നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp | 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ

  WhatsApp | 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ

  ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയയാണ് വാട്ട്സ്ആപ്പ്.

  Whatsapp

  Whatsapp

  • Share this:
   2021 ഒക്‌ടോബറിൽ ഇന്ത്യയിലെ 20 ലക്ഷത്തിലധികം അക്കൗണ്ടുകളെ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതായി വാട്ട്‌സ്ആപ്പ് (WhatsApp) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സേവന നിബന്ധനകൾ ലംഘിച്ചതിന് 30.27 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നേരത്തെ തന്നെ വാട്ട്സ്ആപ്പ് നിരോധിച്ചിരുന്നു.

   ഇന്ത്യയിലെ പുതിയ ഐടി നിയമം (IT Act) അനുസരിച്ച് ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടുകൾ വാട്ട്സ്ആപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്. മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ഇന്ത്യയിൽ വലിയ ഉപയോക്തൃ അടിത്തറയാണുള്ളത്. കൂടാതെ വാട്ട്‌സ്ആപ്പ് രാജ്യത്തെ ഏറ്റവും വലിയ മെസേജിംഗ് അപ്ലിക്കേഷനാണ്. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എസ്എംഎസിനേക്കാൾ (SMS) ജനപ്രിയവുമാണ്.

   ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ കൂടിയാണ് വാട്ട്സ്ആപ്പ്. ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയയാണ് വാട്ട്സ്ആപ്പ്.

   എന്നാൽ ഇന്ത്യയിൽ കലാപങ്ങൾ ഉൾപ്പെടെ നിരവധി ക്രമസമാധാന പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി വാട്ട്‌സ്ആപ്പ് മാറിയതിന് ശേഷം, അതിന്റെ ദുരുപയോഗം തടയാൻ വാട്ട്സ്ആപ്പ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുക, വ്യാജവാർത്തകളെക്കുറിച്ചും ഫോർവേഡ് സ്പാം സന്ദേശങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുന്ന നടപടികൾ സ്വീകരിക്കുക എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

   വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്ട്‌സ്ആപ്പ് നിരവധി മെറ്റാ ഡാറ്റയുടെ ട്രാക്ക് സൂക്ഷിക്കുന്നുണ്ട്. അതിനാൽ ഏതെങ്കിലും ഉപയോക്താവ് “സേവന നിബന്ധനകൾ” ലംഘിക്കുന്നതായി കണ്ടെത്തിയാൽ അക്കൗണ്ടുകൾ നിരോധിക്കുമെന്ന് വാട്ട്സ്ആപ്പ് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമായി പറയുന്നുണ്ട്.

   വാട്ട്സ്ആപ്പിന്റെ "സേവന നിബന്ധനകൾ" അനുസരിച്ച്, ഈ 8 കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ അക്കൗണ്ട് നിരോധിക്കാൻ കാരണമായേക്കാം. കൂടാതെ, ചില കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വന്നേക്കാം. ഉപയോക്താക്കളുടെ ഇത്തരം വിവരങ്ങൾ വാട്ട്സ്ആപ്പ് പോലീസിനും കൈമാറിയേക്കാം.

   1. ആൾമാറാട്ടം നടത്തുകയോ മറ്റൊരാളുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്താൽ വാട്ട്സ്ആപ്പ് നിങ്ങളെ നിരോധിക്കും. ആൾമാറാട്ടത്തിനെതിരെ വാട്ട്‌സ്ആപ്പിന് വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. നിങ്ങൾ മറ്റൊരാളുടെ പേരിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ച് "ആൾമാറാട്ടം" നടത്തിയതായി കണ്ടെത്തിയാൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിക്കും.

   2. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത വ്യക്തിക്ക് നിങ്ങൾ നിരവധി തവണ സന്ദേശങ്ങൾ അയച്ചാൽ, വാട്ട്സ്ആപ്പ് നിങ്ങളെ നിരോധിച്ചേക്കാം. ബൾക്ക് മെസേജിംഗ്, ഓട്ടോ-മെസേജിംഗ്, ഓട്ടോ-ഡയലിംഗ് തുടങ്ങിയവ പോലുള്ള നിയമവിരുദ്ധമോ അനുവദനീയമല്ലാത്തതോ ആയ സന്ദേശങ്ങൾ നിങ്ങൾ അയയ്‌ക്കുന്നുണ്ടെങ്കിൽ വാട്ട്സ്ആപ്പ് നടപടിയെടുക്കും.

