കോവിഡ് മഹാമാരിയെ (Covid Pandemic) തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മിക്ക ഐടി ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം (Work From Home) ആരംഭിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് സാഹചര്യം മെച്ചപ്പെടുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രധാന ഐടി സ്ഥാപനങ്ങള്‍ ഹൈബ്രിഡ് പ്രവര്‍ത്തന രീതിയിലേക്ക് മാറുകയാണ്. ഈ സാഹചര്യത്തിൽ ജീവനക്കാര്‍ക്കായി ഒരു റിമോട്ട് വര്‍ക്കിംഗ് പോളിസി അവതരിപ്പിച്ചിരിക്കുകയാണ് ടിസിഎസ് (TCS). '25X25 മോഡല്‍' എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുക.
'ഞങ്ങള്‍ വരും മാസങ്ങളില്‍ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരും. സഹപ്രവര്‍ത്തകരെ ഓഫീസുകളിലേക്ക് മടങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഇരുന്ന് സ്ഥിരമായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഓഫീസുകള്‍ കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ നടപ്പിലാക്കിയ എല്ലാ പ്രോട്ടോക്കോളുകളും ഇപ്പോഴും പാലിക്കുന്നുണ്ട്'', ടിസിഎസ് അതിന്റെ വര്‍ക്ക് ഫ്രം ഹോം സ്റ്റാറ്റസിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
'25X25 മോഡല്‍'46 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എല്ലാ ഓഫീസുകളിലും ഊർജസ്വലരായ യുവ ജീവനക്കാരുടെ സാന്നിദ്ധ്യത്തിന് സാക്ഷ്യം വഹിക്കാൻ കമ്പനി കാത്തിരിക്കുകയാണെന്ന് ടിസിഎസ് പറയുന്നു. 25X25 മോഡല്‍ സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു. പുതിയ പദ്ധതി പ്രകാരം 25 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ക്ക് മാത്രമേ ഓഫീസിലെത്തി ജോലി ചെയ്യേണ്ടിവരൂ. ജീവനക്കാര്‍ക്ക് അവരുടെ സമയത്തിന്റെ 25 ശതമാനത്തിലധികം ഓഫീസില്‍ ചിലവഴിക്കേണ്ടി വരില്ലെന്നും ടിസിഎസ് വക്താവ് പറഞ്ഞു.
ടിസിഎസ് തങ്ങളുടെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം അയച്ച ഔദ്യോഗിക ഇമെയിലുകള്‍ പ്രകാരം, ആകെ ജീവനക്കാരുടെ നാലിലൊന്ന് പേർ മാത്രം ഓഫീസുകളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. '' ഒരു പ്രധാന ഭാഗം ആദ്യം ആളുകളെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരികയും ക്രമേണ ഹൈബ്രിഡ് വര്‍ക്ക് മോഡ് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് 25/25 മോഡലിലേക്കുള്ള മാറ്റത്തിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്'' എന്ന് ടിസിഎസ് സിഎച്ച്ആര്‍ഒ മിലന്ദ് ലക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു.
വര്ക്ക്സീറ്റുകള്അടിസ്ഥാന സൗകര്യങ്ങള്‍ പരിഷ്‌കരിച്ചും ഡിജിറ്റല്‍ സൗകര്യങ്ങള്‍ വിപുലമാക്കിയും കമ്പനി ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്. ലോകമെമ്പാടുമുള്ള ടിസിഎസ് ഓഫീസുകളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ വര്‍ക്ക് സ്‌പേസുകള്‍ പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ, കമ്പനി ഒക്കേഷണൽ ഓപ്പറേറ്റിംഗ് സോണുകളും (OOZs) ഹോട്ട് ഡെസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഏത് ഓഫീസിലും അവരുടെ സിസ്റ്റം പ്ലഗ് ഇന്‍ ചെയ്യാനും മറ്റു ജീവനക്കാരുമായി തല്‍ക്ഷണം ബന്ധപ്പെടാനും ഈ OOZകള്‍ ജീവനക്കാരെ അനുവദിക്കുന്നു. തങ്ങളുടെ ജീവനക്കാര്‍ ജോലിസ്ഥലത്തേക്ക് മടങ്ങിവരുന്നതില്‍ ആവേശം പ്രകടിപ്പിക്കുന്നുണ്ടെന്നും സഹപ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ എല്ലാ ജീവനക്കാരും ആഗ്രഹിക്കുന്നുവെന്നും ടിസിഎസ് വക്താവ് പറഞ്ഞു. ഈ ഹൈബ്രിഡ് മോഡല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഫ്ലെക്സിബിലിറ്റി നല്‍കുമെന്നും കമ്പനി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.