• HOME
  • »
  • NEWS
  • »
  • money
  • »
  • App for Lawyers | അഭിഭാഷകർക്ക് ജോലി എളുപ്പമാക്കാൻ ആപ്പ് വികസിപ്പിച്ച് പത്ത് വയസുകാരൻ

App for Lawyers | അഭിഭാഷകർക്ക് ജോലി എളുപ്പമാക്കാൻ ആപ്പ് വികസിപ്പിച്ച് പത്ത് വയസുകാരൻ

വൈറ്റ്ഹാറ്റ് ജൂനിയറില്‍ ഒരു വര്‍ഷമായി കോഡിംഗ് പാഠങ്ങള്‍ പഠിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ആപ്പ് കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ഒരു സ്‌കോളര്‍ഷിപ്പും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്.

  • Share this:
    അഭിഭാഷകനായ (Lawyer) പിതാവ് ജോലികൾ നേരത്തെ പൂര്‍ത്തിയാക്കി തന്നോടൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ച ഒരു പത്തുവയസ്സുകാരന്റെ ചിന്തകള്‍ പോയത് ഏത് വഴിക്കാണെന്ന് അറിഞ്ഞാല്‍ നിങ്ങൾ അമ്പരന്നുപോകും. പിതാവിന്റെ ജോലി എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ ഈ കുട്ടി ഒരു ആപ്ലിക്കേഷന്‍ (Application) വികസിപ്പിക്കുകയാണ് ചെയ്തത്. ആ കൊച്ചുമിടുക്കന്റെ ആപ്പ് ഇപ്പോള്‍ അഭിഭാഷകരെയൊന്നാകെ സഹായിക്കുന്ന തരത്തിലേക്ക് വളര്‍ന്നു. കനിഷ്‌കര്‍ ആര്‍ എന്ന പത്തുവയസ്സുകാരനാണ് അഭിഭാഷകര്‍ക്ക് അവരുടെ ക്ലയന്റുമായി ബന്ധപ്പെട്ട വിവരങ്ങളും കേസിന്റെ വിശദാംശങ്ങളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന 'ഇ-അറ്റോര്‍ണി' (e-attorney) എന്ന ആപ്പ് സൃഷ്ടിച്ചത്. ഈ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് സൈന്‍ ഇന്‍ ചെയ്യാനും ക്ലയന്റ് ഡോക്യുമെന്റുകള്‍ ചേര്‍ക്കാനും കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എളുപ്പത്തില്‍ സൂക്ഷിക്കാനും കഴിയുമെന്ന് കുട്ടി അവകാശപ്പെടുന്നു.

    പത്തുവയസുകാരന്‍ സൃഷ്ടിച്ച ആപ്പ് ഇതുവരെ 500-ലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു. ''ജോലി കാരണം അച്ഛന്‍ എപ്പോഴും തിരക്കിലാണ്. അദ്ദേഹത്തിന്റെ ജൂനിയര്‍മാരും ഗുമസ്തന്മാരും മിക്കപ്പോഴും രേഖകള്‍ തിരഞ്ഞുപിടിച്ച് ക്രമീകരിക്കുന്നത് ഞാന്‍ നിരീക്ഷിച്ചിരുന്നു. പലപ്പോഴും അത് അച്ഛന്റെ ജോലി കൂടുതല്‍ വൈകിപ്പിച്ചു. അദ്ദേഹം തുടര്‍ച്ചയായി ആളുകളുമായി ഇടപഴകുകയും രേഖകളും തെളിവുകളും ശേഖരിക്കുകയും കേസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യാറുണ്ട്. അച്ഛന്‍ ജോലി കഴിഞ്ഞ് ദിവസവും നേരത്തെ വീട്ടിലേക്ക് വരണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഓഫീസിലെ അഭിഭാഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു ആപ്പ് വികസിപ്പിക്കാനുള്ള പ്രചോദനം ലഭിച്ചത്'', കനിഷ്‌കര്‍ വ്യക്തമാക്കി.

    വൈറ്റ്ഹാറ്റ് ജൂനിയറില്‍ ഒരു വര്‍ഷമായി കോഡിംഗ് പാഠങ്ങള്‍ പഠിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ആപ്പ് കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ഒരു സ്‌കോളര്‍ഷിപ്പും അവന് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. തന്റെ പഠനവും കോഡിംഗ് ക്ലാസുകളും ഒരുമിച്ച് കൊണ്ടുപോകാന്‍ സഹായിച്ചത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാരണമെന്ന് കനിഷ്‌കര്‍ പറയുന്നു. കനിഷ്‌കറിന്റെ മാതാപിതാക്കള്‍ പിആര്‍കെ ഓണ്‍ലൈന്‍ സൊല്യൂഷന്‍സ് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രോട്ടോടൈപ്പ് ഘട്ടത്തില്‍ നിന്ന് അഭിഭാഷകര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വെബ് ആപ്ലിക്കേഷനായി ഇ-അറ്റോര്‍ണി ആപ്പ് കൂടുതല്‍ പരിഷ്‌ക്കരിക്കാന്‍ ഒരു പ്രൊഫഷണല്‍ ടെക് ടീമിനെ കമ്പനിയില്‍ നിയമിക്കുകയും ചെയ്തു.

    നിലവില്‍, ബെംഗളൂരുവിലെ വിബ്ജിയോര്‍ ഹൈസ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കനിഷ്‌കര്‍ കോഡിംഗില്‍ അതീവ തത്പരനാണ്. തന്റെ ഒഴിവുസമയങ്ങളില്‍ നീന്താനും ക്രിക്കറ്റ് കളിക്കാനും പുസ്തകങ്ങള്‍ വായിക്കാനും ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാനുമാണ് അവന്‍ ഇഷ്ടപ്പെടുന്നത്.

    കനിഷ്‌കറിന്റെ അമ്മയായ പൂരണി എം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിട്ടുണ്ട്. കൂടാതെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഗണിതശാസ്ത്ര അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാവിയിൽ ഒരു സംരംഭകനാകാനും ഒരു മള്‍ട്ടിനാഷണല്‍ കോംപ്ലോമറേറ്റ് ബിസിനസ്സ് നടത്താനുമാണ് ആഗ്രഹമെന്ന് കനിഷ്‌കര്‍ പറയുന്നു.
    Published by:Sarath Mohanan
    First published: