ഇന്ത്യൻ ടെലികോം കമ്പനികൾ പ്രീപെയ്ഡ് ഡാറ്റ നിരക്ക് (Prepaid Data) വർധിപ്പിച്ചതോടുകൂടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ (Facebook Users) ഗണ്യമായ കുറവ് വന്നതായി മാതൃകമ്പനി മെറ്റാ (Meta). 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ രാജ്യത്ത് ഫേസ്ബുക്കിന്റെ മൊത്തത്തിലുള്ള വളർച്ചയെ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവ് ബാധിച്ചതായാണ് കമ്പനി വെളിപ്പെടുത്തുന്നത്. നവംബറിൽ ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ 25 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.
സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി തിരിച്ചടികൾ നേരിട്ടതായി മെറ്റാ സിഎഫ്ഒ ഡേവ് വെഹ്‌നർ ആണ് അറിയിച്ചത്. “ഏഷ്യ-പസഫിക് മേഖലയിലും ബാക്കി രാജ്യങ്ങളിലും കോവിഡ് വീണ്ടും വ്യാപിച്ചത് ഫേസ്ബുക്കിന്റെ ഉപയോക്തൃ വളർച്ചയെ മുന്നോട്ട് നയിച്ചതായി മനസിലാക്കാൻ കഴിയുന്നു. എന്നാൽ ഡാറ്റാ പാക്കേജ് നിരക്കിലെ വർദ്ധനവ് ഇന്ത്യയിലെ ഉപയോക്തൃ വളർച്ചയെ ബാധിച്ചു", ഡേവ് വെഹ്‌നർ വ്യക്തമാക്കി. വോഡഫോൺ ഐഡിയ (VIL), ഭാരതി എയർടെൽ എന്നിവയ്ക്ക് പിന്നാലെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും പ്രീപെയ്ഡ് താരിഫ് നിരക്കുകളിൽ 20 ശതമാനം വരെ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 1 മുതൽ ഇത് പൂർണമായി പ്രാബല്യത്തിൽ വരികയും ചെയ്തു.
പ്രീപെയ്ഡ് ഡാറ്റയുടെ വിലവർദ്ധന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ബാധിച്ചു. പ്രത്യേകിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പഥക് പറയുന്നു. ദശലക്ഷക്കണക്കിന് പ്രീപെയ്ഡ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. പുതിയ ഉപയോക്താക്കൾക്ക് സാമ്പത്തികമായി താങ്ങാനാവുന്ന എൻട്രി ലെവൽ സ്മാർട്ട്ഫോണുകളും വിപണിയിലുണ്ട്. ഇതിലൂടെ ഒരു ഇന്റർനെറ്റ് വിപ്ലവം തന്നെയാണ് ഉണ്ടാകുന്നത്. എന്നാൽ പ്രീപെയ്ഡ് ഡാറ്റ നിരക്കുകളുടെ വില വർദ്ധനയ്ക്ക് ശേഷം ഉപയോക്താക്കളുടെ സോഷ്യൽ മീഡിയ ഉപയോഗം കുറഞ്ഞു. നമ്മുടേതുപോലെ, നിരക്കുകളിലെ വ്യതിയാനത്തിന് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന വിപണിയിൽ ഡാറ്റ നിരക്ക് വർദ്ധനവ് ഫേസ്ബുക്കിന്റെ വളർച്ചയെ സാരമായി ബാധിച്ചു എന്ന് തരുൺ പഥക് വ്യക്തമാക്കുന്നു.
Also Read-
Gmail Update | ജിമെയ്‌ലിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുന്നു; ഫെബ്രുവരി 8 മുതല്‍ പുതിയ 'ഇന്റഗ്രേറ്റഡ് വ്യൂ'; വിശദാംശങ്ങൾസ്റ്റാറ്റിസ്റ്റയിൽ നിന്നുള്ള കണക്കു പ്രകാരം ഇന്ത്യയിൽ മാത്രം 350 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുണ്ട്. ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ഒരു മുൻനിര രാജ്യം തന്നെയാണ്. മെറ്റാ ഉടമസ്ഥതയിൽ തന്നെയുള്ള വാട്ട്‌സ്ആപ്പിന് രാജ്യത്ത് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.
ആദ്യമായാണ് ഫേസ്ബുക്കിന് ആഗോളതലത്തിൽ ദൈനംദിന ഉപയോക്താക്കളെ നഷ്ടപ്പെടുന്നത്. അതിനെ തുടർന്ന് പരസ്യ വരുമാനത്തിലും കുറവുണ്ടായി. ഇത് ഓഹരി വില 20 ശതമാനത്തോളം ഇടിയാനും കാരണമായി. വൻതോതിലുള്ള ഓഹരി ഇടിവ് ഉണ്ടായതോടു കൂടി വിപണി മൂല്യത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടം മെറ്റയ്ക്ക് നേരിടേണ്ടി വന്നു. ചരിത്രത്തിലെ ആദ്യത്തെ തുടർച്ചയായ ഇടിവാണിതെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.