അശോക് കർത്താസോഷ്യൽ മീഡിയയിലെ ആവേശം നല്ലതാണ്. പക്ഷെ സത്യസന്ധമായിരിക്കണം. അല്ലെങ്കിൽ എപ്പോഴാണ് അതൊരു സൈബർ പാപവും, കുറ്റകൃത്യമാകുന്നതെന്നറിയാൻ പറ്റില്ല. അതപകടമാകും.നിർഭാഗ്യവശാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അതൊന്നും ആലോചിക്കാറില്ല. ചെറിയൊരു ശ്രദ്ധക്കുറവ് മതി നിയമക്കുരുക്കിലും, തുടർന്നുള്ള കോടതി നടപടികളിലും ചെന്നുപെടാൻ.
സ്ത്രീവിരുദ്ധതയും, ചൈൽഡ് പോണോഗ്രാഫിയുമാണ് സൈബർ പരിസരങ്ങളിലെ മുന്തിയ പാപങ്ങൾ എന്നു കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാൽ സാമ്പത്തിക കുറ്റങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്.2000 ൽ പ്രമോദ് മഹാജൻ ആദ്യത്തെ ഐ.ടി.ആക്റ്റ് അവതരിപ്പിക്കുന്നത് ഇ-കോമേഴ്സിനു സംരക്ഷണം ഉറപ്പാക്കുന്നതിനു കൂടിയായിരുന്നു. അന്നു ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ ഇത്ര വ്യാപകമായിരുന്നില്ലെങ്കിലും ഭാവിയിലെ ആവശ്യകതകൾ കണ്ടാണ് നിയമം തയ്യാറാക്കിയത്. 2008 ൽ ഐ.ടി.ആക്റ്റ് പരിഷ്കരിച്ചപ്പോൾ അതിനു മൂർച്ച കൂട്ടുകയും ചെയ്തു.
ഇതൊന്നും മനസിലാക്കാതെ അനവധിപേർ സൈബർ മേഖലയിൽ സ്വതന്ത്രവിഹാരം നടത്താറുണ്ട്. ചിലരൊക്കെ തമാശയ്ക്കു വേണ്ടി ചെയ്യുന്നതാകും. മറ്റു ചിലർ അറിഞ്ഞു കൊണ്ട് കബളിപ്പിക്കാനും. കേരള മുഖ്യമന്ത്രിയുടെ CMDRF അക്കൗണ്ട് നമ്പർ മാറ്റി പണം തട്ടാൻ ശ്രമിച്ച കേസ് പ്രസിദ്ധമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു എന്നു തെറ്റിദ്ധരിപ്പിച്ചാണ് സ്വന്തം അക്കൗണ്ടിലേക്കു പണം വരുത്താൻ ശ്രമിച്ചത്. ഉടനടി പിടികൂടുകയും അക്കൗണ്ട് ബാങ്ക് മരവിപ്പിക്കുകയും ചെയ്തതു കൊണ്ട് കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടില്ല.
ഒരു മിനിട്ടിനിടെ ഒരുകോടി എട്ടുലക്ഷം വാട്ട്സാപ്പ് മെസേജുകൾ; സൈബറിടം എന്ന മായാലോകംCMDRF അക്കൗണ്ടാണെന്നു തെറ്റിദ്ധരിപ്പിച്ച് പണം പിടുങ്ങാൻ ശ്രമിക്കുന്ന പോലെ തന്നെ തീവ്രമായ കുറ്റമാണ് മറ്റ് അക്കൗണ്ടുകളിൽ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നതും. സദുദ്ദേശമുണ്ടെന്നു വാദിച്ചാലും അതിലെ സൈബർ കുറ്റം ഇല്ലാതാകുന്നില്ല. ഒരു തമാശയ്ക്കിട്ട ട്രോളാണെന്നു യാചിച്ചാലും കുറ്റം കുറ്റമായി നിൽക്കുകയും സോഴ്സു മുതൽ ഷെയർ വരെയുള്ള എല്ലാ ഐ.ഡികളും കുറ്റവാളികളാകുകയും ചെയ്യും.
2008 ലെ പരിഷ്കരിച്ച ഐ.ടി.നിയമത്തിലെ 65, 66 വകുപ്പു പ്രകാരം ഓരോ കുറ്റവാളിക്കും 1ലക്ഷം പിഴയും 2 കൊല്ലത്തെ തടവും ലഭിക്കാൻ അർഹതയുണ്ട്. ആദ്യത്തെ കുറ്റമെന്ന നിലയിലാണ് ഈ ശിക്ഷ. ആവർത്തിച്ചാൽ അത് 5 കൊല്ലവും 5 വർഷവുമായി ഉയരാം.Dishonesty, fraud, identity theft എന്ന മൂന്നു മേഖലകളാണ് ഇത്തരം കേസുകളിൽ പ്രധാനമായി പരിഗണിക്കപ്പെടുന്നത്.
