• HOME
  • »
  • NEWS
  • »
  • money
  • »
  • Jeff Bezos | അഞ്ചാമത്തെ ടീമിനെയും ബഹിരാകാശത്തെത്തിച്ച് ജെഫ് ബെസോസ്; ദൗത്യം വിജയകരം

Jeff Bezos | അഞ്ചാമത്തെ ടീമിനെയും ബഹിരാകാശത്തെത്തിച്ച് ജെഫ് ബെസോസ്; ദൗത്യം വിജയകരം

ബഹിരാകാശത്തേക്കുള്ള അഞ്ചാമത്തെ ടൂറിസ്റ്റ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിച്ച് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ബഹിരാകാശ വിമാന കമ്പനിയായ ബ്ലൂ ഒറിജിൻ.

  • Share this:
ബഹിരാകാശത്തേക്കുള്ള അഞ്ചാമത്തെ ടൂറിസ്റ്റ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിച്ച് ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ (Jeff Bezos) ഉടമസ്ഥതയിലുള്ള അമേരിക്കൻ ബഹിരാകാശ വിമാന കമ്പനിയായ ബ്ലൂ ഒറിജിൻ (Blue Origin). ശനിയാഴ്ച ആയിരുന്നു ആറ് അം​ഗങ്ങളുമായി വിജയകരമായ പറക്കൽ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 62 മൈൽ (100 കി.മീ.) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തിയായ കർമൻ രേഖയ്ക്ക് (Karman line) മുകളിലുള്ള മേഖലയിലേക്കാണ് ആറ് പേരുമായി പ്രത്യേക വിമാനം പറന്നത്.

പടിഞ്ഞാറൻ ടെക്‌സാസിലെ ലോഞ്ച് സൈറ്റിൽ നിന്ന് അമേരിക്കൻ സമയം രാവിലെ 9:25 ഓടെയാണ് ഫ്ലൈറ്റ് പറന്നുയർന്നത്. ഒരു റോക്കറ്റും ഒരു ക്യാപ്‌സ്യൂളും ഉൾക്കൊള്ളുന്നതാണ് വിമാനം. ഇവ രണ്ടും വീണ്ടും ഉപയോഗിക്കാവുന്നവയാണ്.

മാർച്ച് 31 ന് ലാൻഡ്ചെയ്ത NS-20 ന് ശേഷം ഈ വർഷം കമ്പനിയുടെ രണ്ടാമത്തെ ഫ്ലൈറ്റാണ് ഇത്. ആദ്യം മെയ് 20 നാണ് ദൗത്യം തീരുമാനിച്ചിരുന്നത്. എന്നാൽ വാഹനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നേരിട്ടതിനാൽ ഈ ദൗത്യം റദ്ദാക്കിയിരുന്നു. ബ്ലൂ ഒറിജിന്റെ 21-ാമത്തെ വിമാനം കൂടിയാണ് ശനിയാഴ്ച ബഹിരാകാശത്ത് എത്തിയത്.

നിക്ഷേപകനും NS-19 ലെ ബഹിരാകാശ യാത്രികനുമായ ഇവാൻ ഡിക്ക്, ഇലക്ട്രിക്കൽ എഞ്ചിനീയറും മുൻ നാസ ടെസ്റ്റ് ലീഡറുമായ കത്യ എച്ചസാരെറ്റ, ബിസിനസ് ജെറ്റ് പൈലറ്റും ആക്ഷൻ ഏവിയേഷൻ ചെയർമാനുമായ ഹാമിഷ് ഹാർഡിംഗ്, സിവിൽ പ്രൊഡക്ഷൻ എഞ്ചിനീയർ വിക്ടർ കൊറിയ ഹെസ്പാന, സാഹസികനും ഡ്രീം വേരിയേഷൻ വെഞ്ചേഴ്‌സിന്റെ സഹസ്ഥാപകനുമായ ജെയ്‌സൺ റോബിൻ, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇൻസൈറ്റ് ഇക്വിറ്റിയുടെ സഹസ്ഥാപകനായ വിക്ടർ വെസ്കോവോ എന്നിവരാണ് ക്രൂവിൽ ഉൾപ്പെടുന്നത്.

ബ്ലൂ ഒറിജിന്റെ ദൗത്യത്തിൽ ഭാ​ഗമായതോടെ ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യത്തെ മെക്‌സിക്കൻ വംശജയും ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ വനിതയുമായി കത്യ എച്ചസാരെറ്റ (Katya Echazarreta) മാറി. ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ബ്രസീലിയൻ സ്വദേശിയാണ് ക്രൂ അം​ഗമായ വിക്ടർ കൊറിയ ഹെസ്പാന (Victor Correa Hespanha).

ഇക്കഴിഞ്ഞ മാർച്ചിൽ ആറ് പേരുമായി ബ്ലൂ ഒറിജിൻ ബഹിരാകാശത്തിന്റെ അരികിലേക്ക് പറക്കൽ നടത്തിയിരുന്നു.

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന് തങ്ങളുടെ ഓർബിറ്റൽ റീഫ് (Orbital Reef) ബഹിരാകാശ നിലയം വികസിപ്പിക്കാൻ 130 മില്യൺ ഡോളർ നാസ നൽകിയിരുന്നു. നിർമാണ വ്യവസായം, വിനോദ വ്യവസായം, കായികം, ഗെയ്മിങ്, സാഹസിക യാത്ര തുടങ്ങിയ വാണിജ്യ വ്യവസായങ്ങൾക്ക് വേണ്ടിയുള്ള ഒരു ഹബ് എന്ന നിലയിലാണ് ബ്ലൂ ഒറിജിൻ ഓർബിറ്റൽ റീഫിനെ വിഭാവനം ചെയ്യുന്നത്.

സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിൽ സഹോദരൻ മാർക്ക്, 82 കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവർ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാർഥി എന്നിവർക്കൊപ്പം ജെഫ് ബെസോസ് കഴിഞ്ഞ വർഷം ജൂലൈയിൽ ബഹിരാകാശ യാത്ര നടത്തിയിരുന്നു.
Published by:Sarath Mohanan
First published: