ന്യൂഡൽഹി: രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഒരു വര്‍ഷത്തെ കണക്കുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്എൻഎൽ) മാത്രമാണ് 2019 ൽ വരിക്കാരുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തിയതെന്ന് ട്രായിയുടെ വാർഷിക പ്രകടന റിപ്പോർട്ടിൽ പറയുന്നു. മിക്ക കമ്പനികളും വൻ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 365 ദിവസത്തെ കണക്കുകളിൽ ഏറ്റവും നഷ്ടം നേരിട്ടത് വോഡഫോൺ ഐഡിയക്ക് തന്നെയാണ്.
ജിയോ 2019 ൽ 9.09 കോടി പുതിയ ഉപഭോക്താക്കളെ ചേർത്തു. ഡിസംബർ അവസാനത്തോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 37.11 കോടിയായി ഉയർന്നു. ബിഎസ്എൻഎൽ 1.5 ശതമാനം വളർച്ച നേടി വരിക്കാരുടെ എണ്ണം 12.77 കോടിയായി. നിലവിൽ, വിപണി ഷെയറിൽ ഏറ്റവും വലിയ കമ്പനി റിലയൻസ് ജിയോ തന്നെയാണ്.
365 ദിവസത്തിനിടെ വോഡഫോൺ ഐഡിയ ലിമിറ്റഡിനാണ് (വി) ഏറ്റവും കൂടുതൽ വരിക്കാരെ നഷ്ടപ്പെട്ടത്. പിന്നാലെ ടാറ്റ ടെലി സർവീസസ് ലിമിറ്റഡും ഭാരതി എയർടെൽ ലിമിറ്റഡുമാണ് വരിക്കാരെ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ. വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം 2019 ൽ 20.6 ശതമാനം കുറഞ്ഞ് 33.3 കോടിയായി. എയർടെലിന്റെ 3.7 ശതമാനം കുറഞ്ഞ് 33.16 കോടിയുമായി. കഴിഞ്ഞ വര്‍ഷം വോഡഫോൺ ഐഡിയക്ക് നഷ്ടപ്പെട്ടത് 8.61 കോടി വരിക്കാരെയാണ്. 2018 ഡിസംബറിൽ വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം 41.87 കോടിയായിരുന്നു.
2020 ലും വോഡഫോൺ ഐഡിയ്ക്ക് കോടിക്കണക്കിന് വരിക്കാരെ നഷ്ടപ്പെട്ടു. ആഗസ്റ്റിൽ തുടർച്ചയായ പത്താം മാസവും വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നിരുന്നാലും, ആഗസ്റ്റിലെ നഷ്ടം മുൻ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മൊത്തം വോഡഫോൺ ഐഡിയ വരിക്കാരിൽ 51.8 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും എയർടെലിന്റേത് ഇത് 43.9 ശതമാനം ആണെന്നും ട്രായ് പറഞ്ഞു. 4 ജി സേവനങ്ങൾ മാത്രം നൽകുന്ന റിലയൻസ് ജിയോയിൽ 2019 ഡിസംബർ വരെ 41 ശതമാനം ഗ്രാമീണ വരിക്കാരുണ്ടായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.