   3. വാട്ട്‌സ്ആപ്പ് ഡെൽറ്റ, ജിബി വാട്ട്‌സ്ആപ്പ്, വാട്ട്‌സ്ആപ്പ് പ്ലസ് തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിലും വാട്ട്സ്ആപ്പ് നിങ്ങളെ നിരോധിച്ചേക്കാം. അതിനാൽ ആശയവിനിമയം നടത്താൻ എപ്പോഴും ഔദ്യോഗിക വാട്ട്സ്ആപ്പ് ആപ്പ് തന്നെ ഉപയോഗിക്കുക. മറ്റ് തേർഡ്-പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് വഴി നിങ്ങളെ വാട്ട്‌സ്ആപ്പിൽ നിന്ന് എന്നെന്നേക്കുമായി നിരോധിച്ചേക്കാം. സ്വകാര്യതാ പ്രശ്‌നങ്ങൾ കാരണം അത്തരം ആപ്ലിക്കേഷനുകളിലൂടെ ആശയവിനിമയം നടത്താൻ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കില്ല.

   4. നിരവധി ഉപയോക്താക്കൾ നിങ്ങളെ ബ്ലോക്ക് ചെയ്‌താൽ വാട്ട്സ്ആപ്പ് നിങ്ങളെ നിരോധിച്ചേക്കാം. ധാരാളം ഉപയോക്താക്കൾ നിങ്ങളെ വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്‌താൽ, ഈ ആളുകൾ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ വാട്ട്സ്ആപ്പ് നിങ്ങളെ നിരോധിച്ചേക്കാം. നിരവധി ഉപയോക്താക്കൾ നിങ്ങളെ ബ്ലോക്ക് ചെയ്‌യുന്നത് വഴി സ്‌പാം സന്ദേശങ്ങളുടെയോ വ്യാജവാർത്തകളുടെയോ ഉറവിടമായി നിങ്ങളുടെ അക്കൗണ്ട് വാട്ട്‌സ്ആപ്പ് പരിഗണിച്ചേക്കാം.

   5. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെതിരെ നിരവധി ആളുകൾ റിപ്പോർട്ട് ചെയ്താൽ, വാട്ട്സ്ആപ്പ് നിങ്ങളെ നിരോധിച്ചേക്കാം. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെതിരെ ധാരാളം പരാതികൾ ഉയരുകയോ നിരവധി ഉപയോക്താക്കൾ അക്കൗണ്ട് റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ വാട്ട്‌സ്ആപ്പ് ആ അക്കൌണ്ട് നിരോധിച്ചേക്കാം.

   6. നിങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് മാൽവെയർ അല്ലെങ്കിൽ ഫിഷിംഗ് ലിങ്കുകൾ അയച്ചാൽ വാട്ട്സ്ആപ്പ് നിങ്ങളെ നിരോധിക്കും. നിങ്ങൾ ആൻഡ്രോയിഡ് ഫോണുകളിൽ APK ഫയലുകളുടെ രൂപത്തിൽ മാൽവെയർ അയയ്ക്കുകയോ ഉപയോക്താക്കൾക്ക് അപകടകരമായ ഫിഷിംഗ് ലിങ്കുകൾ കൈമാറുകയോ ചെയ്താൽ, വാട്ട്സ്ആപ്പ് ഇക്കാര്യത്തിൽ ഇടപെട്ട് നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചേക്കാം.

   7. വാട്ട്‌സ്ആപ്പ് വഴി പോൺ ക്ലിപ്പുകളോ ഭീഷണിയോ അപകീർത്തികരമായ സന്ദേശങ്ങളോ അയയ്‌ക്കരുത്. "നിയമവിരുദ്ധവും, അശ്ലീലവും, അപകീർത്തികരവും, ഭീഷണിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും, വിദ്വേഷം നിറഞ്ഞതുമായ സന്ദേശങ്ങൾ" അയച്ചാൽ ഉപയോക്താക്കൾ നിരോധിക്കപ്പെടുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമായി വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വാട്ട്‌സ്ആപ്പിലൂടെ അശ്ലീല ക്ലിപ്പുകൾ അയയ്‌ക്കുന്നത് അനുവദനീയമല്ല.

   8. വാട്ട്സ്ആപ്പിലൂടെ അക്രമം പ്രോത്സാഹിപ്പിക്കുന്ന വ്യാജ സന്ദേശങ്ങളോ വീഡിയോകളോ അയക്കരുത്. “അക്രമങ്ങളോ കുറ്റകൃത്യങ്ങളോ പ്രോത്സാഹിപ്പിക്കുക, കുട്ടികളെയോ മറ്റുള്ളവരെയോ അപായപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന” വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും വാട്ട്സ്ആപ്പ് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

   സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് അയര്‍ലണ്ടില്‍ വാട്ട്‌സാപ്പിന് 225 മില്യണ്‍ യൂറോ അഥവാ 1951 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനില്‍ നിന്നുള്ള ഏറ്റവും വലിയ പിഴയാണിത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിഴയാണിത്. വാട്ട്‌സാപ്പ് വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും സുതാര്യമായിരുന്നോ എന്നതിനെക്കുറിച്ച് 2018ല്‍ ആരംഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ടതാണ് ഈ പിഴ.
   Published by:Karthika M
   First published: