നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • സ്വകാര്യതാ ലംഘനം: അയർലൻഡിൽ WhatsApp ന് 1951 കോടി രൂപയോളം പിഴ ചുമത്തി

  സ്വകാര്യതാ ലംഘനം: അയർലൻഡിൽ WhatsApp ന് 1951 കോടി രൂപയോളം പിഴ ചുമത്തി

  ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന്റെ യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം അയര്‍ലന്‍ഡിലാണ്.

  WhatsApp Web

  WhatsApp Web

  • Share this:
   സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് അയര്‍ലണ്ടില്‍ വാട്ട്‌സാപ്പിന് 225 മില്യണ്‍ യൂറോ അഥവാ 1951 കോടി രൂപ പിഴ ചുമത്തി. ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനില്‍ നിന്നുള്ള ഏറ്റവും വലിയ പിഴയാണിത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിഴയാണിത്.

   ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന്റെ യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം അയര്‍ലന്‍ഡിലാണ്. ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ തീരുമാനത്തോടും പിഴയോടും ശക്തമായി വിയോജിക്കുന്നുവെന്നും അപ്പീല്‍ നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വാട്ട്‌സാപ്പ് വ്യക്തമാക്കി.

   വാട്ട്‌സാപ്പ് വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും സുതാര്യമായിരുന്നോ എന്നതിനെക്കുറിച്ച് 2018 ല്‍ ആരംഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ടതാണ് പിഴ. ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചും സ്വകാര്യതാ നയങ്ങള്‍ വ്യക്തമായിരുന്നോ എന്നതിനെക്കുറിച്ചും വാട്ട്‌സാപ്പ് ആവശ്യത്തിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിനിടെ നയങ്ങള്‍ പലതവണ പുതുക്കിയിട്ടുണ്ട്. സുരക്ഷിതവും സ്വകാര്യവുമായ സേവനം നല്‍കാന്‍ വാട്സ്ആപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വക്താവ് പറഞ്ഞു.

   'ഞങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സുതാര്യവും സമഗ്രവുമാണെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അത് തുടരുമെന്ന്' കമ്പനി വ്യക്തമാക്കി. GDPR നിയമങ്ങളില്‍ ലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ ആഗോള വിറ്റുവരവിന്റെ 4% വരെ പിഴകള്‍ ചുമത്താം.

   'ദീര്‍ഘവും സമഗ്രവുമായ അന്വേഷണത്തിന് ശേഷം' GDPR പ്രകാരം മറ്റ് ദേശീയ അധികൃതര്‍ക്ക് തങ്ങളുടെ തീരുമാനം സമര്‍പ്പിച്ചതായും ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതായും ഐറിഷ് ഡിപിസി പറഞ്ഞു. ജിഡിപിആറിന്റെ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ ലംഘിച്ചത് സംബന്ധിച്ചും പിഴ കണക്കാക്കുന്ന രീതി സംബന്ധിച്ചും ഐറിഷ് റെഗുലേറ്ററുമായി ചില രാജ്യങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

   ഐറിഷ് ഡിപിസി വാട്ട്‌സാപ്പിനെ ഔദ്യോഗികമായി ശാസിക്കുകയും 'നടപടികള്‍ കൃത്യമായി പാലിക്കാന്‍' ഉത്തരവിടുകയും ചെയ്തു.

   ജിഡിപിആര്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇതിന് മുമ്പ് ആമസോണിന് മാത്രമേ ഇതില്‍ കൂടുതല്‍ പിഴ ചുമത്തിയിട്ടുള്ളൂ. യൂറോപ്യന്‍ യൂണിയന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമപ്രകാരം ആമസോണിന് 887 മില്യണ്‍ ഡോളറിനടുത്താണ് പിഴ ചുമത്തിയത്. അതായത് ഏകദേശം 6594 കോടിയോളം രൂപയാണ് പിഴ തുക. 2018 ല്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി.ഡി.പി.ആര്‍) പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് ടെക് ഭീമന്മാര്‍ യൂറോപ്യന്‍ യൂണിയന്‍ റെഗുലേറ്റര്‍മാരുടെ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

   ലക്‌സംബര്‍ഗിലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (സി.എന്‍.പി.ഡി) ആണ് ആമസോണിന് പിഴ ചുമത്തിയത്. 2018ല്‍ ഫ്രഞ്ച് സ്വകാര്യതാ അവകാശ സംഘടനയായ ലാ ക്വാഡ്രാച്ചര്‍ ഡു നെറ്റ് നല്‍കിയ പരാതിയില്‍, ഇ-ടെയില്‍ ഭീമന്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യവും വിവരങ്ങളും കാണിക്കാന്‍ ഉപഭോക്താക്കളുടെ ഡാറ്റയില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആരോപിച്ചിരുന്നത്.
   Published by:Jayashankar AV
   First published:
   )}