ഡിജിറ്റൽ ഇന്ത്യ (Digital India) സംരംഭത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച സേവനമാണ് ഡിജിലോക്കർ (DigiLocker). രാജ്യത്തെ പൗരന്മാർക്ക് അവരുടെ പ്രധാനപ്പെട്ടതും ഔദ്യോഗികവുമായ രേഖകൾ (Documents) ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം ഡിജിലോക്കർ ലഭ്യമാക്കുന്നു. ഡിജിലോക്കറിന്റെ വരവോടെ എല്ലായിടത്തും പേപ്പർ രൂപത്തിൽ രേഖകൾ കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതായി.
എല്ലാവരും എവിടെ പോയാലും കൈവശം വെയ്‌ക്കേണ്ട ഏറ്റവും സാധാരണമായ രേഖകളിൽ ഒന്നാണ് ഡ്രൈവിങ് ലൈസൻസ്. എന്നിരുന്നാലും, ചില സമയങ്ങളിൽ, ചില കാരണങ്ങളാൽ ഇതിന് സാധിക്കാതെ വന്നേക്കാം. വാഹന പരിശോധനയുടെ സമയത്ത് നിങ്ങളുടെ കൈവശം ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വന്നാൽ നിങ്ങൾ കനത്ത പിഴ നൽകേണ്ടി വരും. ഡിജിലോക്കറിലൂടെ ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താൻ കഴിയും. ഡിജിലോക്കറിൽ നിങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് ഉൾപ്പടെയുള്ള രേഖകൾ സൂക്ഷിക്കാൻ കഴിയും.
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ഡിജിലോക്കറിൽ എങ്ങനെ സൂക്ഷിക്കാൻ കഴിയും?നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ഡിജിലോക്കറിൽ ഉൾപ്പെടുത്തുന്നതിന് ആദ്യം ഡിജിലോക്കറിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.digilocker.gov.in സന്ദർശിക്കുക. തുടർന്ന് ഇതിൽ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) ലഭിക്കും. അത് നൽകി കഴിഞ്ഞാൽ, നിങ്ങൾക്ക് അക്കൗണ്ടിനായി ഒരു യൂസർനെയിമും പാസ്‌വേർഡും ഉണ്ടാക്കാം. തുടർന്ന് നിങ്ങൾ ഒരു എംപിഐഎൻ (MPIN) കൂടി സജ്ജീകരിക്കണം, ഇത് അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്ന് രേഖകൾ തുറക്കുന്നതിന് സഹായിക്കും.
അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നീട് ചെയ്യേണ്ടത് നിങ്ങളുടെ ആധാർ കാർഡ് ഈ ഡിജിലോക്കർ അക്കൗണ്ടുമായി ലിങ്ക് ചെയ്യുക എന്നതാണ്. പിന്നീട്, നിങ്ങൾക്ക് ആപ്പിലെ 'പുൾ പാർട്ണേഴ്സ് ഡോക്യുമെന്റ് (Pull Partner’s Document)' എന്ന വിഭാഗത്തിലേക്ക് എത്താൻ കഴിയും. ഇതിൽ നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിന്റെ നമ്പർ പൂരിപ്പിക്കുക. അപ്പോൾ ഡിജിലോക്കറിൽ ഡ്രൈവിങ് ലൈസൻസ് ലഭ്യമാകും. 'പുൾ ഡോക്യുമെന്റ് (Pull Document)' തിരഞ്ഞെടുത്തതിന് ശേഷം നിങ്ങൾ പ്രസ്തുത രേഖ അനുവദിക്കുന്ന പാർട്ണറെ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഡ്രൈവിങ് ലൈസൻസിന്റെ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും അത് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയമാണ്.
ഡോക്യുമെന്റ് ടൈപ്പ് (Document Type) എന്നതിൽ നിന്നും ഡ്രൈവിങ് ലൈസൻസ് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പേരും വിലാസവും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ തിരഞ്ഞെടുത്ത പാർട്ണറിൽ നിന്ന് ഡോക്യുമെന്റുകൾ ലഭ്യമാക്കി അത് ആപ്പിൽ സൂക്ഷിക്കും. ഓരോ ആപ്പ് ഉപയോക്താവിനും അവരുടെ ഡോക്യുമെന്റുകൾ സൂക്ഷിക്കുന്നതിന് 1 ജിബി സ്പേസ് ആണ് അനുവദിച്ചിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളോടും ഇപ്പോൾ ഡിജിലോക്കറിന് വേണ്ടിയുള്ള രേഖകൾ ചേർക്കാനും സർക്കാർ നടപടിക്രമങ്ങൾക്കായി അത് ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.