ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾ (Android) വാങ്ങുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ സ്മാർട്ട്ഫോൺ (Indian Smartphone) വിപണിയിൽ മികച്ച വിൽപ്പനയാണ് നടക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആൻഡ്രോയിഡ് ഫോണിലേക്ക് മാറുന്ന ആളുകളുടെ എണ്ണവും വർദ്ധിക്കുകയാണ്.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ദൃശ്യമാകുന്ന പൊതു പ്രവണത അനുസരിച്ച് ആളുകൾ ഫോണുകൾ വാങ്ങാൻ കൂടുതൽ പണം ചെലവഴിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഫോണുകൾക്കായി ചെലവഴിച്ചിരുന്ന തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ആൻഡ്രോയിഡ് ഫോണുകളിൽ 10,000 രൂപയ്ക്ക് താഴെയുള്ള വിഭാഗത്തിൽ പരിമിതമായ ഓപ്‌ഷനുകൾ മാത്രമാണുള്ളത്. മെച്ചപ്പെട്ട ഹാർഡ് വെയർ സ്പെസിഫിക്കേഷനുകളും 5ജി കണക്ടിവിറ്റിയുമുള്ള ഫോണുകൾക്കാണ് ഇപ്പോൾ മുൻഗണന കൂടുതൽ. മികച്ച സൗകര്യങ്ങളുള്ള ഇത്തരം ഫോണുകളുടെ വിലയും താരതമ്യേന വളരെ കൂടുതലാണ്.
ഓപ്പോ ഇന്ത്യയുടെ സിഎംഒ ആയ ദമ്യന്ത് സിംഗ് ഖനോരിയ ന്യൂസ്18ന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയുടെ വികാസത്തെക്കുറിച്ച് സംസാരിച്ചു. "സ്മാർട്ഫോണിനുള്ള ആവശ്യക്കാരുടെ എണ്ണം ഇന്ത്യയിലെ മിഡ് പ്രീമിയം സെഗ്മെന്റ് വിപണിയിൽ വർധിച്ചതോടെ സ്മാർട്ട്ഫോൺ ഷിപ്മെന്റ് 11% വളർന്നു. ഇത് ഏകദേശം 169 ദശലക്ഷം യൂണിറ്റ് വരും. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ സ്മാർട്ട്ഫോണുകൾക്കായി കൂടുതൽ പണം ചെലവഴിക്കുന്നതിനാൽ സ്മാർട്ഫോൺ വിപണി അതിനനുസരിച്ച് വികസിച്ചിരിക്കുകയാണ്. മികച്ച ഫോണുകൾക്കുള്ള ആവശ്യക്കാരും വർദ്ധിക്കുന്നു", അദ്ദേഹം പറഞ്ഞു.
Also read- Tecno Pova 5G | ടെക്‌നോ പോവ 5ജി വാങ്ങിയാൽ 1999 രൂപ വിലയുള്ള പവർ ബാങ്ക് സൗജന്യം; ആമസോണിലെ ഓഫർ അറിയാം
സ്മാർട്ട്ഫോൺ വിപണിയെക്കുറിച്ച് മാത്രമല്ല, പുതിയ റെനോ 7 സീരീസ് സ്മാർട്ട്ഫോണുകളിൽ ഓപ്പോ അവതരിപ്പിക്കുന്ന പുതുമകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "റെനോ സീരീസിലെ ഏറ്റവും നൂതന ക്യാമറ സംവിധാനവുമായാണ് ഓപ്പോ റെനോ7 സീരീസ് വന്നിരിക്കുന്നത്. പുതിയ 32 മെഗാപിക്സൽ ഐഎംഎക്സ് 709 സെൽഫി ക്യാമറ സെൻസറിനായി ഞങ്ങൾ സോണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. പുതിയ ആർജിബിഡബ്ല്യു ഇമേജ് ടെക് 60% കൂടുതൽ ലൈറ്റ് സെൻസിറ്റിവിറ്റി വാഗ്ദാനം ചെയ്യുകയും ഫോട്ടോകളിൽ വ്യക്തതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ 35% കുറയ്ക്കുകയും ചെയ്യുന്നു", അദ്ദേഹം പറഞ്ഞു.
Also read- AI അധിഷ്ഠിത ലോക്ക് സ്ക്രീൻ പ്ലാറ്റ്‌ഫോം ഗ്ലാൻസിൽ 200 മില്യൺ ഡോളർ നിക്ഷേപവുമായി Jio
ആദ്യം വാങ്ങിയ ആൻഡ്രോയിഡ് ഫോണിന്റെ ഉപയോഗം തുടരുന്ന ഉപഭോക്താക്കളും നിരവധിയാണ്. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഇന്ത്യയിൽ സ്മാർട്ഫോൺ ഉപയോഗം വർധിച്ചത്. ആളുകൾ കോവിഡ് സമൂഹ വ്യാപനം തടയാനായി വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ഇന്റർനെറ്റ് ഉപയോഗം വർധിച്ചു. അതിന് ശേഷമാണ് ആൻഡ്രോയിഡ് ഫോണുകളുടെ ഉപയോഗം വർദ്ധിക്കുകയും അതിന്റെ വിപണനം കൂടുകയും ചെയ്തത്. ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ മികച്ച ഫോണുകൾ തിരഞ്ഞെടുത്ത് വാങ്ങുന്നതിലും ആളുകൾ ശ്രദ്ധ കാണിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ മത്സരവും ശക്തിപ്പെടുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Oppo, Smartphones