നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Google Pay മാത്രമല്ല, ഉപയോക്താക്കൾക്ക് UPI പേയ്‌മെന്റുകളിൽ ഇനി വാട്സാപ്പും ക്യാഷ്ബാക്ക് കൂപ്പണുകൾ നൽകും

  Google Pay മാത്രമല്ല, ഉപയോക്താക്കൾക്ക് UPI പേയ്‌മെന്റുകളിൽ ഇനി വാട്സാപ്പും ക്യാഷ്ബാക്ക് കൂപ്പണുകൾ നൽകും

  വാട്സാപ്പ് പേയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ എതിരാളികളെ മറികടന്നു ഉയരാനുമായിട്ടാണ് ഉപയോക്താക്കള്‍ക്കായി ഇത്തരത്തിലൊരു പുതിയ ഓഫര്‍ വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

  • Share this:
   ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിലും അടുത്തിടെ പേയ്‌മെന്റ് ഫീച്ചര്‍ ഉള്‍കൊള്ളിച്ചിരുന്നു. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ വാട്സാപ്പിന്റെ ഈ സേവനം ഉപയോഗിക്കുന്നത് കുറവായിരുന്നു. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് കമ്പനി പുതിയ ബിസ്നസ് തന്ത്രങ്ങളുമായി വന്നിട്ടുള്ളത്. വാട്സാപ്പ് പേയ്മെന്റിന്റെ എതിരാളിയും ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പുമായ ഗൂഗിള്‍ പേയുടെ നുറുങ്ങു വിദ്യകളാണ് വാട്സാപ്പും ഉപയോഗിക്കാന്‍ പോകുന്നത്. അതുപ്രകാരം വാട്ട്‌സാപ്പ് പേ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് നല്‍കാനാണ് ഉടമസ്ഥര്‍ പദ്ധതിയിടുന്നത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബീറ്റഇന്‍ഫോയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, വാട്സാപ്പ് വഴി യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ക്യാഷ്ബാക്ക് കൂപ്പണുകള്‍ നല്‍കി തുടങ്ങിയേക്കും.

   വാട്സാപ്പ് പേയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ എതിരാളികളെ മറികടന്നു ഉയരാനുമായിട്ടാണ് ഉപയോക്താക്കള്‍ക്കായി ഇത്തരത്തിലൊരു പുതിയ ഓഫര്‍ വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാബീറ്റഇന്‍ഫോയുടെ റിപോര്‍ട്ട് അനുസരിച്ച്, വാട്സാപ്പിന്റെ ഈ പുതിയ സവിശേഷത നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ നിലവില്‍ ഒരു ഉപയോക്താവിനും ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ കഴിയില്ല.

   പക്ഷേ ആപ്പിന്റെ വരാനിരിക്കുന്ന അപ്ഡേറ്റില്‍ ഈ പുതിയ ഫീച്ചറും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ക്രീന്‍ഷോട്ടില്‍ വാട്ട്‌സാപ്പിലെ ചാറ്റുകളുടെ ലിസ്റ്റിന് മുകളില്‍ ഒരു പുതിയ ഓപ്ഷന്‍ കാണിക്കുന്നു. അതില്‍ ഒരു ഗിഫ്റ്റ് ഐക്കണും 'നിങ്ങളുടെ അടുത്ത പേയ്‌മെന്റില്‍ ക്യാഷ്ബാക്ക് നേടുക', 'ആരംഭിക്കാന്‍ ടാപ്പ് ചെയ്യുക' എന്നീ ഓപ്ഷനുകളും കാണിക്കുന്നു. ഈ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും 10 രൂപയോ അതില്‍ കൂടുതലോ ഉള്ള ഏത് പേയ്‌മെന്റിനും ക്യാഷ്ബാക്ക് കൂപ്പണുകള്‍ക്ക് അര്‍ഹതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

   2018 ന്റെ തുടക്കത്തിലാണ് വാട്സാപ്പ് യുപിഐ അധിഷ്ഠിത പേയ്‌മെന്റുകള്‍ ആരംഭിച്ചത്. പക്ഷേ വാട്സാപ്പ് വഴിയുളള പണമിടപാടിന് ആവശ്യമായ എല്ലാ അംഗീകാരങ്ങളും ലഭിക്കുന്നതുവരെ ഏകദേശം രണ്ട് വര്‍ഷം ഫീച്ചര്‍ ബീറ്റയില്‍ തുടര്‍ന്നു. ശേഷം ഈ സേവനം 2020 നവംബറില്‍ ബീറ്റയില്‍ നിന്ന് മാറി. കഴിഞ്ഞ വര്‍ഷം എല്ലാ ഉപയോക്താക്കള്‍ക്കും വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് സേവനം നല്‍കിയിരുന്നുവെങ്കിലും ഇന്ത്യയില്‍ കാര്യമായ ശ്രദ്ധ നേടാനായില്ല. വാട്സാപ്പ് പേയ്‌മെന്റിന്റെ മുഖ്യ എതിരാളി ഗൂഗിളിന്റെ G-pay ആണ്. ഇത് നിലവില്‍ ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

   ഇക്കണോമിക് ടൈംസിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, വാട്സാപ്പ് അതിന്റെ പേയ്‌മെന്റ് സേവനത്തെക്കുറിച്ച് ഉപയോക്താക്കളില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ഒരു വലിയ പരസ്യ പ്രചാരണം തന്നെ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു. ഗൂഗിള്‍ പേയ്ക്ക് പുറമേ ഫോണ്‍ പേയും ഈ അടുത്തിടെ ഉപയോക്താക്കള്‍ക്കായി ക്യാഷ്ബാക്ക് കൂപ്പണ്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. അതിനും വലിയ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ ശ്രേണിയില്‍ അവസാനത്തെതാണ് വാട്സാപ്പിന്റെ ക്യാഷ്ബാക്ക് കൂപ്പണ്‍.
   Published by:Jayashankar AV
   First published:
   )}