സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ, സോഫ്റ്റ്വെയർ അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും വളരെ നിർണായകമാണ്. കാരണം നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ, ഫോട്ടോകൾ, ലൊക്കേഷൻ തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്വകാര്യ വിവരങ്ങളും ഇപ്പോൾ സ്മാർട്ട്ഫോണിലാണുള്ളത്. അതുകൊണ്ട് തന്നെ പുതിയ ഒരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ IP68 റേറ്റിംഗും ടച്ച് ബോഡിയുമല്ല ശ്രദ്ധിക്കേണ്ടത് പകരം നിങ്ങളുടെ പുതിയ ഫോണിന് എത്ര വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭിക്കും എന്നതാണ്.
യഥാർത്ഥത്തിൽ സെക്യൂരിറ്റി അപ്ഡേറ്റുകൾക്കാണ് കൂടുതൽ പ്രധാന്യം നൽകേണ്ടത്. ഇതാണ് നിങ്ങളുടെ ഫോൺ സുരക്ഷിതമായി നിലനിർത്തുന്നത്. മൂന്ന് വർഷത്തിന് ശേഷം നിങ്ങളുടെ സ്മാർട്ട്ഫോൺ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കുന്നില്ലെങ്കിൽ ഇത്തരം ഉപകരണം ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്. കാരണം ഈ ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ബിൽഡ് ക്വാളിറ്റിയോ സ്പെസിഫിക്കേഷനോ ക്യാമറയോ ഒന്നുമല്ല ഒരു സ്മാർട്ട്ഫോണിന്റെ ആയുസ്സ് നിർണ്ണയിക്കുന്ന ഘടകങ്ങൾ. ഏറ്റവും പുതിയ സോഫ്റ്റ്വെയറിന്റെ ലഭ്യതയാണ് ഫോണിന്റെ ആയുസ്സ് നിർണ്ണയിക്കുന്ന പ്രധാന ഘടകം. ഇവിടെയാണ് സാംസങ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വലിയ ബ്രാൻഡുകൾ മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാകുന്നത്.
ഒരു കമ്പനി ഒരു നിശ്ചിത സമയത്തേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ ഔദ്യോഗികമായി ആ പറഞ്ഞിരിക്കുന്ന സമയത്തേക്കെങ്കിലും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാം.
ഇതനുസരിച്ച് ഇപ്പോഴത്തെ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള പല സ്മാർട്ട്ഫോണുകൾക്കും ആയുസ്സ് വളരെ കുറവാണ്. പരമാവധി സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ഫീച്ചർ അപ്ഡേറ്റുകളും ഹൈ എൻഡ് ഫോണുകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ സുരക്ഷാ അപ്ഡേറ്റുകൾ സാധാരണയായി എല്ലാ ബ്രാൻഡുകളിലുമുള്ള എല്ലാ സ്മാർട്ട്ഫോണുകളിലും ലഭിക്കും. അതിനാൽ, ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ സോഫ്റ്റ്വെയർ അപ്ഡേറ്റും ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്റും സംബന്ധിച്ച കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാതെ മികച്ച ക്യാമറയുള്ള ഫോൺ നോക്കിയല്ല വാങ്ങേണ്ടത്. ഇത് കൂടുതൽ മാൽവെയറുകളെ ആകർഷിക്കുന്ന ഒരു ഘടകം മാത്രമാണ്.
നിലവിലെ ജനപ്രിയ ആൻഡ്രോയിഡ് ബ്രാൻഡുകളിൽ നിന്നുമുള്ള സ്മാർട്ട്ഫോണുകൾക്ക് എത്ര വർഷത്തെ സോഫ്റ്റ്വെയർ, സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്ന് പരിശോധിക്കാം.
സാസംങ്നിലവിൽ, സാംസങ് സ്മാർട്ട്ഫോണുകൾക്ക് നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകൾക്കൊപ്പം മൂന്ന് വർഷം വരെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ലഭിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ പുറത്തിറക്കുന്ന ഗാലക്സി എസ് 21 സീരീസിൽ ആരംഭിക്കുന്ന മുൻനിര സ്മാർട്ട്ഫോണുകൾക്ക് അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റും നാല് വർഷം വരെ ആൻഡ്രോയിഡ് അപ്ഡേറ്റും സാംസങ് പ്രഖ്യാപിച്ചേക്കുമെന്ന് ഈ ആഴ്ച ആദ്യം ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് ശരിയാണെങ്കിൽ, സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള ആൻഡ്രോയിഡ് ഫോണായി സാംസങ് ഫോണുകൾ മാറും. സാംസങ് ഗാലക്സി എസ് 22 സീരീസ് ഇന്ന് വൈകുന്നേരം പുറത്തിറക്കും. ഗാലക്സി എസ് 22, ഗാലക്സി എസ് 22 +, ഗാലക്സി എസ് 22 അൾട്രാ എന്നിവയാണ് ഇന്ന് പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകൾ.
ഗൂഗിൾ പിക്സൽസാംസങ് സ്മാർട്ട്ഫോണുകളുടെ ആൻഡ്രോയിഡ് ലൈഫ് സൈക്കിളിൽ മാറ്റം വരുത്തുന്നത് വരെ ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളാണ് ഏറ്റവും കൂടുതൽ ആയുസ്സുള്ള സ്മാർട്ട്ഫോണുകൾ. ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾക്ക് മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ഏകദേശം 5 വർഷത്തെ ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്റും ലഭിക്കും.
വൺപ്ലസ്വൺപ്ലസ് കഴിഞ്ഞ വർഷം സ്മാർട്ട്ഫോണുകൾക്ക് മൂന്ന് വർഷം വരെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷം വരെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. വൺപ്ലസ് 7 സീരീസിന് ശേഷമുള്ള സ്മാർട്ട്ഫോണുകൾക്ക് മൂന്ന് വർഷത്തേക്ക് പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും നാല് വർഷം വരെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കും.
ഷവോമിവൺപ്ലസ് പോലെ തന്നെ ഷവോമിയും സ്മാർട്ട്ഫോണുകളിൽ മൂന്ന് വർഷം വരെ ആൻഡ്രോയിഡ് അപ്ഡേറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഷവോമി സ്മാർട്ട്ഫോണുകൾക്ക് തുടർച്ചയായി നാല് വർഷം വരെ ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കും.
ഓപ്പോവൺപ്ലസിനെപ്പോലെ തന്നെ ഓപ്പോ സ്മാർട്ട്ഫോണുകൾക്കും നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് ലഭിക്കും. മൂന്ന് വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വിവോവിവോ (Vivo) സ്മാർട്ട്ഫോണുകൾക്ക് ആൻഡ്രോയിഡ് സോഫ്റ്റ്വെയർ അപ്ഡേറ്റിന്റെ മൂന്ന് പതിപ്പുകൾ വരെ ലഭിക്കും. എന്നാൽ വിവോ സ്മാർട്ട്ഫോണുകൾക്ക് മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് മാത്രമേ ലഭിക്കൂ.
റിയൽ മീആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ മറ്റ് മുൻനിര ബ്രാൻഡുകളിൽ റിയൽമി സ്മാർട്ട്ഫോണുകൾക്കാണ് ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകൾക്ക് രണ്ട് ആൻഡ്രോയിഡ് അപ്ഡേറ്റുകൾ മാത്രമേ ലഭിക്കൂ, കൂടാതെ മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളുമാണുള്ളത്.
ഐക്യൂവിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിന് (IQOO) മാതൃ കമ്പനിയുടെ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന അത്രയും സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കുന്നില്ല. ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് രണ്ട് വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളുമാണ് ലഭിക്കുക.
മോട്ടോറോളരണ്ട് വർഷം വരെ സോഫ്റ്റ്വെയർ, ഫീച്ചർ അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
മൈക്രോമാക്സ്മോട്ടോറോളയെപ്പോലെ തന്നെ ഇന്ത്യൻ ബ്രാൻഡായ മൈക്രോമാക്സും രണ്ട് വർഷം വരെ മാത്രമേ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നൽകുന്നുള്ളൂ. എന്നാൽ മൈക്രോമാക്സ് സ്മാർട്ട്ഫോണുകൾക്ക് മൂന്ന് വർഷം വരെ സെക്യൂരിറ്റി അപ്ഡേറ്റ് ലഭിക്കും.
നോക്കിയപ്രീമിയം സീരീസായ എക്സ്-സീരീസിലുള്ള നോക്കിയ സ്മാർട്ട്ഫോണുകൾക്ക് 3 വർഷം വരെ ഒഎസ് അപ്ഡേറ്റുകൾ ലഭിക്കുമെന്ന് നോക്കിയയുടെ പേരന്റ് കമ്പനിയായ എച്ച്എംഡി ഗ്ലോബൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. സെക്യൂരിറ്റി അപ്ഡേറ്റുകളുടെ കാര്യത്തിൽ, എക്സ്-സീരീസ്, ജി-സീരീസ് സ്മാർട്ട്ഫോണുകൾക്ക് 3 വർഷം വരെ ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കും, അതേസമയം സി-സീരീസിന് 2 വർഷത്തെ ത്രൈമാസ സെക്യൂരിറ്റി അപ്ഡേറ്റാണ് ലഭിക്കുക.
Link: https://www.news18.com/news/tech/smartphone-lifespan-how-long-android-phones-from-samsung-xiaomi-realme-and-others-will-last-officially-4752155.html
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.