• HOME
  • »
  • NEWS
  • »
  • money
  • »
  • Desi 6G | 2024 ഓടെ ഇന്ത്യയുടെ സ്വന്തം 6ജി പ്രതീക്ഷിക്കാമെന്ന് കേന്ദ്ര ഐടി മന്ത്രി

Desi 6G | 2024 ഓടെ ഇന്ത്യയുടെ സ്വന്തം 6ജി പ്രതീക്ഷിക്കാമെന്ന് കേന്ദ്ര ഐടി മന്ത്രി

5ജി ലേലത്തിനുള്ള ട്രായ് കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു, ഇത് അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Telecom Minister Ashwini Vaishnav

Telecom Minister Ashwini Vaishnav

  • Last Updated :
  • Share this:
    രാജ്യത്ത് ഇതുവരെ 5ജി നെറ്റ്‌വര്‍ക്ക് എത്തിയിട്ടില്ലെങ്കിലും അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 6ജി നെറ്റ്‌വര്‍ക്ക് എത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അഭിപ്രായപ്പെട്ടു. 2023 അവസാനമോ 2024 ആദ്യമോ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 'തദ്ദേശീയമായി വികസിപ്പിച്ച' 6ജി സാങ്കേതിക വിദ്യയെക്കുറിച്ച് ഇതിനകം തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ്-ഇലക്ട്രോണിക്‌സ്-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയില്‍ 6ജി വികസനം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും 2023 അവസാനത്തില്‍ അല്ലെങ്കില്‍ 2024-ല്‍ രാജ്യത്ത് എവിടെയെങ്കിലും 6ജി എത്തുമെന്നും അശ്വിനി വൈഷ്ണവ് ഒരു വെബിനാറില്‍ പറഞ്ഞു.

    ഫിനാന്‍ഷ്യല്‍ ടൈംസും ദി ഇന്ത്യന്‍ എക്സ്പ്രസും സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നമ്മള്‍ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണെന്നും ഇന്ത്യയുടെ സ്വന്തം 6ജി വിദേശ രാജ്യങ്ങള്‍ക്കും നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ 6ജി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അതിനു വേണ്ട എല്ലാ അനുമതികളും നല്‍കി കഴിഞ്ഞെന്നും രാജ്യത്ത് 6ജി ടെക്നോളജിക്കായി സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും നിര്‍മിക്കുന്നുണ്ട്, ഇത് ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങള്‍ക്കും നല്‍കാനായേക്കുമെന്നും മന്ത്രി വെബിനാറില്‍ പറഞ്ഞു.

    ''6ജി വികസനം ആരംഭിച്ചു കഴിഞ്ഞു. അത് 2023-അവസാനത്തില്‍ അല്ലെങ്കില്‍ 2024ല്‍ ഉണ്ടാവും. ആ ദിശയിലേക്കാണ് നാം പോകുന്നത്. ഇന്ത്യയിലെ ടെലികോം ഉപകരണങ്ങളില്‍ നിര്‍മ്മിച്ച നെറ്റ്‌വർക്കുകൾ പ്രവര്‍ത്തിപ്പിക്കുന്നതിനായി നമ്മള്‍ ഇന്ത്യയില്‍ ടെലികോം സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്യും" വൈഷ്ണവിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ പൂര്‍ത്തിയാക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സാങ്കേതിക വിദ്യയ്ക്കായുള്ള ഒരു പ്രധാന സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനൊപ്പം 5ജി ആരംഭിക്കാനുള്ള പദ്ധതികളും ഉണ്ടെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.

    5ജി സ്‌പെക്ട്രം ലേലത്തിന്റെ വിഷയം സംബന്ധിച്ചും വൈഷ്ണവ് സംസാരിച്ചിരുന്നു. 5ജി ലേലത്തിനുള്ള ട്രായ് കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു, ഇത് അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. 2022ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍) ലേല നടപടികള്‍ ആരംഭിക്കും. ടെലികോം മേഖലയ്ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇത് 49 ശതമാനമായിരുന്നു. ടെലികോം മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരമ്പരാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നും വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

    നേരത്തെ 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആറുമാസം അനുവദിച്ചിരുന്നു. അതിവേഗം പുതിയ സാങ്കേതിക വിദ്യയിലേയ്ക്ക് രാജ്യത്തെ മാറ്റാനാണ് കേന്ദ്രത്തിന്റെ നീക്കം. 5ജി വിന്യാസത്തിന് ആവശ്യമായ സ്‌പെക്ട്രത്തിന്റെ ശരാശരി വില സംബന്ധിച്ച് ടെലികോം കമ്പനികള്‍ ധാരണയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിക്ഷേപസാഹചര്യം കൂടുതല്‍ മെച്ചപ്പെടുന്നതോടെ നെറ്റ്‌വര്‍ക്കിലെ കോള്‍ ഡ്രോപ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. 2026ഓടെ ഇന്ത്യന്‍ ടെലികോം മേഖല 250 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
    Published by:Naveen
    First published: