ഈ ലോകത്ത് മണലിന് ക്ഷാമമുണ്ടോ? ലോകമെമ്പാടുമുള്ള കടൽത്തീരങ്ങളിലും മരുഭൂമികളിലും ഇത്രയും മണൽ ഉണ്ടായിട്ടും മണലിന് ക്ഷാമമുണ്ടെന്നത് ഒരു അത്ഭുതം തന്നെയാണ്. കെട്ടിട നിർമ്മാണത്തിനും മറ്റും വൻ തോതിൽ മണൽ ആവശ്യമായി വരുന്നതാണ് ഇതിന് കാരണം. കെട്ടിട നിർമ്മാണ മേഖലയിൽ മാത്രം ലോകമെമ്പാടും പ്രതിവർഷം 40-50 ബില്യൺ ടൺ മണൽ ആവശ്യമായി വരുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കോൺക്രീറ്റിൽ സാധാരണയായി 25 ശതമാനവും ഉപയോഗിക്കുന്നത് മണലാണ്.
എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മരുഭൂമിയിലെ മണലോ കടൽത്തീരത്തെ മണലോ അനുയോജ്യമല്ല. മരുഭൂമിയിലെ മണൽ വളരെ മിനുസമാർന്നതാണ്. എന്നാൽ കടൽത്തീരത്തെ മണലിന് ഉപ്പുരസം കൂടുതലാണ്. സാധാരണ നദികളിൽ നിന്നുള്ള മണൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യം. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യ, കംബോഡിയ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സമീപകാലത്ത് മണൽ വാരലിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇന്ത്യയിലെ മണലിന്റെ കുറവ് അനധികൃത മണൽ ഖനനം വർദ്ധിക്കുന്നതിന് കാരണമായി. ക്രിമിനൽ സംഘങ്ങൾ നിയന്ത്രിക്കുന്ന "സാൻഡ് മാഫിയകൾ" രാജ്യത്ത് നിലവിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
“ലോകത്ത് മണലിന്റെ കുറവുണ്ടെന്ന് ആളുകൾ മനസ്സിലാക്കുന്നില്ല, അല്ലെങ്കിൽ അത് അവരെ ബാധിക്കുന്നില്ലെന്ന്" സിറാക്കൂസ് സർവകലാശാലയിലെ സിവിൽ ആൻഡ് എൻവയോൺമെന്റ് എഞ്ചിനീയറിംഗ് പ്രൊഫസറായ ശോഭാ ഭാട്ടിയ പറയുന്നു. കെട്ടിട നിർമ്മാണത്തിന് മാത്രമല്ല സ്മാർട്ട്‌ഫോൺ, ടിവി സ്‌ക്രീനുകൾ, സോളാർ പാനലുകൾ, മറ്റ് ഇലക്ട്രിക് വസ്തുക്കൾ എന്നിവയ്ക്കായും മണൽ ഉപയോഗിക്കുന്നുണ്ടെന്ന് നമ്മളിൽ പലരും മനസ്സിലാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മണലിന്റെ ആവശ്യകത കുറയ്ക്കുന്നതിനും ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനും ഗവേഷകർ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കോൺക്രീറ്റിൽ മണലിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ഉപയോഗിക്കാമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ കോൺക്രീറ്റ് സ്ട്രക്ചേഴ്സ് ലക്ചറർ ഡോ. ജോൺ ഓർ ഉൾപ്പെടുന്ന ഗവേഷക സംഘം കണ്ടെത്തി.
ഇന്ത്യയിലെ പരിഹാര മാർഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ മണലിന്റെ വില കുതിച്ചുയരുകയാണ്. അതേസമയം, രാജ്യത്ത് ഓരോ ദിവസവും 15,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു.
“കോൺക്രീറ്റിൽ 10% വരെ മണലിന് പകരം പ്ലാസ്റ്റിക്ക് ഉപയോഗിക്കാമെന്ന് ഞങ്ങൾ കണ്ടെത്തി, അതിന് ഒരേ ശക്തിയും ബലവുമാണുള്ളതെന്ന്“ ഡോ. ജോൺ ഓർ പറയുന്നു. മണലിൽ നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക്ക് ചുറ്റുമുള്ള സിമന്റ് പേസ്റ്റിൽ പറ്റിനിൽക്കില്ല, അതിനാൽ 10% അസംസ്കൃത വസ്തുക്കൾ മാത്രമേ മാറ്റിസ്ഥാപിക്കാൻ കഴിയൂ. അദ്ദേഹം വ്യക്തമാക്കി. “എന്നാൽ, അത് ഇപ്പോഴും ഒരു വലിയ അളവിലുള്ള മണലിന്റെ ആവശ്യകത കുറയ്ക്കും. മാത്രമല്ല ഇന്ത്യയിലെ തെരുവുകളിൽ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
"ചെലവിന്റെ കാര്യത്തിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വഴി നിർമ്മാണ ചെലവ് കുറയ്ക്കാനാകും. യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇത് ആവശ്യമില്ല. കാരണം യുകെയിൽ കോൺക്രീറ്റ് ഉപയോഗത്തിന്റെ അളവ് കുറവാണ്. എന്നാൽ വളരെയധികം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ, കോൺക്രീറ്റിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ജനപ്രീതി വർദ്ധിപ്പിക്കുമെന്നും" അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലുടനീളം കോൺക്രീറ്റ് നിർമ്മിക്കാൻ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പ്രതിവർഷം 820 മീറ്റർ ടൺ മണൽ ലാഭിക്കാൻ കഴിയുമെന്ന് ഡോ. ജോൺ കൂട്ടിച്ചേർത്തു. അതേസമയം, മണലിനുപകരം കോൺക്രീറ്റിൽ മറ്റ് മാലിന്യങ്ങൾ ഉപയോഗിക്കുന്നതിനും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതായത് പഴയ കാർ ടയറുകൾ അല്ലെങ്കിൽ ഗ്ലാസുകൾ എന്നിവ. എന്നാൽ ഇത്തരം വസ്തുക്കൾ വളരെയധികം ഉപയോഗിക്കുന്നതിന് എതിരെ ഗവേഷക സംഘം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buildings and construction, Cement, Plastic ban, Sand mining