നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Special Interview: 2 കോടി രൂപ  പറഞ്ഞിട്ടും ഇൻഫോസിസ് 1990 ൽ വിറ്റില്ല, ഇന്ന്  ആസ്തി 6.5 ലക്ഷം കോടി; നാരായണമൂർത്തി

  Special Interview: 2 കോടി രൂപ  പറഞ്ഞിട്ടും ഇൻഫോസിസ് 1990 ൽ വിറ്റില്ല, ഇന്ന്  ആസ്തി 6.5 ലക്ഷം കോടി; നാരായണമൂർത്തി

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയർ കമ്പനിയായി വളർന്ന ഇൻഫോസിസിന്റെ വളർച്ചയുടെ പടവുകളെക്കുറിച്ച് എൻ‌.ആർ നാരായണ മൂർത്തി സംസാരിക്കുന്നു.

  News18

  News18

  • Share this:
   1990ൽ 2 കോടി രൂപയ്ക്ക് കമ്പനി വാങ്ങാൻ ആളെത്തിയിട്ടും എൻ.ആർ നാരായണ മൂർത്തിയും മറ്റ് സഹസ്ഥാപകരും ഇൻഫോസിസ് വിൽക്കാൻ തയ്യാറായില്ല. കമ്പനി തുടർന്നും അവരുടെ മേൽനോട്ടത്തിൽ വളർന്നു. ഇന്ന് 6.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് ഇൻഫോസിസിനുള്ളത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയർ കമ്പനിയായി വളർന്ന ഇൻഫോസിസിന്റെ വളർച്ചയുടെ പടവുകളെക്കുറിച്ച് എൻ‌.ആർ നാരായണ മൂർത്തി സംസാരിക്കുന്നു.

   സ്ഥാപകരുടെ നിശ്ചയദാർഡ്യവും 1991ലെ സാമ്പത്തിക പരിഷ്കരങ്ങളുമാണ് ഇൻഫോസിസിന്റെ ഈ വളർച്ചയ്ക്ക് പിന്നിൽ. ഇൻഫോസിസ് പോലുള്ള കമ്പനികൾക്ക് വിപണിയിൽ മികച്ച സ്ഥാനം കണ്ടെത്താൻ 1991ലെ സാമ്പത്തിക പരിഷ്കരണത്തിനായി. സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ അനുമതിയില്ലാതെ വിദേശയാത്രകൾ ചെയ്യാനും കമ്പ്യൂട്ടറുകൾ ഇറക്കുമതി ചെയ്യാനും കമ്പനികൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1991ലെ ഈ വലിയ മാറ്റത്തിന് ശേഷമാണ്.

   ഈ ജൂലൈ 24ന് ഇന്ത്യ 30 വർഷത്തെ ഉദാരവൽക്കരണ നയത്തെ അടയാളപ്പെടുത്തുമ്പോൾ, ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തി 1991ലെ സാമ്പത്തിക പരിഷ്കരണം ഇൻഫോസിസിന്റെ വളർച്ചയെ മാറ്റിമറിച്ചത് എങ്ങനെയെന്നും ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ അടുത്ത തരംഗത്തെക്കുറിച്ചും മണികൺട്രോളിനോട് സംസാരിച്ചു. ചന്ദ്ര ആർ ശ്രീകാന്തിനൊപ്പമുള്ള ഈ അഭിമുഖത്തിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങൾ പരിശോധിക്കാം.

   1991ൽ സാമ്പത്തിക ഉദാരവൽക്കരണം പ്രഖ്യാപിച്ചപ്പോൾ ഇൻഫോസിസ് 10 വർഷം പഴക്കമുള്ള കമ്പനിയായിരുന്നു. ഉദാരവൽക്കരണത്തിനു മുമ്പുള്ള കാലഘട്ടത്തിൽ ഈ കമ്പനി നടത്തി വന്നിരുന്നത് എങ്ങനെയായിരുന്നു
   ഒന്നാമതായി, ഞങ്ങൾ അന്ന് വളരെ ചെറുപ്പമായിരുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, സാധ്യതകൾ തുടങ്ങി എല്ലാം വളരെ ചെറുതും ഇടുങ്ങിയതുമായിരുന്നു. ബാംഗ്ലൂരിന്റെ തെക്ക് പ്രദേശമായ ജയ നഗറിലെ ഒരു ചെറിയ ഓഫീസ് മുറിയിലായിരുന്നു കമ്പനിയുടെ തുടക്കം. കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ആക്സസറികൾ, സോഫ്റ്റ്വെയർ എന്നിവയുടെ ഇറക്കുമതി ലൈസൻസ് നേടുന്നതിനായി അക്കാലത്ത് ഡൽഹിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനായി ധാരാളം സമയം ചെലവഴിച്ചിരുന്നു.