ഒരാൾ ഒരു ഉദ്ദേശത്തോടെ ചെയ്യുന്ന പരസ്യം മറ്റൊരു ഉദ്ദേശത്തിനു വേണ്ടി അറിഞ്ഞു കൊണ്ട് തിരിച്ചുവിടുന്നത് തെറ്റാണ്. തെറ്റിദ്ധരിപ്പിക്കുന്നതോടെ അസത്യം സ്ഥാപിക്കപ്പെടുന്നു. അങ്ങിനെ ചെയ്യുന്നതിൽ dishonest intention ഉണ്ട്. സൈബർ ലോകത്ത് അത് തെളിയിക്കാൻ പ്രയാസമില്ല.വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനാണ് മുഖ്യമന്ത്രി CMDRF അക്കൗണ്ട് പരസ്യം ചെയ്തത്. അതിനെ ഉപയോഗിച്ച് പണം പിരിക്കാൻ ശ്രമിച്ചത് അസത്യവും കുറ്റകൃത്യവുമാണ്. അക്കൗണ്ട് പരിശോധിച്ചപ്പോൾ അത് തെളിഞ്ഞു.അസത്യം സ്ഥാപിക്കപ്പെടുന്നതോടെ രണ്ടാമത്തെ തെറ്റായ കബളിപ്പിക്കലിനു പരിസരമൊരുങ്ങിക്കഴിഞ്ഞു.
അനുമതിയില്ലാതെ സ്വന്തമാക്കുന്നത് മോഷണം. അതിനു തെറ്റിദ്ധരിപ്പിക്കൽ ഉപാധിയാക്കുമ്പോൾ fraud, കബളിപ്പിക്കലായി. ഒരാളുടെ അക്കൗണ്ടിലെ പണം തന്റെയോ മറ്റൊരാളിന്റെയോ അക്കൗണ്ടിലേക്കു മാറ്റാൻ ശ്രമിക്കുന്നത് ഗുരുതരമായ ഒരു സാമ്പത്തിക കുറ്റം കൂടിയാണ്. ഒരു സഹായമെന്ന രീതിയിൽ ഒന്നാമൻ രണ്ടാമന്റെ അക്കൗണ്ട് നമ്പർ കൊടുത്ത് പണം വരുത്തുന്നതു കൊണ്ട് രണ്ടാമനു കുറ്റകൃത്യത്തിൽ നിന്നൊഴിഞ്ഞു മാറാൻ ആവില്ല. അത് തനിക്കു കിട്ടേണ്ട പണമല്ലെന്നു ആത്മനിഷ്ഠമായി രണ്ടാമനറിയാം. അപ്പോൾ രണ്ടാമൻ ചെയ്യേണ്ടത് അത് നിഷേധിക്കുകയും, തന്റെ അറിവോ സമ്മതമോ കൂടാതെ കബളിപ്പിക്കൽ നടത്തിയതിനു ഒന്നാമനെതിരേ പരാതി കൊടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയുമാണ്. അല്ലെങ്കിൽ രണ്ടാമനും കുറ്റകൃത്യത്തിൽ പങ്കാളിയായതായി ചിത്രീകരിക്കപ്പെടാം.
ഒരാളുടെ പരസ്യമോ, പ്രസിദ്ധീകരണമോ സ്വന്തമാണെന്ന വ്യാജേന പ്രസിദ്ധീകരിക്കുന്നത് ഐ.ടി.നിയമപ്രകാരം സ്വത്വമോഷണത്തിന്റെ പരിധിയിൽ വരും. സൈബർ ലോകത്ത് അത് ഗുരുതരമായ കുറ്റമാണ്.സൈബർ ലോകത്ത് പ്രവേശിക്കുന്ന ഓരോത്തരിൽ നിന്നും ആ ലോകം പ്രതീക്ഷിക്കുന്നത് സത്യസന്ധതയാണ്. താൻ താനല്ല എന്നു പറഞ്ഞാൽ നിലനില്പില്ലാത്ത ഒരു ലോകമാണത്. കാരണം അവിടെയുള്ള ഓരോ ഇടപെടലുകളും അടയാളപ്പെട്ടിരിക്കും. അസത്യത്തിനു ഒരു മഞ്ഞുമറയുടെ പ്രസക്തിയേ സൈബർ ലോകത്തുള്ളു. അന്വേഷണത്തിന്റെ ചൂടിൽ അതുരുകിപ്പോകും. സൈബർ ഫോറൻസിക് അതിനുള്ളതാണ്.
അതു കൊണ്ട് സൈബർ ലോകത്ത് വ്യാപരിക്കുമ്പോൾ ശ്രദ്ധിക്കുക. തന്റെ ഇടപെടൽ എത്രകണ്ട് സത്യസന്ധമാണ്. ആത്മനിഷ്ഠമായി പരിശോധിച്ച ശേഷം മാത്രം കാലെടുത്തു വക്കുക. ആവേശത്തിനു ആത്മനിഷ്ഠ മറന്നാൽ കാത്തിരിക്കുന്നത് ജയിലഴികളാകാം എന്നോർക്കുക.ഇതൊക്കെ വച്ചു നോക്കുമ്പോൾ സൈബർ ലോകത്തിന്റെ പോക്ക് പുരാണ പ്രസിദ്ധമായ സത്യലോകത്തിലേക്കാണെന്നു തോന്നുന്നു. ജാഗ്രതൈ!
(നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ സൈബർ നിയമ വിദ്യാർത്ഥിയാണ് ലേഖകൻ) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.