• HOME
  • »
  • NEWS
  • »
  • money
  • »
  • Instagram അക്കൗണ്ട് വേരിഫൈഡ് ആക്കണോ? ചെയ്യേണ്ടതെന്ത്?

Instagram അക്കൗണ്ട് വേരിഫൈഡ് ആക്കണോ? ചെയ്യേണ്ടതെന്ത്?

സാധാരണയായി പ്രശസ്തരായവർക്കും പ്രശസ്ത ബ്രാൻഡുകളുടെയും കമ്പനികളുടെയുമൊക്കെ പേജുകൾക്കും ഇൻഫ്ളുവൻസേഴ്സിനും ഒക്കെയാണ് ഇൻസ്റ്റ​ഗ്രാം വേരിഫൈഡ് അക്കൗണ്ടുകൾ നൽകാറുള്ളത്.

  • Share this:
    ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയആപ്പ് ആണ് ഇൻസ്റ്റ​ഗ്രാം (Instagram). ആളുകൾക്കിടയിൽ പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ഇതിനോടുള്ള പ്രിയം ഏറിവരികയാണ്. റീലുകളിലൂടെയും (Reels) പോസ്റ്റുകളിലൂടെയും ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിലൂടെയും പ്രശസ്തരാകുന്നവർ നിരവധിയുണ്ട്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസേഴ്സ് (Instagram Influencers) എന്ന പേരിൽ ഉപയോക്താക്കൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു വിഭാ​ഗം തന്നെയുണ്ട് ഈ പോപ്പുലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ.

    ഇൻസ്റ്റ​ഗ്രാമിൽ പലരുടെയും പ്രൊഫൈൽ പല വിധത്തിലാണ്. ചിലരുടെയൊക്കെ പ്രൊഫൈൽ തുറന്നു നോക്കിയാൽ അതിൽ ഒരു നീല ടിക്ക് മാർക്ക് കാണാം. ഇത്തരം അക്കൗണ്ടുകൾ വേരിഫൈഡ് (Verified) ആണ് എന്നാണ് ഇതിനർഥം. സാധാരണയായി പ്രശസ്തരായവർക്കും പ്രശസ്ത ബ്രാൻഡുകളുടെയും കമ്പനികളുടെയുമൊക്കെ പേജുകൾക്കും ഇൻഫ്ളുവൻസേഴ്സിനും ഒക്കെയാണ് ഇൻസ്റ്റ​ഗ്രാം വേരിഫൈഡ് അക്കൗണ്ടുകൾ നൽകാറുള്ളത്. ആപ്പിലൂടെയുള്ള പ്രൊമോഷനുകളിലൂടെയും മറ്റും ഇവർ പണം സമ്പാദിക്കുകയും ചെയ്യുന്നു.

    നീല ടിക്ക് മാർക്ക് ലഭിക്കാൻ അല്ലെങ്കിൽ നിങ്ങളുടേത് ഒരു വേരിഫൈഡ് അക്കൗണ്ട് ആക്കാൻ വേണ്ട പ്രക്രിയകൾ വളരെ ലളിതമാണ്. എന്നാൽ എല്ലാവർക്കും ഈ നീല ടിക്ക് മാർക്ക് ലഭിക്കില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്. അതിനായി ചില രേഖകളും വ്യക്തി​ഗത വിവരങ്ങളുമൊക്കെ ഇൻസ്റ്റ​ഗ്രാമിന് നൽകേണ്ടതുണ്ട്. അക്കൗണ്ട് വേരിഫൈ ചെയ്യാനുള്ള നിങ്ങളുടെ അപേക്ഷ വിശദമായി പഠിച്ച ശേഷമായിരിക്കും അത് നൽകണോ വേണ്ടയോ എന്ന് ഇൻസ്റ്റ​ഗ്രാം തീരുമാനിക്കുക.

    വേരിഫൈഡ് അക്കൗണ്ടിനായി എന്തൊക്കെ ചെയ്യണം?

