മുംബൈ: റിലയൻസിന്റെ ഇ- റീട്ടെയിൽ പ്ലാറ്റ് ഫോമായ ജിയോമാർട്ടിന്റെ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ലഭ്യമായി. പ്ലേസ്റ്റോറിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷത്തിലധികംപേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതിനോടകം ഷോപ്പിങ് വിഭാഗത്തിലെ ആദ്യ മൂന്ന് ആപ്പുകളിലൊന്നായി ജിയോ മാർട്ട് മാറി. ഒമ്നി- പ്ലാറ്റ്ഫോം ഇന്റർഫെയ്സ് ഉപയോഗിക്കുന്ന ആപ്പിലൂടെ അതിവേഗത്തിൽ ഉപയോക്താക്കൾക്ക് ഓർഡർ ചെയ്യാൻ കഴിയും.
മാർച്ച് അവസാനത്തോടെ രാജ്യത്തെ 200ഓളം നഗരങ്ങളിൽ ജിയോമാർട്ട്.കോമിന്റെ ബീറ്റ പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. ചെറിയ നഗരങ്ങളിലേക്ക് വരെ ജിയോമാർട്ട് സേവനം ലഭ്യമാക്കുകയാണ്. പലചരക്ക് സാധനങ്ങൾ, പഴം, പച്ചക്കറി, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയും ജിയോമാർട്ടിലൂടെ ആദ്യഘട്ടത്തിൽ ലഭിക്കും.
ഓരോദിവസവും പുതിയ ഉത്പന്നങ്ങളും, ബ്രാൻഡുകളും സേവനങ്ങളും കൂട്ടിച്ചേർക്കുകയാണ് ജിയോമാർട്ട്. വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ, പൂജാ സാധനങ്ങൾ, അടുക്കള സാധനങ്ങൾ, ചെരിപ്പുകൾ, ബേബികെയർ ഉത്പന്നങ്ങൾ, ബ്രാൻഡഡ് ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഇപ്പോൾ ജിയോമാർട്ടിൽ ലഭ്യമാണ്. ആകർഷണീയമായ വിലയാണ് ജിയോമാർട്ടിന്റെ പ്രത്യേകത. എല്ലാ ഉത്പന്നങ്ങൾക്കും അഞ്ചുശതമാനം വിലക്കിഴിവും ജിയോമാർട്ട് ഉറപ്പുനൽകുന്നു
Also Read-
മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും
നെറ്റ്ബാങ്ക്, ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ, ആർ-വൺ ലോയൽറ്റി പോയിന്റ്സ്, ക്യാഷ് ഓൺ ഡെലിവറി എന്നിവക്കൊപ്പം സൊഡെക്സോ കൂപ്പണുകളും ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. ആകർഷണീയമായ ക്യാഷ്ബാക്ക് ഓഫറുകളും ജിയോമാർട്ട് വാഗ്ദാനം ചെയ്യുന്നു.
ദിവസേന രണ്ടരലക്ഷത്തിലധികം ഓർഡറുകൾ രാജ്യത്താകെ ജിയോമാർട്ടിന് ലഭിക്കുന്നതായി കഴിഞ്ഞ ആഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞിരുന്നു. ഓരോദിവസവും ഓർഡറുകളുടെ എണ്ണം വർധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോമാർട്ട് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു.
Also Read-
RIL AGM 2020 | 2035ഓടെ കാർബൺ ഫ്രീ കമ്പനിയാകാൻ റിലയൻസ്
''ജനങ്ങൾക്ക് പുത്തൻ ഷോപ്പിങ് അനുഭവമാണ് ജിയോമാർട്ട് നൽകുന്നത്. പലവ്യഞ്ജന ഉത്പന്നങ്ങൾക്ക്പുറമെ ഇലക്ട്രോണിക്സ്, വസ്ത്രം, മരുന്ന്, ഹെൽത്ത്കെയർ ഉത്പന്നങ്ങളെയും വരുംദിവസങ്ങളിൽ ജിയോമാർട്ടിന്റെ ഭാഗമാക്കും.''- മുകേഷ് അംബാനി പറഞ്ഞു. ഫേസ്ബുക്കുമായുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പങ്കാളിത്തം ജിയോമാർട്ടിനെ വിപണിയിലെ ഒന്നാമനാക്കുമെന്നും 2024 ഓടെ ഈ രംഗത്തെ 50 ശതമാണം വിപണി പങ്കാളിത്തവും ജിയോമർട്ട് സ്വന്തമാക്കുമെന്നും വ്യവസായ രംഗത്തെ നിരീക്ഷകർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.