ചറുകൾ പ്രതീക്ഷിക്കപ്പെടുന്നു. ഒരു പ്രത്യേക ആപ്ലിക്കേഷന്‍ പശ്ചാത്തലത്തില്‍ പ്രവർത്തിച്ചുകൊണ്ട് അമിതമായി ബാറ്ററി ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കാനും കഴിയുന്ന ഫീച്ചറുകളായിരിക്കും അവ. എത്രയോ കാലമായി ഒരു ആപ്പ് ഉപയോഗിക്കാതിരുന്നാൽ അത് ഇന്‍സ്റ്റാള്‍ ചെയ്ത കാര്യം തന്നെ ആളുകള്‍ ചിലപ്പോള്‍ മറക്കാറുണ്ട്. എന്നാല്‍ ഈ ആപ്പുകൾ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടർന്നുകൊണ്ടിരിക്കും. ചില ആപ്പുകള്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് കവര്‍ന്നെടുക്കും.
ആന്‍ഡ്രോയിഡ് 13ൽ അത്തരം ആപ്പുകളെക്കുറിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഡിവൈസിൽ നിന്ന് ആപ്പ് നീക്കം ചെയ്യാനോ അടുത്ത തവണ നിങ്ങള്‍ക്ക് ആവശ്യമുള്ളത് വരെ പ്രവര്‍ത്തനരഹിതമാക്കാനോ ആവശ്യപ്പെടുന്ന അറിയിപ്പും ലഭിക്കും. പശ്ചാത്തലത്തില്‍ നിന്നും ഫോര്‍ഗ്രൗണ്ടില്‍ നിന്നും ആപ്പുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച പ്രവർത്തനത്തിൽ ആന്‍ഡ്രോയിഡ് 13 വലിയ ശ്രദ്ധ നൽകുന്നുണ്ട്. അതിന്റെ ഫലപ്രാപ്തി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കാൻ സഹായിക്കും.
ഉദാഹരണത്തിന്, നിങ്ങള്‍ക്ക് മൊബൈലിൽ ആപ്പുമായി ബന്ധിപ്പിച്ച ഒരു ഫിറ്റ്നസ് ട്രാക്കർ ഉണ്ടെന്ന് കരുതുക, അല്ലെങ്കിൽ മ്യൂസിക് ആപ്പിൽ നിന്ന് സംഗീതം കേൾക്കുന്നുണ്ടെന്ന് കരുതുക. ഈ ആപ്പുകളുടെ ചില പ്രവർത്തനങ്ങൾ പശ്ചാത്തലത്തില്‍ തുടരുന്നുണ്ടെങ്കില്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും അത് അവസാനിപ്പിക്കാൻ നിങ്ങളിൽ നിന്ന് അനുമതി തേടാനും ആന്‍ഡ്രോയിഡ് 13ന് കഴിയും. അവ എല്ലായ്‌പ്പോഴും പശ്ചാത്തലത്തില്‍ സജീവമായി പ്രവർത്തിപ്പിക്കണമെങ്കിൽ അതിനും കഴിയും.
ബാറ്ററി ലൈഫ് ഉള്‍പ്പെടെയുള്ള ഉപയോക്താക്കളുടെ മറ്റ് പ്രധാന ആശങ്കകള്‍ പരിഹരിക്കാന്‍ ആന്‍ഡ്രോയിഡ് 13 ശ്രമിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 13 ഇപ്പോഴും ടെസ്റ്റിംഗിലും ബീറ്റാ അവതാറിലും ലഭ്യമാണ്. അതിനാല്‍ പബ്ലിക് വേര്‍ഷന്‍ പുറത്തിറങ്ങുമ്പോഴേക്കും ഈ ഫീച്ചറുകള്‍ കൂടുതല്‍ കുറ്റമറ്റതാക്കുകയും അതിനാൽ അവ മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്‌തേക്കാം.
ആന്‍ഡ്രോയിഡ് 13 ലെ ആപ്പ് ലാംഗ്വേജ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഓരോ ആപ്പിലും ഭാഷ മാറ്റുന്നതിനുള്ള സൗകര്യം നല്‍കുമെന്ന് കരുതുന്നു. 'പാന്‍ലിംഗ്വല്‍' എന്ന കോഡ് നാമമുള്ള ഈ ഫീച്ചര്‍ ഉപയോക്താക്കളെ ഓരോ ആപ്പിന്റെയും അടിസ്ഥാന ഭാഷ മാറ്റാന്‍ സഹായിക്കുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിലുള്ള ഓരോ ആപ്പും സ്വന്തം ഭാഷയില്‍ ഉപയോഗിക്കാനും കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഈ ഫീച്ചര്‍ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.