HOME » NEWS » Money » TECH KITE INTRODUCES NEW FREE OPERATING SYSTEM KITE GNU LINUX LITE 2020 AS TV

സോഫ്റ്റ്‍വെയര്‍ പാക്കേജുകള്‍ ഇനി ഒരു കുടക്കീഴിൽ; പുതിയ ഫ്രീ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ച് കൈറ്റ്

കുട്ടികൾക്ക് പുറമെ പ്രൊഫെഷനലുകൾക്കും സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമെല്ലാം ഒരേപോലെ പ്രയോജനപ്പെടുത്താം

News18 Malayalam | news18-malayalam
Updated: February 21, 2021, 3:25 PM IST
സോഫ്റ്റ്‍വെയര്‍ പാക്കേജുകള്‍ ഇനി ഒരു കുടക്കീഴിൽ; പുതിയ ഫ്രീ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ച് കൈറ്റ്
kite
  • Share this:
ലോക മാതൃഭാഷാ ദിനത്തിൽ പൊതുജനങ്ങൾക്കായി ‘കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020’ (KITE GNU-Linux Lite 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ‍(കൈറ്റ്) പുറത്തിറക്കി. സ്കൂളുകളില്‍ വിന്യസിച്ച സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്കരിച്ചതും ലഘുവായതുമായ ഈ കസ്റ്റമൈസ്ഡ് പതിപ്പാണ് സംസ്ഥാന സര്‍ക്കാര്‍ 'വിദ്യാശ്രീ ലാപ്‍ടോപ്പ്' പ്രോജക്ടുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന ലക്ഷക്കണക്കിന് ലാപ്‍ടോപ്പുകളില്‍ പ്രയോജനപ്പെടുത്തുന്നത്.

Also Read-Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം

സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പാക്കേജില്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ ഓഫീസ് പാക്കേജുകള്‍, ഭാഷാ ഇന്‍പുട്ട് ടൂളുകള്‍, ഡേറ്റാബേസ് ആപ്ലിക്കേഷനുകള്‍, ഡിടിപി - ഗ്രാഫിക്സ് ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയറുകള്‍, സൗണ്ട് റിക്കോര്‍ഡിംഗ് വീഡിയോ എഡിറ്റിംഗ് പാക്കേജുകള്‍, പ്രോഗ്രാമിനുള്ള ഐഡിഇകള്‍, സ്ക്രാച്ച് വിഷ്വല്‍ പ്രോഗ്രാമിംഗ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read-എന്താണ് ബിറ്റ്‌കോയിൻ ? ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്നത് എങ്ങനെ?

അന്താരാഷ്ട്ര പ്രശസ്തമായ വിദ്യാഭ്യാസ സോഫ്റ്റ്‍വെയറുകളായ ജിയോജിബ്ര, ഫെറ്റ്, ജിക്രോമ്പ്രിസ്, തുടങ്ങിയവയ്ക്ക് പുറമെ ചിത്രങ്ങളിലും പിഡിഎഫിലുമുള്ള അക്ഷരങ്ങളെ യൂണികോഡില്‍ ലഭിക്കുന്ന ജി-ഇമേജ് റീഡര്‍ ഉള്‍പ്പെടെ നിരവധി യൂട്ടിലിറ്റി പാക്കേജുകളും‍ ഇതിലുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോ‍ഡ് ഫോണ്ട് ശേഖരണവും പ്രത്യേക ഇംഗ്ലീഷ് - മലയാളം ഡിക്ഷണറിയും ഇതിലുണ്ട്.

സാധാരണ ഉബുണ്ടു അധിഷ്ഠിത പാക്കേജുകളില്‍ നിന്നും വ്യത്യസ്തമായി പ്രോസസിംഗ് ശക്തി കുറഞ്ഞ കമ്പ്യൂട്ടറുകളില്‍ പോലും കുറഞ്ഞ സ്റ്റോറേജ് സ്പേസ് പ്രയോജനപ്പെടുത്തി ഉപയോഗിക്കാനാകുന്നവിധം ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം എല്ലാ പാക്കേജുകളും ഒരുമിച്ച് ലഭ്യമാക്കുന്ന ‘കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020’ ഇന്ന് മുതൽ കൈറ്റിന്റെ www.kite.kerala.gov.in വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ആവശ്യക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ സ്കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള 'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റുകള്‍ വഴി സംവിധാനമേര്‍പ്പെടുത്തും.

Also Read-ബിറ്റ് കോയിൻ- ക്രിപ്റ്റോകറൻസി; അറിയേണ്ടതെല്ലാം

സ്കൂള്‍ കുട്ടികള്‍ക്കു പുറമെ ഡിടിപി സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സോഫ്റ്റ്‍വെയര്‍ ഡെവലപര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി പൊതുജനങ്ങള്‍ക്കുമെല്ലാം തീര്‍ത്തും സ്വതന്ത്രവും സൗജന്യവുമായി എല്ലാ സോഫ്റ്റ്‍വെയറുകളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന സൗകര്യം പുതിയ കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് - 2020 പാക്കേജിനുണ്ട്. 2.5 ജി.ബി ഫയല്‍ സൈസില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ പാക്കേജ് മൊത്തം 12 ജിബി ഇന്‍സ്റ്റലേഷന്‍ സ്പേസ് മാത്രമേ ആവശ്യമുള്ളൂ. പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പെന്‍ഡ്രൈവ് ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം .

ഹൈടെക് പദ്ധിയുടെ ഭാഗമായി നേരത്തെ കൈറ്റ് സംസ്ഥാനത്തെ 2ലക്ഷത്തോളം ലാപ്‍ടോപ്പുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രയോജനപ്പെടുത്തിയത് വഴി സംസ്ഥാന ഖജനാവിനു 3000 കോടി രൂപയുടെ ലാഭം ഉണ്ടാക്കാനായിട്ടുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ക്കുപരിയായി കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ മുഖ്യഘടകമായി വര്‍ത്തിച്ചതും ഇവിടെ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗം ഉറപ്പാക്കിയതാണ്. കോവിഡ് 19 കാലത്ത് കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി വീഡിയോ എഡിറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൈറ്റിന്റെ വിവിധ ജില്ലാകേന്ദ്രങ്ങള്‍ വഴി നടത്തിയതും സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരുന്നു. ഇത്തരം സൗകര്യങ്ങളാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ളത്.

പുതിയ സംവിധാനത്തിന്‍റെ പ്രത്യേകതകൾ: 

സർക്കാരിന്റെ 'വിദ്യാശ്രീ' പദ്ധതിയിലെ ലക്ഷക്കണക്കിന് ലാപ്ടോപ്പുകളിൽ വിന്യാസം

സോഫ്ട്‍വെയറുകളൊന്നും പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ട; എല്ലാം ഒരു കുടക്കീഴിൽ

കുട്ടികൾക്ക് പുറമെ പ്രൊഫെഷനലുകൾക്കും സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമെല്ലാം ഒരേപോലെ പ്രയോജനപ്പെടുത്താം

കൈറ്റ് വെബ്സൈറ്റിൽ നിന്നും ഇന്ന് മുതൽ സൗജന്യമായി ഡൌൺലോഡ് ചെയ്യാം

പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പെന്‍ഡ്രൈവ് ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം
Published by: Asha Sulfiker
First published: February 21, 2021, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories