രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റിനായി അൽപ്പം കൂടി കാത്തിരിക്കണം. സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ജിയോഫോണ്‍ നെക്സ്റ്റിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ അവസാനത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച് രാജ്യത്ത് ജിയോഫോണ്‍ നെക്സ്റ്റ് അവതരിപ്പിക്കുമെന്നാണ് ജിയോയും ഗൂഗിളും ഇന്ന് അറിയിച്ചിരിക്കുന്നത്. നവംബര്‍ നാലിനാണ് ദീപാവലി ആഘോങ്ങള്‍ രാജ്യത്ത് നടക്കുക.
സ്മാര്‍ട്ട്‌ഫോണ്‍ ഉടൻ ലോഞ്ച് ചെയ്യുമെന്ന് ജിയോയും ഗൂഗിളും വ്യക്തമാക്കി. 'കൂടുതല്‍ പരിഷ്‌ക്കരണത്തിനായി ഇരു കമ്പനികളും പരിമിതമായ ഉപയോക്താക്കള്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റ് നല്‍കിക്കൊണ്ട് പരീക്ഷിണം നടത്തുകയാണ്. ദീപാവലി ഉത്സവ സീസണോട് അനുബന്ധിച്ച് വിപണിയില്‍ ഫോണ്‍ വ്യാപകമായി ലഭ്യമാക്കാനുള്ള സജീവമായ പ്രവര്‍ത്തനത്തിലാണ് കമ്പനികൾ. ഫോണിന്റെ ലോഞ്ചിംഗിനായി നീട്ടുന്ന സമയം നിലവില്‍ ആഗോളതലത്തിലെ വ്യവസായ രംഗം നേരിടുന്ന സെമികണ്ടക്ടര്‍ ക്ഷാമം ലഘൂകരിക്കാന്‍ സഹായിക്കും'' എന്ന് ജിയോയും ഗൂഗിളും നല്‍കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ജിയോഫോണ്‍ നെക്സ്റ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പിലാണ്. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്, ഓണ്‍-സ്‌ക്രീന്‍ ടെക്സ്റ്റിനുള്ള ഭാഷാ വിവര്‍ത്തനം, ഇന്ത്യ കേന്ദ്രീകൃത ഫില്‍ട്ടറുകളുള്ള സ്മാര്‍ട്ട് ക്യാമറ എന്നിവയും ഫോണിൽ ഉള്‍ക്കൊള്ളുന്നു. ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ക്രിക്കറ്റ് സ്‌കോറുകളും കാലാവസ്ഥ അപ്‌ഡേറ്റുകളും പരിശോധിക്കാനും ജിയോ സാവനില്‍ സംഗീതം പ്ലേ ചെയ്യാനും മൈ ജിയോയില്‍ ബാലന്‍സ് പരിശോധിക്കാനും ഗൂഗിള്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെടാൻ കഴിയും. കറുപ്പ്, നീല എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ വില്പനക്കെത്തും.
Also Read- ഇന്ത്യയിൽ ഈ വർഷം ഉത്സവ സീസണിൽ പുറത്തിറങ്ങാനിരിക്കുന്ന 5 മികച്ച SUV കാറുകൾ
രാജ്യം ഉറ്റുനോക്കുന്ന 4-ജി സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജൂണ്‍ 24 ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞത്, ജിയോഫോണ്‍ നെക്സ്റ്റ് ആഗോളതലത്തില്‍ ഏറ്റവും താങ്ങാവുന്ന സ്മാര്‍ട്ട് ഫോണായിരിക്കുമെന്നാണ്. ലോകത്തിലെ തന്ന ഏറ്റവും വിലകുറഞ്ഞ ഡിവൈസ് ആയിരിക്കും ജിയോഫോണ്‍ നെക്സ്റ്റ് എന്നാണ് സൂചനകള്‍. ഗൂഗിളും ജിയോയും ചേര്‍ന്ന് നിര്‍മ്മിച്ച ജിയോഫോണ്‍ നെക്സ്റ്റ്, രാജ്യത്തെ 2ജി ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് എത്തിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ജിയോയുടെ ഈ ഡിവൈസിന്റെ വില 3500-5000 രൂപയോട് അടുത്തായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമാന ഫീച്ചറുകളുള്ള മറ്റ് കമ്പനികളുടെ ഫോണുകളുടെ വില 8000-12000 രൂപയാണ്. ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങുന്നവര്‍ ആദ്യം, വിലയുടെ 10 ശതമാനം മാത്രം നല്‍കിയാല്‍ മതിയാകുമെന്നുള്ള സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
ജിയോയുടെ ഓഹരികള്‍ ടെക്ക് ഭീമന്‍ ഗൂഗിള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണ്‍ ഇരു കമ്പനികളും ചേര്‍ന്ന് വികസിപ്പിച്ചത്. രാജ്യത്തെ റീട്ടെയിലര്‍മാരുമായി ഫോണിന്റെ വില്‍പനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ജിയോ നടത്തുന്നുണ്ടെന്നും അതിനാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഓഫ് ലൈൻ സ്റ്റോറുകള്‍ വഴിയും നടക്കുമെന്നാണ് കരുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jio, JioPhone, JioPhone Next, JioPhone Next Price