   ഇന്ത്യയിൽ ആവശ്യമായ ഹാർഡ്‌വെയർ ഇല്ലാത്തതിനാൽ വിദേശത്ത് പ്രോജക്ടുകൾ ചെയ്യുന്ന സഹപ്രവർത്തകർക്ക് വിദേശനാണ്യം ലഭിക്കുന്നതിന് മുംബൈയിലെ റിസർവ് ബാങ്ക് ഓഫീസുകളിലും ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. അന്ന് കമ്പ്യൂട്ടർ ഇറക്കുമതി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സഹായത്തിനും ആരുമുണ്ടായിരുന്നില്ല. ബാങ്കുകൾക്ക് സോഫ്ടുവെയറുകളെക്കുറിച്ച് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വായ്പ എടുക്കുന്നതിന് ഈട് ആവശ്യമായിരുന്നു. അതിനാൽ ബാങ്കുകളിൽ നിന്നുള്ള ടേം ലോണുകളും പ്രവർത്തന മൂലധന വായ്പകളും ബിസിനസിനെ വലിയ രീതിയിൽ സഹായിച്ചിരിന്നുമില്ല.

   അക്കാലത്തെ പരിമിതികളെക്കുറിച്ച് ഒരു ഉദാഹരണം പറയാം. വസ്ത്രവ്യവസായത്തിനായി ഒരു പ്രധാന പാക്കേജ് വികസിപ്പിക്കുന്നതിനായി ഞങ്ങളുടെ ഉപഭോക്താക്കളിലൊരാൾ 300,000 ഡോളർ ചെലവ് വരുന്ന മാഗ്നൂസൺ എന്ന ഐബിഎം 4341 പ്ലഗ്-കോമ്പാറ്റിബിൾ കമ്പ്യൂട്ടർ സിസ്റ്റം ഞങ്ങൾക്ക് വാടകയ്ക്ക് നൽകാൻ തയ്യാറായിരുന്നു. ഇത് കുറഞ്ഞത് 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്നത്തെ ഏറ്റവും പ്രചാരമുള്ള വാണിജ്യ കമ്പ്യൂട്ടർ ആർക്കിടെക്ചറിനെക്കുറിച്ച് യുവാക്കളെ പരിശീലിപ്പിക്കാനും ഇൻഫോസിസിനെ പ്രാപ്തമാക്കി. അതാണ് ഐബിഎം 4341 സിസ്റ്റം.

   അതുപോലെ അന്ന് കമ്പനിയുടെ ഉപഭോക്താക്കളുടെ ഒരു പ്രധാന ആവശ്യം ഓഫീസിൽ ഒരു ടെലിഫോൺ കണക്ഷനായിരുന്നു, അതിലൂടെ ഉപഭോക്താക്കളുടെ ജീവനക്കാർക്ക് ദിവസേന ഞങ്ങളുമായി ബന്ധപ്പെടാനും അവർക്ക് ഫാക്സുകൾ അയയ്ക്കാനും സഹായിക്കുമായിരുന്നു. എന്നാൽ അക്കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ശേഷം ടെലിഫോൺ കണക്ഷൻ നൽകുന്നതിനുള്ള ആദ്യത്തെ മുൻ‌ഗണന ലഭിച്ചിരുന്നത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾക്കായിരുന്നു. രണ്ടാമത്തെ മുൻ‌ഗണന വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾക്കായിരുന്നു. ഈ സാഹചര്യത്തിൽ 10 വർഷത്തെ കഠിനാധ്വാനത്തിനും ത്യാഗത്തിനും ശേഷവും ഞങ്ങൾ സഹസ്ഥാപകർക്കും സഹപ്രവർത്തകർക്കും വലിയോ വീടുകളോ, കാറുകളോ ഫോണുകളോ ഒന്നും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.

   1990ൽ 2 കോടി രൂപയ്ക്ക് കമ്പനി വാങ്ങാൻ ഒരു ഓഫർ വന്നിരുന്നു. അതായത് ഒരു മില്യൺ ഡോളർ നിരക്കിൽ. ഈ ഓഫർ വന്നപ്പോൾ എന്റെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും കമ്പനി വിൽക്കുന്നതിൽ താത്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് ഇൻഫോസിസിന് 6.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുണ്ട്.