    ഏത് അക്കൗണ്ടാണോ വേരിഫൈഡ് ആക്കേണ്ടത് അതിൽ തന്നെയാണ് ലോ​ഗിൻ ചെയ്തിരിക്കുന്നതെന്ന് ആദ്യം തന്നെ ഉറപ്പാക്കണം. താഴെപ്പറയുന്നവയാണ് പിന്നീടുള്ള സ്റ്റെപ്പുകൾ:

    1. ഇൻസ്റ്റ​ഗ്രാം തുറക്കുമ്പോൾ സ്ക്രീനിന്റെ താഴെ വലതുഭാഗത്തായി കാണുന്ന നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന്റെ ഐക്കണിൽ ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങളുടെ പ്രൊഫൈൽ കാണാം.

    2. പ്രൊഫൈൽ പേജിൽ മുകളിൽ വലത് കോണിൽ കാണുന്ന ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക. ശേഷം സെറ്റിങ്സ് ടാപ്പ് ചെയ്യുക.

    3. വീണ്ടും അക്കൗണ്ട് ബട്ടണിൽ ടാപ്പ് ചെയ്യുക, തുടർന്ന് റിക്വസ്റ്റ് വേരിഫിക്കേഷൻ (Request verification) എന്ന് കാണുന്നിടത്ത് ടാപ്പ് ചെയ്യുക. ഇത്രയും സ്റ്റെപ്പുകൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മുഴുവൻ പേര് നൽകാനും ആവശ്യമായ തിരിച്ചറിയൽ വിവരങ്ങൾ (Identification details) നൽകാനും നിങ്ങളോട് ആവശ്യപ്പെടും. സർക്കാർ അം​ഗീകൃത ഫോട്ടോ ഐഡിയോ മറ്റേതെങ്കിലും സ്വീകാര്യമായ ഔദ്യോഗിക രേഖകളോ തിരിച്ചറിയൽ രേഖകളായി നൽകാം. ഇതിനുശേഷം, സബ്മിറ്റ് (Submit) ബട്ടണിൽ ടാപ്പ് ചെയ്യുക.

    ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളെല്ലാം ഇൻസ്റ്റ​ഗ്രാം വേരിഫൈ ചെയ്യണം എന്നില്ല. നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടാൻ മറ്റ് കാരണങ്ങളും ഉണ്ട്. ഒരാൾക്ക് ഒരു തവണ മാത്രമേ അക്കൗണ്ട് വേരിഫൈ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാനാകൂ. ഒന്നിൽ കൂടുതൽ സമർപ്പക്കപ്പെടുന്നതെല്ലാം നിരസിക്കപ്പെടും.

    അക്കൗണ്ട് വേരിഫൈഡ് ആയതിനു ശേഷം നിങ്ങളുടെ അക്കൗണ്ടിലെ പേര് മാറ്റാൻ സാധിക്കില്ല. നിങ്ങൾ മറ്റൊരു പേരിൽ മറ്റൊരു അക്കൗണ്ട് സൃഷ്‌ടിച്ചാൽ വേരിഫിക്കേഷൻ ബാഡ്‌ജ് ആ അക്കൗണ്ടിലേക്ക് മാറ്റപ്പെടില്ല. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഉപയോഗിച്ചാണ് ഒരു ഉപയോക്താവിന് വേരിഫിക്കേഷൻ ബാഡ്ജ് ലഭിച്ചതെന്ന് മനസിലായാൽ ഇൻസ്റ്റാഗ്രാം ബാഡ്‌ജ് എടുത്തുകളയുമെന്നും അക്കൗണ്ട് പ്രവർത്തനരഹിതമാക്കാൻ കൂടുതൽ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമായി പറയുന്നുണ്ട്.

    ഇൻസ്റ്റാഗ്രാം വേരിഫൈഡ് ആയാൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടും വേരിഫൈഡ് ആകുമെന്ന് അർഥമില്ല.നിങ്ങൾ രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളും ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, വെരിഫിക്കേഷനായി വെവ്വേറെ അപേക്ഷിക്കേണ്ടി വരും.
    Published by:Arun krishna
    First published: