കോവിഡ് 19 മഹാമാരിയുടെ (Covid Pandemic) പശ്ചാത്തലത്തില്‍ ഐടി മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന വർക്ക് ഫ്രം ഹോമിന് (Work from Home) അടുത്ത മാസത്തോടെ വിരാമമാകുമെന്ന് റിപ്പോര്‍ട്ട്. മുന്‍നിര ഐടി സേവന ദാതാക്കള്‍ തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനാല്‍ വിപ്രോ (Wipro), കോഗ്‌നിസന്റ് (Cognizant), ടിസിഎസ് (TCS), ഇന്‍ഫോസിസ് (Infosys) തുടങ്ങിയ പ്രമുഖ ഐടി കമ്പനികൾ ജീവനക്കാരോട് അടുത്ത മാസം ആദ്യം തന്നെ ഓഫീസുകളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള വിപ്രോ മാനേജര്‍ തസ്തികയിലുള്ളവരോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും മാര്‍ച്ച് 3നകം മടങ്ങി വരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും അവർക്ക് ഓഫീസിലെത്തി ജോലി ചെയ്യേണ്ടി വരിക. കോഗ്‌നിസന്റ് തങ്ങളുടെ ജീവനക്കാര്‍ ഏപ്രിലോടെ സ്വമേധയാ ഓഫീസുകളിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫോസിസ് 2022 വരെ ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ തുടരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉൾക്കൊള്ളുന്ന വിധത്തിൽ ഓഫീസുകൾ അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ തുറക്കും. ജീവനക്കാരെ ക്രമേണ ഓഫീസുകളില്‍ എത്തിക്കാനാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) പദ്ധതിയിടുന്നത്.
വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്യാൻ കഴിയുന്ന ഹൈബ്രിഡ് മോഡൽ സമീപനം സ്വീകരിക്കുമെന്നാണ് വിപ്രോ വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളം കോവിഡ് -19 കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചപ്പോള്‍ ജനുവരി പകുതിയോടെ കമ്പനി തങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടിയിരുന്നു. ''മാര്‍ച്ച് 3 മുതല്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത മാനേജര്‍മാർക്കും അതിന് മുകളിലുള്ള ജീവനക്കാര്‍ക്കും ഇന്ത്യയിലെ ഓഫീസുകളിൽ ആഴ്ചയില്‍ രണ്ടു ദിവസം (തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍) പ്രവർത്തിക്കാനുള്ള ഓപ്ഷന്‍ നൽകും. മറ്റ് ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം സംവിധാനം വിപുലീകരിക്കുന്നതിനുള്ള ശ്രമം തുടരും'', വിപ്രോ വക്താവ് പ്രസ്താവിച്ചു.
കമ്പനിയുടെ 96 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോഴും വിദൂരമായാണ് ജോലി ചെയ്യുന്നതെന്നും മുന്‍കരുതലുകള്‍ തുടരുന്നതിനാല്‍ ഈ വർക്ക് മോഡില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം കമ്പനി വിഭാവനം ചെയ്യുന്നില്ലെന്നുമാണ് ഇന്‍ഫോസിസ് എച്ച്ആര്‍ മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ റിച്ചാര്‍ഡ് ലോബോ അറിയിച്ചത്. ''കോവിഡ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിധേയമായി, ഏകദേശം 40-50 ശതമാനം ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് മടങ്ങാന്‍ സാധിക്കുന്ന ഒരു ഹൈബ്രിഡ് മോഡല്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നു. അടുത്ത 3-4 മാസങ്ങളില്‍ സ്ഥിതിഗതികൾ സാധാരണ നിലയിൽ തുടരുകയാണെങ്കില്‍ തൊഴിലാളികളുടെ വലിയൊരു ശതമാനം തിരികെയെത്തും'', ലോബോ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ഓഫീസിൽ ജോലി ചെയ്യാവുന്ന ദിവസങ്ങള്‍ സ്വന്തമായി തിരഞ്ഞെടുക്കാമെന്നതുകൊണ്ട് മിക്ക ജീവനക്കാരും ഹൈബ്രിഡ് മോഡില്‍ പ്രവര്‍ത്തിക്കാനാവും താല്‍പര്യപ്പെടുകയെന്ന് ഇന്‍ഫോസിസ് പ്രതീക്ഷിക്കുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാകട്ടെ വരും മാസങ്ങളില്‍ തങ്ങളുടെ കാമ്പസുകളിൽ കൂടുതൽ യുവ ജീവനക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കോഗ്‌നിസന്റ് തങ്ങളുടെ ജീവനക്കാരെ ഏപ്രില്‍ മുതല്‍ ഓഫീസുകളിൽ തിരികെ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ''2022 ഏപ്രില്‍ മുതല്‍ ഘട്ടം ഘട്ടമായി ജീവനക്കാരെ ഓഫീസിലേക്ക് തിരികെ എത്തിക്കാനാണ് കോഗ്‌നിസന്റ് ലക്ഷ്യമിടുന്നത്'', കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ്, എച്ച്ആര്‍ ശാന്തനു ഝാ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.