   ഇൻ‌ഫോസിസ് വിൽ‌ക്കാനുള്ള നീക്കങ്ങൾ തള്ളിക്കളഞ്ഞത് വളരെ നല്ല കാര്യമാണ്. ഇന്ന് അത്രയും വലിയ ഉയരങ്ങളിലാണ് ഇൻഫോസിസ് എത്തി നിൽക്കുന്നത്. ആറ് ലക്ഷം കോടി രൂപയുടെ വിപണി മൂലധനം ഒരു നിസാര കാര്യമല്ല. സാമ്പത്തിക പരിഷ്കരണത്തിന് മുമ്പ് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാമോ? ഉദാഹരണത്തിന്, കറന്റ് അക്കൗണ്ട് കൺവേർട്ടബിളിറ്റി ഇല്ലായിരുന്നു. അതായത് നിങ്ങൾക്ക് ഒരു ദിവസത്തേക്ക് വിദേശയാത്ര നടത്തേണ്ടി വന്നാലും റിസർവ് ബാങ്കിൽ അപേക്ഷിക്കേണ്ടതുണ്ടായിരുന്നു. ഒരു കമ്പ്യൂട്ടർ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി നേടുന്നതിന് മൂന്ന് വർഷം വരെ കാത്തിരിക്കണം. ഒന്നിലധികം യാത്രകളും ആവശ്യമായി വരും. ഇക്കാര്യങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
   എന്റെ സുഹൃത്ത് കെ.വി രമണിയ്ക്ക് നേരിടേണ്ടി വന്ന ചില സാഹചര്യങ്ങളെക്കുറിച്ച് പറയാം. കെ.വി രമണി, നിങ്ങൾക്കറിയാവുന്നതുപോലെ, മികച്ച ഒരു സംരംഭകനാണ്. എന്റെ നല്ല സുഹൃത്താണ്. രമണിയും നന്ദൻ നിലേകനിയും മറ്റു ചില സുഹൃത്തുക്കളുെ ചേ‍ർന്നാണ് നാസ്കോം സ്ഥാപിച്ചത്. സായ് യൂണിവേഴ്‌സിറ്റി എന്ന പേരിൽ ഒരു സർവകലാശാലയും രമണി ആരംഭിച്ചു. സായ് സർവകലാശാല വരും വർഷങ്ങളിൽ ഒന്നാമതെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

   1986ൽ രമണി ചെന്നൈയിലെ റിസർവ് ബാങ്ക് ഓഫീസിലേക്ക് വിദേശനാണ്യത്തിനായി ഒരു അപേക്ഷ അയച്ചു. രണ്ട് ദിവസത്തേക്ക് ഫ്രാങ്ക്ഫർട്ട് സന്ദർശിക്കാനും പാരീസിൽ ഒരു ദിവസം സോഫ്റ്റ്വെയർ കയറ്റുമതി ബിസിനസ്സിനുള്ള സാധ്യതകൾ അന്വേഷിക്കാനുമായിരുന്നു ആ യാത്ര. 15 ദിവസത്തിന് ശേഷം റിസർവ് ബാങ്കിൽ നിന്ന് അനുമതി ലഭിച്ചു. രമണി ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര തിരിച്ചു. മൂന്നാം ദിവസമായിരുന്നു പാരീസ് സന്ദ‍ർശനം. പാരീസിലെ മീറ്റിം​ഗ് സമയം വൈകുന്നേരം 4 മണിയായിരുന്നു. എന്നാൽ അവസാന നിമിഷം മീറ്റിം​ഗ് പിറ്റേന്ന് രാവിലെ 9ലേയ്ക്ക് മാറ്റി.

   രാവിലെ ഒൻപതിന് പാരീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ രമണി രാത്രി തന്നെ പാരീസിലേക്ക് പോയി. രമണി, ഫ്രാങ്ക്ഫർട്ടിൽ ഒരു രാത്രിയും പാരീസിൽ രണ്ട് രാത്രിയും ചെലവഴിച്ചു. ആ സമയത്ത് വിദേശ യാത്രയ്ക്ക് കറൻസി വിനിയോഗിക്കുന്നതിനെക്കുറിച്ച് ഓരോ യാത്രയ്ക്കും ശേഷവും ആർ‌ബി‌ഐയ്ക്ക് റിപ്പോ‍ർട്ട് സമർപ്പിക്കേണ്ടിയിരുന്നു.

   അങ്ങനെ രമണി ചെന്നൈയിൽ തിരിച്ചെത്തിയപ്പോൾ റിപ്പോർട്ട് സമർപ്പിച്ചു. പാരീസിൽ അധികമായി ഒരു ദിവസം ചെലവഴിച്ചതിന് ആ‍ർബിഐയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസും ലഭിച്ചു.

