• HOME
  • »
  • NEWS
  • »
  • money
  • »
  • Twitter | ട്വിറ്ററിന് വില പറ‍ഞ്ഞ് ഇലോൺ മസ്ക്; വാങ്ങാൻ 32,73,35,35,00,000 രൂപയോളം; ചെയർമാന് കത്ത്

Twitter | ട്വിറ്ററിന് വില പറ‍ഞ്ഞ് ഇലോൺ മസ്ക്; വാങ്ങാൻ 32,73,35,35,00,000 രൂപയോളം; ചെയർമാന് കത്ത്

നിലവിൽ ട്വിറ്ററിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് ഇലോൺ മസ്ക്...

  • Share this:
    പ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ ട്വിറ്റർ (Twitter) വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ടെസ്‍ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് (Elon Musk). ട്വിറ്റർ ചെയർമാൻ ബ്രറ്റ് ടെയ്‌ലറിന് (Bret Taylor) അയച്ച കത്തിലാണ് ഇലോൺ മസ്ക് ഇക്കാര്യം അറിയിച്ചത്. 43 ബില്യൻ ഡോളറാണ് (മൂന്ന് ലക്ഷം കോടി രൂപ) കമ്പനി സ്വന്തമാക്കാൻ ട്വിറ്ററിന് മസ്ക് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

    ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ടെന്നും തന്റെ ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണെന്നും മസ്ക് ടെയ്‌ലറിന് അയച്ച കത്തിൽ പറയുന്നു. ഓഫർ സ്വീകരിച്ചില്ലെങ്കിൽ, ഒരു ഓഹരിയുടമ എന്ന നിലയിലുള്ള തന്റെ സ്ഥാനം പുനഃപരിശോധിക്കുമെന്നും ഇലോൺ മസ്ക് കത്തിൽ വ്യക്തമാക്കി.

    ഇലോൺ മസ്ക് മുന്നോട്ടു വെച്ച ഓഫർ തങ്ങളുടെ ബോർഡ് അവലോകനം ചെയ്യുമെന്നും എല്ലാ ട്വിറ്റർ ഓഹരി ഉടമകളുടെയും താത്പര്യം പരി​ഗണിച്ചായിരിക്കും തീരുമാനം എടുക്കുക എന്നും ട്വിറ്റർ പ്രതികരിച്ചു.

    ട്വിറ്ററിൽ ഏറ്റവും കൂടുതലാളുകൾ ഫോളോ ചെയ്യുന്ന ഹാൻഡിലുകളിൽ ഒന്നു കൂടിയാണ് ഇലോൺ മസ്കിന്റേത്. 80 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് മസ്കിന് ട്വിറ്ററിൽ ഉള്ളത്. ട്വിറ്ററിൽ വരുത്താൻ ആ​ഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണോ എന്ന ചോദ്യം സഹിതം ബോർഡിലെത്തിയാൽ ചെയ്യേണ്ട പല പരിഷ്കാരങ്ങൾ സംബന്ധിച്ചും മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്വിറ്ററിനെ വിമർശിക്കുന്ന ട്വീറ്റുകൾ വരെ അദ്ദേഹത്തിന്റെ ഹാൻഡിലിൽ പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    നിലവിൽ ട്വിറ്ററിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് ഇലോൺ മസ്ക്. ഓഹരി പ്രഖ്യാപനത്തെത്തുടർന്ന് കമ്പനി അദ്ദേഹത്തിന് ബോർഡിൽ ഒരു സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ ക്ഷണം അദ്ദേഹം നിരസിക്കുകയാണ് ഉണ്ടായത്.

    മൂന്ന് ബില്യൺ ഡോളറിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിൽ കൊണ്ടുവരേണ്ട നിരവധി മാറ്റങ്ങളും ഇതോടൊപ്പം അദ്ദേഹം നിർദേശിച്ചിരുന്നു.

    ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്‍ലയുടെ (Tesla) സിഇഒയുമാണ് ഇലോൺ മസ്ക്. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 292 ബില്യൺ ഡോളറാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് 36 ബില്യൺ ഡോളർ കൂടി തന്റെ പേരിൽ കൂട്ടിച്ചേർത്തത്.

    മുമ്പ് ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന ആമസോൺ സിഇഒ ജെഫ് ബെസോസിനേക്കാൾ 100 ബില്യൺ ഡോളർ കൂടുതലാണ് നിലവിൽ മസ്കിന്റെ ആസ്തി.

    ഇലോൺ മസ്കിന്റെ ആസ്തിയുടെ മൂന്നിൽ രണ്ടും അദ്ദേഹം 2003 ൽ സ്ഥാപിച്ച ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‍ലയുടേതാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മസ്കിന്റെ ആകെ ആസ്തിയുടെ ഭൂരിഭാഗവും ടെസ്‍ലടെ ഓഹരികളുമായി ബന്ധപ്പെട്ടുള്ളതാണ്.
    Published by:Jayashankar Av
    First published: