ബഹിരാകാശ സഞ്ചാരികൾക്ക് വേണ്ടി സ്വന്തം മൂത്രം കുടിവെള്ളമാക്കി മാറ്റുന്ന ചെലവുകുറഞ്ഞ പദ്ധതിയില്‍ വിജയത്തോട് അടുത്തിരിക്കുകയാണ് ഇന്ത്യന്‍ ഗവേഷകര്‍. ഗുജറാത്ത് (Gujrat) സൂറത്തിലെ സര്‍ദാര്‍ വല്ലഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (SVNIT) കെമിക്കല്‍ എന്‍ഞ്ചിനീയറിംഗ് വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ഈ നിര്‍ണായകമായ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ദീർഘകാല ബഹിരാകാശയാത്ര ദൗത്യങ്ങളില്‍ നിര്‍ണായകമായേക്കുന്ന ഈ പദ്ധതിയ്ക്ക് ഐഎസ്ആര്‍ഒ (ISRO) ആണ് പിന്തുണ നല്‍കുന്നത്.
2023ലെ ഗഗന്‍യാനിലൂടെ മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് ഇന്ത്യ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഗഗന്യാന് പദ്ധതി ഇന്ത്യയെ ദീര്‍ഘകാല മനുഷ്യ ബഹിരാകാശ ദൗത്യത്തിന് ശ്രമിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാക്കി മാറ്റിയിരിക്കുകയാണ്. ഭ്രമണപഥത്തിലോ ബഹിരാകാശ നിലയത്തിലേക്കോ ടണ്‍ കണക്കിന് വെള്ളം കൊണ്ടുപോകുന്നത് കാര്യക്ഷമമല്ലാത്തതും ചെലവേറിയതുമാണെന്ന് സൂറത്തിലെ എസ് വി എന്‍ ഐ ടി, കെമിക്കല്‍ എഞ്ചിനീയര്‍മാരുടെ ഗവേഷക സംഘം വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ലീഡര്‍ ഡോ.അല്‍ക്ക മന്‍ഗ്രേ, അവരുടെ ഭര്‍ത്താവ് ഡോ. അരവിന്ദ് മന്‍ഗ്രേ, ഡോ. ശ്രീറാം സോനവാനെ, അസ്ഫക് പട്ടേല്‍ എന്നിവരടങ്ങുന്ന സംഘം ഇതിനായി ബ്രീഫ്കേസ് വലുപ്പമുള്ള മൂത്ര പുനരുപയോഗ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിരിക്കുകയാണ്. ഈ സംവിധാനം ബഹിരാകാശ ദൗത്യങ്ങളില്‍ മനുഷ്യ മൂത്രത്തില്‍ നിന്ന് കുടിവെള്ളത്തെ വേർതിരിച്ചെടുക്കും. 30 മാസം നീണ്ടുനില്‍ക്കുന്ന ഒരു ബഹിരാകാശ ദൗത്യത്തിലെ കാലയളവില്‍ ഓരോ ക്രൂ അംഗത്തിനും 2,250 ലിറ്റര്‍ വെള്ളവും 1,359 കിലോഗ്രാം ഭക്ഷണവും വേണ്ടിവരുമെന്നും അവര്‍ 1,493 ലിറ്റര്‍ മൂത്രം പുറന്തള്ളുമെന്നും ഗവേഷകര്‍ കണക്കാക്കുന്നു.
''ബഹിരാകാശയാത്രികര്‍ക്കായി മാത്രം പേടകത്തിന്റെ മൊത്തത്തിലുള്ള ഭാരം വര്‍ദ്ധിപ്പിക്കുന്ന അധിക വസ്തുകള്‍ കയറ്റേണ്ടിവരും. സ്പേസ് ഷട്ടിലില്‍ ഓരോ കിലോ ഭാരം കൂടുമ്പോഴും ചെലവ് 25,000 ഡോളര്‍ മുതല്‍ 60,000 ഡോളര്‍ വരെ വര്‍ദ്ധിച്ചേക്കാം, ഇത് പ്രവര്‍ത്തനച്ചെലവിനെ നേരിട്ട് ബാധിക്കുന്നു,'' ഡോ അല്‍ക്ക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ മൂത്ര പുനരുപയോഗ സംവിധാനങ്ങള്‍ വളരെ വലുതും സങ്കീര്‍ണ്ണവുമാണ്. കൂടാതെ വളരെയധികം അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളതും ചെലവേറിയതുമാണ്.
പുറന്തളപ്പെട്ട മൂത്രം ഇതുവരെ പൂര്‍ണ്ണമായി റീസൈക്കിള്‍ ചെയ്തിട്ടില്ല. ''റീസൈക്ലിംഗ് സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള ഭാരം, വലുപ്പം, സങ്കീര്‍ണ്ണത എന്നിവ കുറയ്ക്കുന്ന ഒരു പരിഹാരമാണ് ഞങ്ങളുടെ ടീം നിര്‍ദ്ദേശിച്ചിരിക്കുന്നത്,'' ഡോ അരവിന്ദ് മന്‍ഗ്രേ പറഞ്ഞു, ഇത് മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യ മൂത്രത്തില്‍ ഏകദേശം 95% വെള്ളവും ബാക്കി 5% യൂറിയയും ഉള്ള മൈക്രോ, മാക്രോ ന്യൂട്രിയന്റുകളുമാണുള്ളത്. അതിനാല്‍ ബഹിരാകാശ സംഘത്തിന് ആവശ്യമുള്ള ജലത്തിന്റെ 60% ലധികം നല്കാന് പുറന്തള്ളുന്ന മൂത്രത്തിലൂടെ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ശേഷിക്കുന്ന മൂത്രം ഒരു ഹൈഡ്രോപോണിക് പ്രക്രിയയിലൂടെ ബഹിരാകാശ നിലയങ്ങളിലെ ഭക്ഷ്യ-അധിഷ്ഠിത സസ്യങ്ങള്‍ക്ക് വളമായി ഉപയോഗിക്കാനും സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.