• HOME
  • »
  • NEWS
  • »
  • money
  • »
  • Smartphone |4 വർഷത്തിനുള്ളിൽ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടക്കും: റിപ്പോർട്ട്

Smartphone |4 വർഷത്തിനുള്ളിൽ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടക്കും: റിപ്പോർട്ട്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാകാന്‍ ഒരുങ്ങുകയാണെന്നും പഠനം

  • Share this:
    ഇന്ത്യയിൽ സ്മാര്‍ട്ട്‌ഫോണ്‍ (Smartphone) ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. 2026 ഓടെ ഇന്ത്യയില്‍ 100 കോടി (1 billion) സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുണ്ടാകുമെന്നും ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകളുടെ വില്‍പ്പന വര്‍ധിക്കുമെന്നും ഡെലോയിറ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 2021ല്‍ ഇന്ത്യയില്‍ 1.2 ബില്യണ്‍ മൊബൈല്‍ (Mobile) വരിക്കാരുണ്ടായിരുന്നു, അതില്‍ 750 ദശലക്ഷം ആളുകള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാകാന്‍ ഒരുങ്ങുകയാണെന്നും പഠനം ചൂണ്ടികാട്ടുന്നു.

    ഡെലോയ്റ്റിന്റെ 2022 ഗ്ലോബല്‍ ടിഎംടി (ടെക്നോളജി, മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, ടെലികോം) പ്രവചനങ്ങള്‍ പ്രകാരം 2026-ഓടെ സ്മാര്‍ട്ട്ഫോണ്‍ വിപണി 1 ബില്യണ്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മുതല്‍ 2026 വരെ 2.5 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (CAGR - compound annual growth rate) വളരുന്ന നഗരമേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വളര്‍ച്ച ഗ്രാമീണ മേഖലയില്‍ 6 ശതമാനം സിഎജിആര്‍ നിരക്കില്‍ മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    Also Read-65W SuperVOOC ചാർജിംഗുള്ള OnePlus Nord CE 2 5G; ഫെബ്രുവരി 22ന് ഓപ്പൺ സെയിൽ ആരംഭിക്കുന്നു: എന്തുകൊണ്ട് നിങ്ങൾ ഒരെണ്ണം വാങ്ങണം

    ''ഉയര്‍ന്ന ഇന്റര്‍നെറ്റ് ആവശ്യകത സ്മാര്‍ട്ട്ഫോണുകളുടെ ആവശ്യം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഫിന്‍ടെക്, ഇ-ഹെല്‍ത്ത്, ഇ-ലേണിംഗ് എന്നിവയുടെ വർദ്ധിച്ചു വരുന്ന ആവശ്യകത സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും,'' റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരത് നെറ്റ് പ്രോഗ്രാമിന് കീഴില്‍ 2025-ഓടെ എല്ലാ ഗ്രാമങ്ങളെയും ഫൈബറൈസ് ആക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയ്ക്ക് അനുസരിച്ച് ഗ്രാമീണ വിപണിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളിലും വളര്‍ച്ചയുണ്ടാവും.

    2026ല്‍ നഗരവിപണിയില്‍ 95 ശതമാനവും പുതിയ സ്മാര്‍ട്ട്ഫോണുകളും 5 ശതമാനം സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളുമായിരിക്കും ഉപയോഗിക്കുന്നതെന്നും 2021ല്‍ ഇത് യഥാക്രമം 75 ശതമാനവും 25 ശതമാനവും ആണെന്നും ഡെലോയിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു ഫോണിന്റെ ശരാശരി ആയുസ്സ് നാല് വര്‍ഷമാണെങ്കില്‍ ഗ്രാമീണ ജനതയും സമാനമായ പ്രവണതയാകും പ്രകടമാക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. 2026-ലെ വിപണിയില്‍ ഏകദേശം 20 ശതമാനം സെക്കന്‍ഡ് ഹാന്‍ഡ് ഉപകരണങ്ങള്‍ക്ക് പകരം 80 ശതമാനവും പുതിയ ഉപകരണങ്ങളാവും ഉണ്ടാവുക. അതിനനുസരിച്ച്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കാരണം ഫീച്ചര്‍ ഫോണുകള്‍ ക്രമേണ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