   15 അല്ലെങ്കിൽ 20 വർഷം മുമ്പ് റിസർവ് ബാങ്ക് ബോർഡിൽ ഞാനും സേവനമനുഷ്ഠിച്ചിരുന്നു. അന്നത്തെ റിസർവ് ബാങ്ക് ഗവർണറായിരുന്ന എന്റെ സുഹൃത്ത് ഡോ. ബിമൽ ജലാനോട് ഞാൻ ഇക്കാര്യം വിവരിച്ചു. ഉദ്യോഗസ്ഥരുടെ അന്നത്തെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞ് അന്ന് ഞങ്ങൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

   ഒരു കമ്പ്യൂട്ടർ ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസിനായി അപേക്ഷിച്ചാൽ രണ്ട് മുതൽ മൂന്ന് വർഷവും 30 മുതൽ 50 തവണ വരെ ഡൽഹി സന്ദർശനവും ആവശ്യമായിരുന്നു. ഈ കാലയളവിൽ, യുഎസിലെ സാങ്കേതികവിദ്യ ഓരോ ആറുമാസത്തിലും മുന്നേറുമായിരുന്നു. ഒരു കമ്പ്യൂട്ടർ ഇറക്കുമതി ചെയ്യുന്നതിന് ഞങ്ങൾക്ക് അനുമതി ലഭിച്ചപ്പോഴേക്കും, യുഎസിലെ ഡിസ്ക് ഡ്രൈവ് നിർമ്മാതാക്കൾ 50 ശതമാനം കൂടുതൽ ശേഷിയുള്ള ഡിസ്ക് ഡ്രൈവിന്റെ 30 ശതമാനം വിലക്കുറവുള്ള പുതിയ പതിപ്പ് പുറത്തിറക്കി.

   ലൈസൻസിലെ മോഡൽ നമ്പറുകൾ അപ്‌ഡേറ്റു ചെയ്യാൻ ഞാൻ ഇലക്‌ട്രോണിക്‌സ് വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അനുമതി നേടുന്നതിൽ കാലതാമസം നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ എന്നെ ഉപദേശിച്ചു. എങ്കിലും ഞാൻ അപേക്ഷിച്ചു. മോഡൽ നമ്പറുകൾ ലൈസൻസിൽ പുതുക്കാൻ 12 മാസം സമയമെടുത്തു. യുഎസിൽ ഓരോ ആറു മുതൽ ഒമ്പത് മാസം വരെ സാങ്കേതികവിദ്യ പുരോഗമിക്കുമായിരുന്നു. ഇന്ത്യ അപ്പോൾ കുറഞ്ഞത് രണ്ട് തലമുറകളെങ്കിലും പിന്നിലായിരിക്കും.

   ഓഹരി വിപണിയിലെ ഇപ്പോഴത്തെ മാറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? മൂലധനം സമാഹരിക്കാനും പൊതുവായി ലിസ്റ്റുചെയ്ത കമ്പനി നടത്തുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായമെന്താണ്?
   ലിസ്റ്റ് ചെയ്ത രണ്ടാമത്തെ സോഫ്റ്റ്വെയർ കമ്പനിയായിരുന്നു ഞങ്ങളുടേത്. 1992 ഡിസംബറിൽ ആദ്യമായി ലിസ്റ്റ് ചെയ്തത് എന്റെ സുഹൃത്ത് അശാങ്ക് ദേശായിയുടെ മാസ്റ്റെക്ക് എന്ന കമ്പനിയായിരുന്നു. ഞങ്ങൾ കമ്പനി സ്ഥാപിച്ച് 10 വർഷത്തിനുശേഷം 1991ൽ ലിസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രാജീവ് ഗാന്ധിയുടെ വധം, ബാബറി മസ്ജിദ് തക‍ർച്ച, ഹർഷദ് മേത്ത അഴിമതി എന്നിവ കാരണം കാലതാമസം നേരിട്ടു.

