വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതൽ വാഹനമോടിക്കുമ്പോൾ ഡ്രൈവിംഗ് ലൈസന്‍സ് (Driving License) കൈയ്യില്‍ കരുതേണ്ടതില്ല. 1989-ലെ മോട്ടോര്‍ വാഹന നിയമത്തിൽ (Motor Vehicles Act, 1989) വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഇനി ഡ്രൈവിങ് ലൈസന്‍സോ ആര്‍സി ബുക്കോ (വാഹന രജിസ്ട്രേഷന്‍ കാര്‍ഡ്) കയ്യില്‍ കരുതേണ്ട ആവശ്യമില്ല. പകരം, നിങ്ങള്‍ക്ക് ഈ രേഖകള്‍ എംപരിവാഹന്‍ (mParivahan) മൊബൈല്‍ ആപ്പില്‍ സൂക്ഷിക്കാനും അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ അത് ഹാജരാക്കാനും സാധിക്കും.
എംപരിവാഹന്‍ ആപ്പിലേക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിശദാംശങ്ങള്‍ ചേർക്കുന്ന പ്രക്രിയ വളരെ ലളിതമാണ്:
ഘട്ടം 1: ആദ്യം, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എംപരിവാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും. അത് ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റര്‍ ചെയ്യുക.
ഘട്ടം 3: ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ട് ചോയ്സുകള്‍ ലഭിക്കും - ഡിഎല്‍ (ഡ്രൈവിംഗ് ലൈസന്‍സ്), ആര്‍സി (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) എന്നിവയായിരിക്കും അത്.
ഘട്ടം 4: നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിന്റെ നമ്പര്‍ നല്‍കുക.
ഘട്ടം 5: ഒരു വെര്‍ച്വല്‍ ഡ്രൈവിംഗ് ലൈസൻസ് സൃഷ്ടിക്കാന്‍, 'ആഡ് ടു മൈ ഡാഷ്‌ബോര്‍ഡ്' എന്നതില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 6: ജനനത്തീയതി കൂടി നല്‍കിയാല്‍ ലൈസൻസ് നിങ്ങളുടെ 'ഡാഷ്ബോര്‍ഡില്‍' ചേര്‍ക്കപ്പെടും.
നിങ്ങളുടെ വെര്‍ച്വല്‍ ഡ്രൈവിംഗ് ലൈസന്‍സ് കാണുന്നതിന് സ്‌ക്രീനിന്റെ മുകളില്‍, ഡാഷ്ബോര്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഒരിക്കല്‍ നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ലൈസൻസിന്റെ പൂര്‍ണ്ണ വിവരങ്ങളും ഒരു ക്യൂആര്‍ കോഡും ദൃശ്യമാകും. നിര്‍ദ്ദിഷ്ട രേഖകളുടെ എല്ലാ വിവരങ്ങളും ഈ ക്യൂആര്‍ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ അധികാരികൾക്ക് മനസിലാക്കാം. വാഹനങ്ങളുടെ ആര്‍സി ബുക്കിന്റെ വിശദാംശങ്ങളും എംപരിവാഹന്‍ ആപ്പില്‍ ചേര്‍ക്കാന്‍ സാധിക്കും.
എംപരിവാഹന്‍ ആപ്പില്‍, ഒരാള്‍ക്ക് മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതോ ആ വ്യക്തി തന്നെ ഉപയോഗിക്കുന്ന ഒന്നിലധികം വാഹനങ്ങളുടെയോ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. ഉദാഹരണത്തിന്, ഭാര്യയുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത വാഹനം ഓടിക്കുന്ന ഭര്‍ത്താവിന് തന്റെ ആപ്പിലും ആ വാഹനത്തിന്റെ വിശദാംശങ്ങള്‍ ചേര്‍ക്കാനാകും. അതുപോലെ, ഡ്രൈവിംഗ് ലൈസന്‍സിന്റെ വിശദാംശങ്ങള്‍ ഒന്നിലധികം മൊബൈല്‍ ഫോണുകളിലും ചേര്‍ക്കാവുന്നതാണ്.
ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴിലാണ് എംപരിവാഹന്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ വാഹന വിവര പരിശോധനയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാവും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും എംപരിവാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.