വിവിധ ഐഐടികളിൽ (IIT) നിന്നുള്ള ഗവേഷകർ ചേർന്ന് ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) ചാർജ് ചെയ്യുന്നതിനുള്ള ഒരു പുതിയ സാങ്കേതികവിദ്യ (Technology) വികസിപ്പിച്ചെടുത്തു. ഇത് നിലവിലുള്ള ചാർജിംഗ് സാങ്കേതികവിദ്യയുടെ ചെലവിനേക്കാൾ പകുതിയോളം മാത്രം ചെലവാകുന്ന സാങ്കേതിക വിദ്യയാണ്.
ഇരുചക്രവാഹന ഇവികളുടെ (EV) വില കുറയാനും ഇത് സഹായിച്ചേക്കാം. ഐഐടിയിൽ ഈ സാങ്കേതികവിദ്യയുടെ ലാബ് അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും പദ്ധതിയുടെ നവീകരണവും വാണിജ്യവത്ക്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ഗവേഷക സംഘം പറഞ്ഞു.
രാജ്യത്തെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒരാൾ ഈ പുതിയ സാങ്കേതികവിദ്യയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ പ്രയോഗിക്കാൻ കഴിയുന്ന ഉൽപ്പന്നം വികസിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തതായി കമ്പനിയുടെ പേര് വെളിപ്പെടുത്താതെ ഗവേഷകർ വ്യക്തമാക്കി. ഐഐടി ഗുവാഹത്തിയിലെയും ഐഐടി ഭുവനേശ്വറിലെയും വിദഗ്ധരുടെ സഹകരണത്തോടെ വാരണാസിയിലെ ഐഐടിയിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
"രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയരുന്നത് സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിനും മലിനീകരണ തോത് വർദ്ധിക്കുന്നതിനും ഇടയിൽ, ഇലക്ട്രിക് വാഹനങ്ങൾ പരമ്പരാഗത ഐസി എഞ്ചിനുകൾക്ക് മികച്ച ബദലാണ്. ഐഐടി ബിഎച്ച്‌യു ചീഫ് പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ രാജീവ് കുമാർ സിംഗ് പറഞ്ഞു.
"വാഹന ഉടമയ്ക്ക് ഔട്ട്‌ലെറ്റുകൾ വഴി വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും, അതിനാൽ തന്നെ ഇത് ഇലക്ട്രിക് വാഹനങ്ങൾ വളരെ ചെലവേറിയതാണ്. എന്നാൽ നിർദ്ദിഷ്ട ഓൺബോർഡ് ചാർജർ സാങ്കേതികവിദ്യയിൽ, പ്രൊപ്പൽഷൻ മോഡിന് ആവശ്യമായ അധിക പവർ ഇലക്ട്രോണിക്സ് ഇന്റർഫേസ് ഞങ്ങൾ കുറയ്ക്കുന്നു. അതിനാൽ ഇതിന് ആവശ്യമായ ഘടകങ്ങൾ കുറയും. ഈ ചാർജർ പുനഃക്രമീകരിക്കാവുന്നതുമാണ്. ചാർജിംഗ് മോഡിൽ ചാർജറായും പ്രൊപ്പൽഷൻ മോഡിൽ ഇൻവെർട്ടറായും പ്രവർത്തിക്കാൻ കഴിയും" അദ്ദേഹം പിടിഐയോട് പറഞ്ഞു.
ഈ സാങ്കേതികവിദ്യ കാരണം, ചാർജറിന്റെ വില നിലവിലുള്ളതിനെ അപേക്ഷിച്ച് ഏകദേശം 40-50 ശതമാനം കുറയുമെന്നും സിംഗ് വിശദീകരിച്ചു. "ചാർജറിന്റെ വില കുറയുമ്പോൾ വാഹനത്തിന്റെ വിലയും കുറയും. നിർദ്ദിഷ്ട സാങ്കേതികവിദ്യ ഇവികൾക്ക് കുറഞ്ഞ ചെലവിലുള്ള സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.
ഈ സാങ്കേതികവിദ്യ പൂർണമായും തദ്ദേശീയമായിരിക്കുമെന്നും ഇന്ത്യൻ പാതകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ വ്യവസായ മേഖലയുടെ അടിത്തറ ഇതുവരെ ആഴത്തിൽ വേരോടിയിട്ടില്ലെങ്കിലും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ ആളുകൾക്കുള്ള താൽപര്യം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.