   കയറ്റുമതി വിപണിയിൽ, പ്രത്യേകിച്ച് യുഎസിലെ ഇന്ത്യൻ സോഫ്റ്റ്വെയർ സേവന കമ്പനികളുടെ സാധ്യതകളെക്കുറിച്ച് സ്റ്റോക്ക് മാർക്കറ്റിന് അന്ന് ഒന്നും അറിയില്ലായിരുന്നു. എങ്കിലും ഞങ്ങൾ വളരെ മികച്ച തയ്യാറെടുപ്പുകൾ നടത്തി. കമ്പനിയുടെ ഭാവി സാധ്യതകളെക്കുറിച്ചും കമ്പനി നേരിടുന്ന അപകട സാധ്യതകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. യുഎസ് രീതിയിലുള്ള റോഡ്ഷോ പോലുള്ള സംവിധാനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ വളരെ കുറച്ച് സ്ഥാപന നിക്ഷേപകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

   ഞാൻ ഇവിടെ എടുത്ത് പറയേണ്ട രണ്ടുപേ‍ർ ഇനോം സ്ഥാപകരായ ശ്രീ വല്ലഭ് ബൻസാലി, ശ്രീ നെമിഷ് ഷാ എന്നിവരാണ്. ഇവരുടെ പ്രതിബദ്ധതയും പിന്തുണയുമാണ് ഇൻഫോസിസിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഈ രണ്ട് വ്യക്തികളോട് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കും. 1992 ൽ സെബി നിലവിൽ വന്നതോടെ വികസിത രാജ്യങ്ങളിൽ നിന്ന് നല്ല ആഗോള സമ്പ്രദായങ്ങൾ രാജ്യത്തും സ്വീകരിച്ചു തുടങ്ങി.

   1991ലെ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ശേഷം ഒരു സംരംഭകനെന്ന നിലയിൽ നിങ്ങൾക്ക് അടിസ്ഥാനപരമായി എന്ത് മാറ്റമാണ് സംഭവിച്ചത്? 1991 ജൂലൈ 24 ലെ ചരിത്രപരമായ ബജറ്റിന് ശേഷം ഇൻഫോസിസിന്റെ പ്രവർത്തന രീതിയിൽ വന്ന ഏറ്റവും വലിയ മാറ്റം എന്ത്?
   ഒരു ആശയം ഉപയോക്താക്കൾക്കുള്ള മൂല്യമായി മാറ്റുക, ജീവനക്കാർക്കുള്ള ജോലികൾ, നിക്ഷേപകർക്ക് സമ്പത്ത്, സംരംഭകർക്കുള്ള നേട്ടം ഒടുവിൽ സർക്കാരിനുള്ള നികുതികൾ എന്നിവയെല്ലാം ചേ‍ർന്നതാണ് സംരംഭകത്വം. ഗവൺമെന്റിന്റെ ഉത്തേജനം, പ്രോത്സാഹനം, പിന്തുണ എന്നിവ കൂടി ലഭിച്ചാൽ മാത്രമേ സംരംഭങ്ങൾ വള‍ർച്ച കൈവരിക്കുകയുള്ളൂ.

   1991 ജൂലൈയിൽ നരസിംഹറാവു, ഡോ. മൻ‌മോഹൻ സിംഗ്, പി. ചിദംബരം എന്നിവ‍ർ ചേ‍ർന്ന് നടത്തിയ ഈ പരിഷ്കരണത്തിന് മുമ്പ് ഓരോ ചെറിയ കാര്യത്തിനും സർക്കാരിൽ നിന്ന് അനുമതി ആവശ്യമായിരുന്നു. ഉദാരവൽക്കരണത്തിനുശേഷം ഈ തടസ്സങ്ങൾ മിക്കതും നീക്കം ചെയ്തു. വിപണിയിൽ സ്ഥാനം കണ്ടെത്താൻ ഇൻഫോസിസ് കൂടുതൽ സ്വതന്ത്രമായി. സെയിൽസ്, ഡെലിവറി ഓഫീസുകൾ തുറക്കുക, വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കുക, ഗുണനിലവാരമുള്ള, നിയമ, ബ്രാൻഡ് കൺസൾട്ടന്റുകളെ നിയമിക്കുക, വിദേശത്ത് നിന്ന് നിക്ഷേപ ബാങ്കർമാരെ നിയമിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യാനായി. ഗുണനിലവാരം, ഉൽ‌പാദനക്ഷമത, സാങ്കേതികവിദ്യ, ലോകോത്തര കാമ്പസുകൾ തുടങ്ങി കമ്പനിയുടെ വള‍ർച്ചയ്ക്ക് ആവശ്യമായ നിരവധി കാര്യങ്ങൾ ഇതുവഴി നടപ്പാക്കാൻ തുടങ്ങി.

   ആത്മവിശ്വാസം, ദൃഡനിശ്ചയം, പ്രതീക്ഷ, ഉത്സാഹം തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും മനോഭാവത്തിൽ തന്നെ വലിയ മാറ്റങ്ങളുണ്ടായി. ഇത് ഉപയോഗിച്ച്, ഉൽ‌പാദനക്ഷമത, ഗുണനിലവാരം, ധനകാര്യം, മാനവ വിഭവശേഷി, ഭൗതിക, സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ, ബ്രാൻഡിംഗ് എന്നിവയിൽ കമ്പനി ഏറെ ദൂരം പിന്നിട്ടു. ഉപഭോക്തൃ സേവനം, ജീവനക്കാരുടെ ക്ഷേമം, നിക്ഷേപകരുടെ സുതാര്യത എന്നിവയിൽ ഇൻഫോസിസ് ഇന്ന് മുൻനിരയിലാണ്. ഉദാരവൽക്കരണത്തിന്റെ ആദ്യകാല ഗുണഭോക്താക്കളുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇൻഫോസിസ് എന്ന് തീ‍ർച്ചയായും പറയാം.

   ഇന്ത്യയിൽ സമ്പത്ത് സൃഷ്ടിക്കുന്നതിലും മധ്യവർഗത്തെ വികസിപ്പിക്കുന്നതിലും വരുത്തിയ പരിഷ്കാരങ്ങളുടെ സ്വാധീനം കണക്കിലെടുക്കുമ്പോൾ, സാധാരണക്കാരും, ഡ്രൈവർമാർമാരും ജീവനക്കാരും കോടീശ്വരന്മാരായി മാറിയ നിരവധി കഥകൾ പുറത്തു വന്നിട്ടുണ്ട്. ഇൻഫോസിസ് കാരണം പിന്നീട് ആയിരക്കണക്കിന് ആളുകൾ കോടീശ്വരന്മാരായി. ഉദാരവൽക്കരണമില്ലാതെ സാധാരണ മധ്യവർഗത്തിന് സമ്പത്ത് സൃഷ്ടിക്കാൻ ആകുമായിരുന്നോ?

   ഏത് രാജ്യത്തും, സമ്പത്ത് സൃഷ്ടിക്കുന്നത് രണ്ട് വിഭാ​ഗക്കാരാണ്. സർക്കാരും കോർപ്പറേറ്റും. സർക്കാർ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുകയും നിഷ്പക്ഷമായ ഒരു റെഗുലേറ്ററായി മാറുകയും വേണം. 1991 ലെ പരിഷ്കാരങ്ങളിലൂടെ ഇന്ത്യൻ സർക്കാർ ഇങ്ങനെ ഒരു തലത്തിലേയ്ക്ക് മാറി. തുടർന്നുള്ള സർക്കാരുകൾ ആ പാത തുടരുകയാണ്.

   മറുവശത്ത്, കോർപ്പറേറ്റപകൾ പുതുമ കണ്ടെത്തണം, മത്സരപരമായ വ്യത്യാസം സൃഷ്ടിക്കണം, വലിയ വിപണി വിഹിതം നേടണം, വരുമാനവും ലാഭവും വർദ്ധിപ്പിക്കണം, ജീവനക്കാർക്ക് നല്ല ശമ്പളം നൽകണം, നിക്ഷേപകർക്ക് പ്രതിഫലം നൽകണം, കൂടുതൽ കൂടുതൽ നികുതികൾ നൽകണം. നിങ്ങൾക്ക് അറിയാവുന്നതുപോലെ തന്നെ മിക്ക വികസിത രാജ്യങ്ങളിലും നടക്കുന്ന കാര്യം ഇതാണ്.

   1994ൽ ഇൻഫോസിസ് രണ്ട് ഘടകങ്ങളുള്ള ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ ആരംഭിച്ചു. പ്യൂൺ മുതൽ മികച്ച നോൺ-ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വരെ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് ഇതുവഴി പ്രതിഫലം നൽകി. സ്ഥാപകർ ഇവയ്ക്കൊന്നും യോഗ്യരായിരുന്നില്ല. വിശ്വസ്തതയ്ക്ക് പ്രതിഫലം നൽകുന്ന മറ്റൊരു പദ്ധതി പ്രകാരം സ്ഥാപനത്തിൽ ദീർഘകാലം ജോലി ചെയ്തവ‍ർക്കും മികച്ച നേട്ടം ലഭിച്ചു.

   ഇതുപ്രകാരം 10 മുതൽ 15 കോടി വരെ സമ്പാദ്യമുണ്ടാക്കിയ നിരവധി പ്യൂണുകൾ ഇൻഫോസിസിലുണ്ട്. എന്റെ സഹപ്രവർത്തകനായ ക്രിസ് ഗോപാലകൃഷ്ണൻ 2008 വരെയുള്ള അദ്ദേഹത്തിന്റെ സിഇഒ കാലഘട്ടത്തിൽ അ‍ർഹരായവ‍ർക്ക് കമ്പനിയിൽ കുറഞ്ഞത് 10 ഓഹരികളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തി. ഇന്നുവരെ, ഇൻഫോസിസ് 19 ശതമാനം ഓഹരികൾ അതായത് 1.3 ലക്ഷം കോടി രൂപയുടെ ആസ്തി സ്ഥാപകേതര ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.