    ഫീച്ചര്‍ ഫോണ്‍ റീപ്ലേസ്മെന്റുകള്‍ നഗരമേഖലയില്‍ 2021-ലെ 72 ദശലക്ഷത്തില്‍ നിന്ന് 2026-ല്‍ 60 ദശലക്ഷത്തിലെത്തും. ഈ റീപ്ലേസ്മെന്റുകള്‍ ഗ്രാമീണ മേഖലയില്‍ 2021-ലെ 71 ദശലക്ഷത്തില്‍ നിന്ന് 2026 ല്‍ 60 ദശലക്ഷമായി കുറയും. ഡെലോയിറ്റിന്റെ വിശകലനം അനുസരിച്ച്, ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളുടെ ആവശ്യം 6 ശതമാനം സിഎജിആര്‍ നിരക്കില്‍ വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതായത് 2021-ലെ 300 ദശലക്ഷത്തില്‍ നിന്ന് 2026-ല്‍ ഏകദേശം 400 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളായി എണ്ണം ഉയരും.

    Also Read-വൺപ്ലസ് നോർഡ് സിഇ 2 5G ഇന്ത്യയിൽ അവതരിപ്പിച്ചു; വില 23,999 രൂപ; സവിശേഷതകൾ അറിയാം

    5ജി യുടെ ആരംഭിച്ചതിന് ശേഷം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. 2026 ഓടെ 80 ശതമാനം ഉപകരണങ്ങളും 5ജിയിലാവും പ്രവർത്തിക്കുക. ഹൈ-സ്പീഡ് ഗെയിമിംഗ്, റിമോട്ട് ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകള്‍ കാരണം 5ജി ഏറ്റവും വേഗത്തില്‍ സ്വീകരിക്കപ്പെടുന്ന മൊബൈല്‍ സാങ്കേതികവിദ്യയായി മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. 5ജി ആരംഭിച്ചതിന് ചെയ്തതിന് ശേഷം, 2026 ഓടെ സ്മാര്‍ട്ട്ഫോണുകളുടെ അധിക കയറ്റുമതി 135 ദശലക്ഷം ആകുമെന്ന് പ്രതീക്ഷിക്കുന്നു. ''രാജ്യത്തെ സ്മാര്‍ട്ട്ഫോണുകളുടെ മൊത്തം കയറ്റുമതി 2022-2026 കാലയളവില്‍ 1.7 ബില്യണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ഏകദേശം 250 ഡോളര്‍ ബില്യണ്‍ വിപണി സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതില്‍ ഏകദേശം 840 ദശലക്ഷം 5ജി ഉപകരണങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വില്‍ക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

    2022 മുതല്‍, 5ജിയിലേക്കുള്ള മാറ്റം വര്‍ഷം തോറും വളര്‍ച്ച പ്രാപിക്കും. ഇത് ഇന്ത്യയിലെ 5ജി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ വര്‍ദ്ധനവിന് കാരണമാകും. ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തിന്റെ പരിണാമവും താങ്ങാനാവുന്ന വിലയില്‍ 5ജി ഫോണുകള്‍ അവതരിപ്പിക്കാനുള്ള നിര്‍മ്മാതാക്കളുടെ ശ്രമങ്ങളും കണക്കിലെടുത്ത് 3ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. ഇന്ത്യയില്‍ സെമി കണ്ടക്ടർ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളറിന്റെ ഇന്‍സെന്റീവ് പാക്കേജ് ഫോണുകളുടെ നിര്‍മ്മാണത്തിന് പ്രേരണയാകുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ഡെലോയിറ്റിന്റെ 2022-ലെ ഗ്ലോബല്‍ ടിഎംടി പ്രവചനങ്ങളുടെ ഇന്ത്യന്‍ പതിപ്പ് സൂചിപ്പിക്കുന്നത്, സാങ്കേതികവിദ്യയുടെ ഭാവിയെന്നത് ഡിജിറ്റല്‍ രംഗവും മൊബൈല്‍ മേഖലയുമാണെന്നാണ്. സെമി കണ്ടക്ടർ ചിപ്പുകളുടെ ആഗോള ദൗര്‍ലഭ്യം ലോകമെമ്പാടുമുള്ള നിര്‍മ്മാണ വ്യവസായങ്ങളെ ബാധിച്ചതായി ഡിലോയിറ്റ് വ്യക്തമാക്കുന്നു. ഡിമാന്‍ഡ് കുതിച്ചുയരുന്നതിനാല്‍, സമീപകാലത്ത് വിതരണം പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്, പക്ഷേ 2023-ല്‍ അത് ക്രമേണ സുലഭമാകും.