   ഇന്ന്, ജീവനക്കാർ സർക്കാരിന് മൂലധന നേട്ട നികുതി നൽകി, വീടുകൾ നിർമ്മിച്ചു, കാറുകൾ വാങ്ങി, കുട്ടികളെ ഉന്നത പഠനത്തിനായി വിദേശത്തേക്ക് അയച്ചു, സുഖപ്രദമായ കുടുംബ ജീവിതം നയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത്തരം നയങ്ങൾ ജീവനക്കാർക്കും കോർപ്പറേഷനും സർക്കാരിനും വൻ വിജയം തന്നെയാണ് നൽകിയത്. ഈ മാറ്റത്തിനായി സഹകരിക്കാൻ സർക്കാർ സന്നദ്ധത കാട്ടി.

   5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പരിഷ്കാരങ്ങൾ അല്ലെങ്കിൽ നയപരിപാടികൾ എന്തൊക്കെയാണ്? സാങ്കേതികവിദ്യയിലും ഇൻറർനെറ്റ് സമ്പദ്‌വ്യവസ്ഥയിലും ഊന്നിയുള്ള പരിഷ്കാരങ്ങളാകുമോ നടപ്പിലാക്കുക?
   പരിഷ്കാരങ്ങൾ ആവശ്യമുള്ള നിരവധി മേഖലകളുണ്ട്. അവയിൽ ചില കാര്യങ്ങളെക്കുറിച്ച് പറയാം

   ഒന്നാമതായി, രാജ്യത്ത് ജനസംഖ്യ കൂടുതലാണെങ്കിലും പ്രോഗ്രാമർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഫാക്ടറി തൊഴിലാളികൾ, അല്ലെങ്കിൽ കരകൗശലത്തൊഴിലാളികൾ എന്നിങ്ങനെ തൊഴിൽ നൈപുണ്യമുള്ള ആളുകളുടെ എണ്ണം വളരെ കുറവാണ്. യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നമ്മുടെ ക്ലാസ് റൂം വിദ്യാഭ്യാസ സമ്പ്രദായം ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാലാണിത്. മികച്ച സർവകലാശാലകൾ, സെക്കൻഡറി സ്കൂളുകൾ, നഴ്സിംഗ് സ്കൂൾ പോലുള്ള നൈപുണ്യ അധിഷ്ഠിത സ്കൂളുകൾ, വികസിത രാജ്യങ്ങളിൽ നിന്നുള്ള തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കണം. ഈ മേഖലകളിലെ അധ്യാപകർക്ക് മികച്ച പരിശീലനം നൽകണം. ഇക്കാര്യങ്ങളാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്.

   രണ്ടാമതായി, ഇംഗ്ലീഷിലുള്ള പ്രാവീണ്യം വളരെ വലുതാണ്. ഇന്ത്യയിലെ കോളേജ് വിദ്യാഭ്യാസമുള്ളവർക്കുള്ള ഏക ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് മാത്രമാണ്. ബാംഗ്ലൂരിലെ നിരവധി ചെറുപ്പക്കാരെ എനിക്കറിയാം, അവർ പ്രാദേശിക ഭാഷയിൽ ബിരുദം പൂർത്തിയാക്കിയവരാണ്. പക്ഷേ അവർക്ക് അർഹമായതിനേക്കാൾ വളരെ താഴ്ന്ന തലത്തിലാണ് അവർ ജോലി ചെയ്യുന്നത്. ഇതിന് പ്രധാന കാരണം അവർക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയാത്തതാണ്.

   നമ്മുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ ഉയർന്ന തലത്തിലുള്ള ജോലികൾ ലഭ്യമാകൂ. ഇംഗ്ലീഷ് എന്ന ഈ വിലയേറിയ ഭാഷ ഉപേക്ഷിച്ചാൽ ഞങ്ങളുടെ കയറ്റുമതിയും സോഫ്റ്റ്വെയർ കയറ്റുമതിയും വളരെയധികം കഷ്ടപ്പെടും. ഇംഗ്ലീഷിനെ ഒരു ഇന്ത്യൻ ഭാഷയായി അംഗീകരിക്കുകയും മറ്റേതൊരു ഇന്ത്യൻ ഭാഷയും പോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്.

   മൂന്നാമതായി, മികച്ച വളർച്ച കൈവരിക്കണമെങ്കിൽ ജീവനക്കാരെ നിയമിക്കുന്നതിലും പിരിച്ചുവിടുന്നതിനും മികച്ച വഴക്കം ആവശ്യമാണ്. ഈ സിദ്ധാന്തം പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി നമ്മൾ ചെയ്യേണ്ടത് പിരിച്ചുവിടുന്ന ജീവനക്കാർക്കായി ഒരു സുരക്ഷാ ഫണ്ട് സൃഷ്ടിക്കുക എന്നതാണ്. അതുവഴി അവർ അടുത്ത ജോലി തിരയുന്നത് വരെ ന്യായമായ ഒരു കാലയളവിലേക്ക് അവർക്ക് സ്വീകാര്യമായ അലവൻസ് ലഭിക്കും.

   നാലാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ മറ്റൊരു കാര്യം, സംസ്ഥാനങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് പ്രോത്സാഹനം നൽകുക എന്നതാണ്.

   ഇന്ത്യയെ നയിക്കുന്ന നവാ​ഗതരായ സംരംഭകർക്ക് നൽകാൻ കഴിയുന്ന ഉപദേശം എന്താണ്? ഒരുപക്ഷേ അടുത്ത 10 വർഷത്തിനുള്ളിൽ നിലവിലെ ചില ചെറിയ കമ്പനികൾ നിങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചേക്കാം. അതുകൊണ്ട് തന്നെ പുതിയ സംരംഭക‌‍ർക്ക് നൽകാനുള്ള ഉപദേശങ്ങൾ എന്തൊക്കെയാണ്?
   ഒരു സംരംഭകന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളിൽ ആദ്യത്തേത് കഴിവാണ്, രണ്ടാമത്തേത് മൂല്യങ്ങളാണ്. അതുകൊണ്ടാണ് ഇൻ‌ഫോസിസിന്, 'പവേർ‌ഡ് ഇൻ‌ ഇന്റലക്റ്റ്, ഡ്രൈിവൻ‌ ബൈ വാല്യുസ്' എന്ന ടാഗ്‌ലൈൻ ഞാൻ നൽകിയത്. അതിനാൽ, ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചാൽ മികച്ച കോർപ്പറേറ്റ് ഭരണം കാഴ്ച്ച വയ്ക്കാനും അർത്ഥവത്തായ രീതിയിൽ സമൂഹത്തിന് സംഭാവന നൽകാനും കഴിയും.

   പുതു തലമുറയ്ക്ക് എന്നെക്കാൾ കൂടുതൽ അറിവുണ്ട്. ഞാൻ ഇന്ന് വൃദ്ധനാണ്, എന്റെ നാളുകൾ 80 കളും 90 കളും ആയിരുന്നു. അതിനാൽ, എനിക്ക് അവരോട് കൂടുതൽ പറയാൻ കഴിയുമെന്ന് കരുതുന്നില്ല. അവരുടെ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു, അവ‍ർക്ക് വിജയം നേരുന്നു. ആധുനിക ഇന്ത്യയുടെ നിർമ്മാതാക്കൾ അവരാണ്. രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അവരുടെ ചുമലിലാണുള്ളത്. അവർ നമ്മളെക്കാൾ ഉയർന്ന തലത്തിലേക്ക് ഈ രാജ്യത്തെ കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

   ഇത് വളരെ നല്ലൊരു സന്ദേശം തന്നെയാണ്. നിങ്ങൾ വീണ്ടും യാത്രകളും മറ്റും ആരംഭിച്ചോ? അതോ നിങ്ങൾ ഇപ്പോഴും വീട്ടിൽ തന്നെയാണോ?
   കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും ഞാൻ സ്വീകരച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഇപ്പോൾ ഏകദേശം മൂന്ന് മാസത്തിലേറെയായി. എങ്കിലും ആരെയും നേരിൽ കാണുന്നില്ലെങ്കിലും ഓഫീസിലേക്ക് പോകാൻ തുടങ്ങി. എന്റെ സെക്രട്ടറി പോലും എന്നോട് ഇടപഴകുന്നത് സാമൂഹിക അകലവും മാസ്കുകളും മറ്റും ധരിച്ചാണ്. അതിനാൽ, ഒരർത്ഥത്തിൽ, ഞാൻ ക്വാറന്റൈനിലാണ്. ഈ സാഹചര്യങ്ങൾ വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, ഈ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ, രാജ്യത്തിന്റെ നി‍ർദ്ദേശങ്ങൾ ഈ സമയം തീ‌ർച്ചയായും പാലിക്കണം.
   Published by:Jayesh Krishnan
   First published:
   )}