    ''അര്‍ദ്ധചാലകങ്ങളുടെയും ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ശക്തമായ ഒരു പ്രാദേശിക കേന്ദ്രമായി ഉയര്‍ന്നുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളിയും ടിഎംടി ഇന്‍ഡസ്ട്രി ലീഡറുമായ പി എന്‍ സുദര്‍ശന്‍ പറഞ്ഞു. ''സെമി കണ്ടക്ടർ, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ വ്യവസായങ്ങള്‍ക്കുള്ള ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ സമീപകാല പ്രഖ്യാപനം രാജ്യത്ത് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒരു എന്‍ഡ്-ടു-എന്‍ഡ് ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ സഹായിക്കും. ഡിജിറ്റലിലേക്കുള്ള മാറ്റം 2022-ലും തുടരുമെന്നും ഭാവിയില്‍ അത് വ്യവസായ വളര്‍ച്ചയിലേയ്ക്ക് നയിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' പി എന്‍ സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

    2026-ഓടെ 75 ശതമാനത്തിലധികം വരിക്കാരും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമെന്നുള്ള പ്രതീക്ഷകള്‍, ഡെലോയിറ്റ് ഇന്ത്യയുടെ പങ്കാളിയും ടെലികോം സെക്ടര്‍ ലീഡറുമായ പീയുഷ് വൈഷ് പങ്കുവച്ചു. ''2026ല്‍ വില്‍ക്കുന്ന ഫോണുകളില്‍ 80 ശതമാനവും 5ജി ഫോണുകളാവും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ 130 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 840 ദശലക്ഷം 5ജി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങും. കൂടാതെ, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 135 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ യൂണിറ്റുകളുടെ വര്‍ദ്ധിച്ചുവരുന്ന വില്‍പ്പനയ്ക്ക് 5ജി കാരണമാകും,'' വൈഷ് പറഞ്ഞു.

    ഇന്ത്യയിലെ മാധ്യമ മേഖലയിലെ പ്രവണതകളെ സംബന്ധിച്ചും ഡെലോയിറ്റ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രേക്ഷകര്‍ കൂടുതല്‍ കാണുന്നത്, കൊറിയന്‍, ഇസ്രായേലി അല്ലെങ്കില്‍ സ്പാനിഷ് പോലുള്ള ഭാഷകളിലെ വീഡിയോകളാണെന്നുംഈ പ്രവണതകള്‍ പല സ്ട്രീമിംഗ് കമ്പനികളെയും ഇന്ത്യന്‍ വിപണിയിലേക്കുള്ള അവരുടെ തന്ത്രങ്ങളും നിലപാടുകളും പരിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സേവന ദാതാക്കള്‍ അവരുടെ ഉപഭോക്തക്കളെ സ്ഥിരപ്പെടുത്താനും ഏകീകരിക്കാനും ശ്രമിക്കുന്നതിനാല്‍ സ്ട്രീമിംഗ് സേവനങ്ങള്‍ക്കുള്ള വിലകള്‍ മത്സരാധിഷ്ഠിതമായി തുടരും. അത്, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയിലെ വിപണിയില്‍, സ്ട്രീമിംഗ് കമ്പനികള്‍ ഉപഭോക്താവിനെ ചൂഷണം ചെയ്യുന്നതിന് പകരം കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സേവന നിരക്കുകൾ സ്ഥിരത കൈവരിക്കുകയും ഗുണമേന്മ ഇല്ലാത്ത കണ്ടന്റുകള്‍ കുറയ്ക്കുന്നതിലേക്ക് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് ഡെലോയിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
    Published by:Naseeba TC
    First published: